ഇതിലേ വന്നു പോയവര്‍

Saturday, March 17, 2012

ഒരു മദ്യപാനവും ,കുറെ സ്മാര്‍ത്ത വിചാരികളും

മുന്നറിയിപ്പ്: 


എന്‍റെ മുന്‍കാല പോസ്റ്റുകളില്‍ ഒന്നില്‍ എഴുതിയ പോലെ ഇതു ഒരു 'സംഭവ' കഥ എന്നൊക്കെ പറയാം.....എന്നാല്‍ വായിച്ചുകഴിയുമ്പോള്‍  ഇതില്‍  യാതൊരു വിധ സംഭവങ്ങളും ഉണ്ടായിരുന്നില്ല    എന്ന് മാന്യ വായനക്കാരന് തോന്നിയാല്‍ അദേഹത്തിന് ഉണ്ടായ സമയ നഷ്ടത്തിനും മാനഹാനിക്കും ഒന്നും ഞാന്‍ ഉത്തരവാദി അല്ല എന്ന് സദയം പറഞ്ഞു കൊള്ളട്ടെ....

 ഒപ്പം  ഇതു മദ്യത്തെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ ആയതിനാല്‍  ഇതു വായിച്ചു  ആരും വഴിതെറ്റിപ്പോകാതെ ഇരിക്കാന്‍ "മദ്യപാനം  ആരോഗ്യത്തിനു ഹാനികരം" എന്നു  ഒരു  അറിയിപ്പും കൂടി കൂടെ ചേര്‍ക്കുന്നു....പരസ്യം   കണ്ടു  " വയ്കിട്ടെന്താ  പരിപാടി എന്ന് ചോദിച്ചു  മക്കള്‍ വഴിപിഴച്ചുപോയി  എന്ന് സദാചാരവാദികള്‍  കരയുകയും,പ്രതിഷേധിക്കുകയും  ചെയ്തപോലെ ,എന്‍റെ പോസ്റ്റ്‌ വായിച്ചു ആരെങ്കിലും  കിറുങ്ങി പോയാല്‍  അതിനും  ഞാന്‍  ഉത്തരവാദിയല്ല.......

ഇനി ഒക്കെ നിങ്ങളുടെ വിധി......


പ്രവാസ ജീവിതത്തിന്‍റെ  സമ്മാനമായ ഈ 'നൊസ്റ്റാള്‍ജിയ"  എന്ന അതിഭീകര  അസുഖത്തിന്‍റെ ഒരു ചെറിയ  വാങ്ങല്‍  ഒക്കെ എനിക്കും ഇല്ലാതില്ല.....പണ്ടേ  പ്രവാസി ആയ  ചില നാട്ടു വൈദ്യന്മാര്‍  ഉപദേശിച്ചതും .അവര്‍ ഉപയോഗിച്ച്  വിജയിപ്പിച്ചതുമായ ഒന്നാണ് ഈ 'ലഹരി' എന്നൊക്കെ  സ്റ്റൈലില്‍  വിളിക്കുന്ന നമ്മുടെ കളള്....അതെ ...സംശയിക്കണ്ട ...ലവന്‍ തന്നെ...'കളര്‍'. എന്നും  'പട്ട'  എന്നും 'വാററ്' എന്നും പലപേരുകളില്‍  ,പല രൂപങ്ങളില്‍ ,പല നാടുകളില്‍ ..എന്തിനേറെ  ഈ ഭൂതലം ഒട്ടാകെ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ  "കുപ്പി."......

അപ്പൊ ഈ കഥയിലെ  കഥാനായിക , പതിവുപോലെ  എന്‍റെ ഭാര്യ (വെറുതെ അല്ല ഭാര്യ എന്ന് ഇതു വായിച്ചുകഴിയുമ്പോള്‍ നിങ്ങള്ക്ക് മനസിലാകും) തന്നെ  ആണ്....എല്ലാ മലയാളികളെയും  പോലെ ഞാനും  എന്‍റെ വിശ്രമവേളകള്‍  ആനന്ദകരം ആക്കാന്‍  അല്പസ്വല്പം  (ഭാര്യ ഉള്ളത് കൊണ്ട് ആണ് ഈ അല്പസ്വല്പം )  മരുന്ന്  വാങ്ങി വയ്ക്കുകയും  ,അവധി ദിവസം  ആഘോഷിക്കാന്‍  എന്ന പേരിലാണ് വാങ്ങുന്നതെങ്കിലും , മിക്ക ദിവസവും ഓരോ കാരണങ്ങള്‍ ഉണ്ടാക്കി  അത് അല്പാല്പമായി സേവിക്കുകയും ചെയ്യും...കാരണങ്ങള്‍ പലതുമാവാം....ജോലിയിലെ ടെന്‍ഷന്‍ , കൂട്ടുകാരന്‍റെ  വിഷമം,സച്ചിന്‍ സെഞ്ചുറി അടിച്ചു,ഇന്ത്യ  തോറ്റു, അമ്മ കരഞ്ഞു, അപ്പന്‍ ചിരിച്ചു,അവള്‍ ആണെങ്കില്‍ എത്രയൊക്കെ ഞാന്‍ അഭിനയിച്ചാലും  അവാര്‍ഡു തരില്ല എന്ന വാശിയിലും....ആകെ ഉള്ളത് ഒരു സ്റ്റുഡിയോ ഫ്ലാറ്റ്‌ ആണ്. അപ്പൊ ഇവനെ ഒളിച്ചു വയ്ക്കാന്‍ സ്ഥലമില്ല...തന്നെയുമല്ല എവിടെ  ഒളിച്ചു വച്ചാലും  അവള്‍ സുരേഷ് ഗോപിയെ പോലെയാണ്......"കണ്ടുപിടിച്ചുകളയും"..ഹാ..... 
എന്‍റെ ഈ ഒളിച്ചു വയ്ക്കലും ,അവളുടെ കണ്ടു പിടിക്കലും കളി  ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ലെന്നു  തോന്നിയത് കൊണ്ട് പിന്നെ ഞാന്‍ കണ്ടുപിടിച്ച  വഴിയാണ് ആയുധം  വച്ച് കീഴടങ്ങുകയും, പിന്നെ അഭിനയിച്ചു  സെന്റി വര്‍ക്ക്‌ഔട്ട്‌  ചെയ്യിപ്പിച്ചു കുപ്പി  തിരികെ  വാങ്ങികയും ചെയ്യുക എന്നത്.... അതില്‍  അവള്‍ വീഴുകയും ചെയ്യുമായിരുന്നു.....എന്നെകിലും  ഞാന്‍ ഒരു നടനായാല്‍  (ചുമ്മാ പേടിപ്പിക്കാന്‍ പറഞ്ഞതാ) എന്‍റെ അഭിനയത്തിന്‍റെ  കളരി എന്‍റെ  വീട് തന്നെ ആണെന്ന് പറയേണ്ടി വരും...... അപ്പൊ  പറഞ്ഞു വന്നത്,..ഈ അഭിനയക്കളരി  അങ്ങനെ നീണ്ടു പോകവേ, എന്‍റെ എല്ലാ  പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് പെട്ടെന്ന്  എന്‍റെ  ഒരു അവധി ദിനത്തിന്‍റെ  തലേന്ന് അവള്‍ക്കു ബോധോദയം  ഉണ്ടായി.....പിറ്റേന്ന്  അവധി ആയതുകൊണ്ടും ,ആഘോഷിക്കാം എന്ന് ഉള്ളത് കൊണ്ടും  ജോലി കഴിഞ്ഞു  ചാടിത്തുള്ളി വീട്ടില്‍ എത്തിയ എന്‍റെ എല്ലാ സ്വപ്നങ്ങളെയും  തകിടം മറിച്ചു കൊണ്ട്,ആ പ്രഖ്യാപനം  ഉണ്ടായി...." രണ്ടു ദിവസം മുന്നേ  നാട്ടിലെ  അമ്മാവന്  നെഞ്ചുവേദന വന്നു ആശുപത്രിയില്‍ ആണെന്ന്  കള്ളം പറഞ്ഞ്  ,അതിന്റെ വിഷമത്തിന് എന്നോട് രണ്ടു പെഗ്ഗ്  വാങ്ങിയില്ലേ...ഇനി തരില്ല...ഈ ആഴ്ച  ഇനി കിട്ടും എന്ന് വിചാരിക്കുകയും വേണ്ടാ......." അത്തവണത്തെ  അവാര്‍ഡു കമ്മിറ്റിയുടെ മുന്നില്‍ എന്‍റെ യാതൊരുവിധ  വേഷങ്ങളും ഫലിച്ചില്ല.....

( ഈ രണ്ടു പെഗ്ഗ് എന്നൊക്കെ ഞാന്‍ പറയുമ്പോള്‍  സര്‍വലോക കുടിയന്മാര്‍ കരുതും ഞാന്‍ അവരുടെ സംഘടനയ്ക്ക്  തന്നെ അപമാനം ആണെന്ന്....എന്നാല്‍ ഞാനും ഒരു മലയാളി അല്ലേ കൂട്ടുകാരാ....നമ്മുക്ക് തന്ന അത്രയും കുരുട്ടു ബുദ്ധി വേറെ ഏതെങ്കിലും നാട്ടുകാര്‍ക്ക് ദൈവം കൊടുത്തിട്ടുണ്ടോ? ഈ മുന്‍പ് പറഞ്ഞ രണ്ടു പെഗ്ഗ് കഴിക്കാന്‍ വേണ്ടി കുപ്പി ഇരിക്കുന്ന സ്ഥലം  അവള്‍ കാണിച്ചു തരും... ഇങ്ങനെ ഉള്ള സാഹചര്യങ്ങളില്‍ നമ്മള്‍ പതറരുത്  എന്നാണു  എനിക്ക് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  ആദ്യ  പെഗ്ഗ് ഒഴിച്ചു തന്ന എന്‍റെ  അമ്മാവന്‍ പറഞ്ഞു തന്നത്....വീട്ടിലെ  ഗ്ലാസുകളുടെ  കണക്കില്‍ പെടാത്ത ഒരു ഗ്ലാസ്‌ ,ഞാന്‍ കുളിമുറിയില്‍ ഇരിക്കുന്ന  വാഷിംഗ് മെഷീനിന്റെ  പിറകില്‍  ഒളിച്ചു   വച്ചിട്ടുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് പ്രസ്തുത കുപ്പി ഒളിപ്പിച്ചു കടത്തി ,കുളിമുറിയിലെ ഗ്ലാസ്‌ നിറയ്ക്കുകയും ,അടിക്കുകയും ചെയ്യും. അപ്പൊ ഔദ്യോകികമായ രണ്ടു പെഗ്ഗ്  കഴിയുമ്പോഴേയ്ക്കും  ഞാന്‍ അനൌദ്യോകികമായി  ഒരു മൂന്നെണ്ണം കൂടി അകത്താകിയിട്ടുണ്ടാവും.....ഇനി പറ.....ഞാന്‍ നിങ്ങള്ക്ക് അപമാനം ആണോ സഹയാത്രികാ?????)  

ഇനി പറഞ്ഞു വന്ന ദിവസത്തിലേയ്ക്ക്  തിരിച്ചു പോകാം...അത്തവണത്തെ  എന്‍റെ  ശോകാഭിനയം ഒന്നും ഫലിച്ചില്ല എന്ന് പറഞ്ഞല്ലോ???? നോക്കാവുന്നിടത്തെല്ലാം  ഞാന്‍ നോക്കി..പക്ഷെ അവള്‍ ഒളിപ്പിച്ചു വച്ച കുപ്പി കണ്ടുപിടിക്കാന്‍  ഞാന്‍ അല്ല ,സേതുരാമയ്യര്‍  വന്നാലും നടക്കില്ലെന്ന അഹങ്കാരം മുഖത്ത് എഴുതി ഒട്ടിച്ചു നില്‍ക്കുന്ന അവളോട്‌  അപേക്ഷിക്കാന്‍  എന്‍റെ അഭിമാനം സമ്മതിക്കുന്നുമില്ല......അങ്ങനെ  ആറു മണി ഏഴായി,എട്ടായി, എട്ടര ആയി....ഒരു സ്റ്റുഡിയോ ഫ്ലാറ്റില്‍  ഇതില്‍ ഏറെ  ഇനി എവിടെ തിരയാന്‍?????.ഇപ്പോ ,ഓസ്ട്രേലിയന്‍ പര്യടനം കഴിഞ്ഞു ഹതാശരായി  തിരിച്ചു വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പോലെ ഞാനും ,ശ്രീശാന്തിനെ  തല്ലിയ ഹര്‍ഭജനെ പോലെ അവളും.നിലകൊണ്ടു .....അവസാനം ഒരു ഒന്‍പതു മണി ആയപ്പോ അന്നത്തെ എന്‍റെ പ്രയത്നങ്ങള്‍  ഏറെക്കുറെ അവസാനിപ്പിച്ച് കുളിക്കാന്‍ ഞാന്‍ തീരുമാനിച്ചു കുളിമുറിയില്‍ കയറി....കുളിമുറിയിലെ ഒളിപ്പിച്ചു വച്ച  ഗ്ലാസ്സിനെ പറ്റി അറിയാത്തത് കൊണ്ടും , ഗ്ലാസില്ലാതെ  അടിക്കാന്‍ പറ്റില്ല എന്ന് അവള്‍ക്കു അറിയാം എന്നുള്ള അഹങ്കാരം കൊണ്ടും അവള്‍ ഒന്നും പറഞ്ഞില്ല....

കുളി തുടങ്ങിയ ഞാന്‍.....  ഒരു  കര്‍ഷകന്‍,   ചത്തുപോയ  തന്‍റെ  പശുവിനെ  നോക്കി  കരയുന്നത് പോലെ , അവളുടെ  അഹന്തയ്ക്ക് മേല്‍  എന്‍റെ അഭിമാനമായി നിലകൊള്ളുന്ന ആ  ഗ്ലാസ്സെങ്കിലും  കണ്ടു തൃപ്തിയടയാം  എന്ന് കരുതി  വാഷിംഗ്  മെഷീന്‍  പതിയെ നീക്കി ...ഈ  തടികുറയ്ക്കാന്‍  ഉള്ള മരുന്നിന്റെ ഒക്കെ പരസ്യത്തില്‍ പറയും പോലെ ,എനിക്ക് എന്‍റെ കണ്ണുകളെ  വിശ്വസിക്കാന്‍ ആയില്ല.........അതെ .......മുടിയനായ  പുത്രന്‍ തിരിച്ചു വന്ന അപ്പന്റെ സന്തോഷത്തെക്കാള്‍  അപ്പോഴത്തെ നിമിഷത്തില്‍ ഞാന്‍  സന്തോഷിച്ചിട്ടുണ്ടാവും....എന്‍റെ  കാണാതെ പോയെന്നു  അവള്‍ പറയുന്ന  'കളള് കുപ്പി 'അവള്‍ ഒളിപ്പിച്ചു വച്ചതും  അതെ വാഷിംഗ്  മെഷീന്റെ  പിറകില്‍ തന്നെ ആയിരുന്നു....ഈ കള്ളത്തരം  കാണിക്കുമ്പോള്‍  ലൈറ്റ്  ഇടാറില്ല  എന്നത് കൊണ്ട് തന്നെ ആ കുഞ്ഞു ഗ്ലാസ്‌  അവിടെ ഇരിക്കുന്നത്  അവളും  കണ്ടിട്ടുണ്ടാവില്ല .....

അന്ന് കുളിക്കാന്‍ പതിവിലേറെ  സമയം എടുത്തു  എന്നതിന്റെ പേരില്‍  ഒരു പെറ്റികേസ്  എങ്കിലും  ചാര്‍ജു  ചെയ്യും എന്ന് ഞാന്‍ കരുതി  എങ്കിലും , ആഗ്രഹിച്ചപ്പോള്‍  കുടിക്കാന്‍ കഴിയാതിരുന്ന ഒരു പാവം മലയാളിയുടെ  നിസ്സഹായ അവസ്ഥ ഓര്‍ത്തു അവള്‍  എന്നെ നിരുപാധികം വെറുതെ വിട്ടു.....ശേഷം...എന്നെ  തോല്‍പ്പിച്ച  സന്തോഷത്തില്‍  അവളും , അടുത്ത ദിവസം  എന്ത് വേഷം കെട്ടും  എന്നോര്‍ത്ത് ഞാനും   സുഖ നിദ്രയിലേക്ക്.....


ശുഭം...........


14 comments:

  1. നര്‍മ്മം നന്നായി...

    ഈ ഫോണ്ട് ബോള്‍ഡ് മാറ്റിയാല്‍ ഉപകാരം

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ....പക്ഷെ ഞാന്‍ ടൈപ്പ് ചെയ്തത് ബോള്‍ഡില്‍ അല്ല...പോസ്റ്റിലെ ബോള്‍ഡ്‌ ലെറ്റേര്‍സ് എങ്ങനെയാ മാറ്റുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ?? ഞാന്‍ ട്രൈ ചെയ്തു...ശരിയായില്ല..

      Delete
  2. Replies
    1. നന്ദി...സലില്‍ ഭായ്.....ഇതു സലില്‍ ഭായിക്ക് ഡെഡിക്കേറ്റ് ചെയ്യുന്നു....

      Delete
  3. ഒരു കര്‍ഷകന്‍ ചത്തുപോയ തന്‍റെ പശുവിനെ നോക്കി കരയുന്നത് പോലെ..
    ഇത് തുടങ്ങുകയും തുടരുകയും ചെയ്യുന്ന വരികളില്‍ കോമയുടെ ആധിക്യം കാണാം,
    എന്നാല്‍ കോമ അത്യാവശ്യമായും ഇങ്ങനെ ആയിരിക്കണം-“ഒരു കര്‍ഷകന്‍, ചത്തുപോയ തന്‍റെ പശുവിനെ നോക്കി കരയുന്നത് പോലെ..”

    ....
    മദ്യപാനം, ചില അസുഖങ്ങള്‍ ഇതൊന്നും ബ്ലോഗില്‍ എഴുതരുത്.
    അഥവാ എഴുതിയാല്‍ കമന്റരുത്
    അഥവാ കമന്റിയാല്‍ നന്നായീന്ന് പറയരുത്
    പറഞ്ഞാല്‍ എഴുത്തുകാരെ വഴിതെറ്റിക്കുമെന്നാണ് ഇന്നലെ വരെ (ഇന്നത്തെ കാര്യം അറീല്ല) കുഞ്ചന്‍ നമ്പ്യാര്‍ പറഞ്ഞത്.

    അഭിനവകുഞ്ചന്‍ നമ്പ്യാരോട് പോയ് പണി നോക്കാന്‍ പറയ്,
    കള്ളുകുടിക്കാന്‍ പറ്റാത്തതിന്റെ ഏനക്കേട് കുറച്ചൊക്കെ രസകരമായ് പറഞ്ഞു..

    ReplyDelete
    Replies
    1. നന്ദി നിശാസുരഭി.......ഇനി എഴുതുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കാം.....
      അഭിപ്രായങ്ങള്‍ക്ക് നന്ദി......ബോര്‍ ആക്കിയെങ്കില്‍ ക്ഷമിക്കുക...

      Delete
  4. design >> template design >> advanced >> page...
    then shows the settings such as font type, size, bold, italics, colour, etc..

    ഒന്ന് ട്രൈ ചെയ്യു

    ReplyDelete
    Replies
    1. @ Nishaasurabhi:- നന്ദി ....വെറും തുടക്കക്കാരന്‍ എന്ന നിലയ്ക്ക് ഇനിയും ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ ഉണ്ട്.....ഇനിയും ഈ വഴി പ്രതീക്ഷിക്കുന്നു....

      @Khaadu:- ഫോണ്ട് ഇപ്പോള്‍ ശരിയായില്ലേ ഖാദൂ.......

      Delete
    2. മാഷേ....ഇത്തിരി സൈസ് കൂടി കൂടട്ടെ... ഒരു 18 അല്ലേല്‍ 20 ആയിക്കോട്ടെ...

      Delete
  5. അപ്പൊ ടച്ചിങ്ങ്സ് ഒന്നും ഇല്ലായിരുന്നു അല്ലെ കഷ്ടമായിപ്പോയി

    ReplyDelete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി