ഇതിലേ വന്നു പോയവര്‍

Thursday, November 27, 2014

അച്ഛന്റെ (കള്ളന്‍റെ) മകള്‍ .........


ഴ തല്ലിയലച്ചു വീണുറങ്ങിയ അതേ കുന്നിന്‍റെ  അടിവാരത്തേയ്ക്കുള്ള  വഴിയിലൂടെയാണ് അച്ഛന്‍ അവസാനമായി സൈക്കിളുമായി പോയത്. വീണ് മുട്ട് മുറിഞ്ഞതിനു ഏങ്ങിക്കരയുന്ന ഒരു പെറ്റിക്കോട്ടുകാരിയെ പോലെ ,ഏങ്ങിക്കരയുന്ന ഒരു മഴയ്ക്കൊപ്പമാണ് തിരികെ വന്നതും.ഒരു കുറിയ വെള്ളമുണ്ടിന്‍റെ അളവുകള്‍ക്കുള്ളില്‍ ഇനിയൊന്നും അറിയേണ്ടാതെ ,ഒന്നും അലട്ടാതെ മരിച്ചു മരച്ചു കിടക്കുന്ന അച്ഛനെ നോക്കിയിരിക്കവേ, തലയ്ക്കലെ എരിഞ്ഞു തീരാറായ ചന്ദനത്തിരിയുടെ പുക മെനഞ്ഞ ചെറുതും വലുതുമായ നേര്‍ത്ത രൂപങ്ങള്‍ പോലെ കാലവും ഓര്‍മ്മകളും വെളുത്തുമങ്ങിയ രൂപങ്ങളായി മെല്ലെ ഉയര്‍ന്നു വട്ടം ചുറ്റി പുറത്തേയ്ക്ക് മെല്ലെ പറന്നു.ഒടുവിലൊരുപിടി ചാരം മാത്രം മനസ്സില്‍ വീണുകിടന്നിരുന്നു... ഒട്ടും സുഗന്ധമില്ലാതെ ....
മരണം കാണാനെത്തിയവര്‍ക്കൊപ്പം  ഇടമില്ലാഞ്ഞിട്ടാവണം, പുറത്തെ ജനാലയിലൂടെ എത്തിനോക്കാന്‍ ശ്രമിച്ച കാറ്റിന്‍റെ തള്ളലില്‍, ഒരുകുടന്ന മഴപ്പൂക്കള്‍ ജനാലക്കമ്പിയിലിടിച്ചു ചില്ലുകളായി ചിതറി വീണു മുഖം മുറിച്ചു.ഇറ്റു തണുപ്പവശേഷിപ്പിച്ച് അവ ഒഴുകിയിറങ്ങവേ, അല്‍പ്പം അമ്പരപ്പോടെ ഓര്‍ത്തു.തലേന്ന് രാത്രി അച്ഛന്റെ കണ്ണുകളില്‍ നിന്നും ഒഴുകി ഇറങ്ങിയതും ഇതേ ചില്ലുകളായിരുന്നില്ലേ? ചൂടായിരുന്നില്ല അതിന്.. തണുപ്പ്.. വെറും നിര്‍വികാരതയുടെ തണുപ്പ് ...അല്ലെങ്കില്‍ നിസ്സഹായതയുടെ തണുപ്പ്.
തലേന്ന് രാത്രി.... ഉറക്കത്തിന്‍റെ ആധിക്യത്തില്‍ ഭൂമിയുടെ മേലെ നിന്നും രാത്രിയുടെ കരിമ്പടം ഏറെക്കുറെ ഊര്‍ന്നു വീണിരുന്നു. അത്ര വൈകിയ സമയത്തും ഒരു കരച്ചിലിന്‍റെ ചീള് കാതില്‍ വന്നു പതിച്ചതും, ശരീരം ഏങ്ങി വലിക്കുന്നതും അറിഞ്ഞാണ് ഞെട്ടി ഉണര്‍ന്നത്. പാതിയോളമെരിഞ്ഞുകെട്ടുപോയ ഉറക്കത്തിന്‍റെ അമ്പരപ്പിലും അച്ഛന്റെ കൈകള്‍ തന്നെ ചേര്‍ത്ത് പിടിച്ചിരിക്കുന്നതും , ആ ഉടല്‍ വല്ലാതെ ഏങ്ങിവലിക്കുന്നതും അറിഞ്ഞു.മുറിഞ്ഞ നെഞ്ചിന്‍റെ കഷണങ്ങള്‍ എന്നോണം കണ്ണീരൊഴുകിവീണ്കഴുത്തും, മുഖവും നൊന്തു. സഹിക്കാനാവാത്ത വേദനയിലെന്നോണം രണ്ടു കുഞ്ഞരുവികള്‍ ഉരുകിയൊലിച്ചു മുഖത്തേയ്ക്കു വീണ്,അവിടെയത് വേറൊന്നില്‍ ലയിച്ച്  ഒറ്റയരുവിയായി കടലിലേയ്ക്ക് എന്നോണം പാഞ്ഞിറങ്ങി."അച്ഛാ" എന്നൊന്ന് വിളിക്കാന്‍ തുനിഞ്ഞെങ്കിലും ,പുറത്തെ മഴയുടെ ധൃതിപ്പെയ്ത്തിന്‍റെ  മേളപ്പെരുക്കത്തിനൊപ്പം എത്താനാവാതെ എന്‍റെ ഒച്ച തളര്‍ന്നു വീണു വിങ്ങി. ഏങ്ങിയുലഞ്ഞ്,അടര്‍ന്നടര്‍ന്ന്‍,ഒരു കരിങ്കല്ല്  ഉരുകിത്തീരുന്നത്  ഒന്നും മനസ്സിലാവാതെ, തടയാനാവാതെ ഞാന്‍ കണ്ടു കിടന്നു. അവസാനം ,ഉരുകിയുരുകി ഉറഞ്ഞ ലാവയില്‍ ,ചോദിക്കാനാഞ്ഞ ചോദ്യം ഒളിപ്പിച്ച് ഞാനും മെല്ലെ ഒരു മയക്കത്തിലേയ്ക്ക് തെന്നി നടന്നു ..

പിറ്റേന്ന്....
നനവു പൂണ്ട് ഉണരാന്‍ മടിച്ചു നില്‍ക്കുന്ന പുല്‍നാമ്പുകള്‍ക്ക്‌ മേലെ പുലരി നീര്‍ത്തിയ വെയില്‍പ്പുതപ്പിനുള്ളില്‍ ഗ്രാമം ഉണരാന്‍ മടിച്ചു ചുരുണ്ടുകിടന്നു. വെയില്‍ പരന്നു തുടങ്ങുമ്പോഴേയ്ക്കും അച്ഛന്‍ പതിവുപോലെ തയ്യാറായി വന്നു. ദിനചര്യയുടെ ഭാഗമെന്നോണം നന്നേ തുടച്ചു മിനുക്കിയ സൈക്കിളിനു ഒപ്പം ,ഒരു ചെറിയ നൊമ്പരപ്പുഞ്ചിരി സമ്മാനിച്ച്,ഒന്നും പറയാതെ, നോക്കാന്‍ ശക്തിയില്ലാത്തപോലെ  മെല്ലെ നടന്നു പടിയിറങ്ങുന്ന അച്ഛനെ നോക്കി നിന്നപ്പോഴാണ് സൈക്കിളിനു മുന്നില്‍ സഞ്ചി ഇല്ലെന്നു കണ്ടത്.
"അച്ഛാ.... അച്ഛന്‍ ചോറെടുക്കാന്‍ മറന്നു".. വിളിച്ചു പറഞ്ഞത് കേട്ടു എന്ന് തോന്നിയില്ല. എന്നിട്ടും  വീണ്ടും നാലു ചുവടുകള്‍ കൂടി നടന്ന ശേഷം നിന്ന് ,പതിയെ സൈക്കിള്‍ സ്ടാന്റില്‍ വച്ചു അടുത്തേയ്ക്ക് വന്ന് എന്‍റെ മുഖം കൈകളില്‍ കോരി എടുക്കുമ്പോള്‍ കണ്ണുകള്‍ തുളുമ്പുന്നത്  ഞാന്‍ കണ്ടു. നനഞ്ഞ വാക്കുകള്‍ മൌനത്തെ മുറിച്ചു.
             "അച്ഛന് ഇനി ചോറ് കൊണ്ടോവണ്ടാ. അച്ഛന്‍ ഇന്ന് ജോലിക്കും പോണില്ല്യ.ഇനി നിന്നെ തനിച്ചാക്കി പോവേണ്ടിവരുകയുമില്ല.പക്ഷെ നാളെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീയ്.....നീയ്  ഒന്നറിയണം.അച്ഛന്‍ ഇതുവരെ ആരുടേയും കണ്ണീരിന്‍റെ  വില കൊണ്ട് നെന്നേ ചോറൂട്ടിയിട്ടില്ല്യാ.അച്ഛന്‍ ആരുടേയും ഒന്നും എടുത്തിട്ടുമില്ല്യ. അത്രയും,അത്രയും നീ അറിഞ്ഞാല്‍ മതി. നീയെങ്കിലും അറിഞ്ഞാല്‍ മതി.മറ്റാരും എന്തും പറഞ്ഞോട്ടെ.
മുഖം തുടച്ച കൈത്തലം നെറ്റിയില്‍ ചേര്‍ത്ത്  വാനത്തെ ചൂഴ്ന്നു നോക്കിയെന്നോണം മുകളിലേക്ക് നോക്കി പറഞ്ഞു. "മഴ ഇനീണ്ടാവും. പൊയ്ക്കോ അകത്ത്, നനയണ്ടാ. "

പിന്നെ സൈക്കിള്‍ മെല്ലെയൊന്നു ചരിച്ച്, ഒരു മൃദു സ്പര്‍ശത്തില്‍  ഇടതു കാല്‍ പെഡലില്‍ കുരുക്കി ,പൊടുന്നനെ ഇടത്തേയ്ക്കൊരു പാളലില്‍  ഒരു കുതിരയെ എന്നോണം അതിനെ വരുതിയിലാക്കി ,ആര്‍ത്തലച്ചു താഴ്വാരത്ത് മഴയെ വിളിക്കാന്‍ പോയ ഒരു കാറ്റിനൊപ്പം പോയി.കുന്നിന്‍റെ അടിവാരത്തെയ്ക്കുള്ള വഴിയിലൂടെ .ഇനിയൊരു ചോദ്യത്തിനും ഇടനല്‍കാതെ. എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരമെന്നോണം........................


**************************************************************



2 comments:

  1. അച്ഛന്റെ കഥ കൊള്ളാം കേട്ടോ.

    ReplyDelete
    Replies
    1. നന്ദി അജിത്‌ ഭായ് ... എന്നത്തേയും പോലെ ആദ്യം തന്നെ തരുന്ന കറയില്ലാത്ത ഈ പ്രോത്സാഹനത്തിന് ...

      Delete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി