ഇതിലേ വന്നു പോയവര്‍

Tuesday, January 8, 2013

ഒരു ക്രിസ്തുമസ് സമ്മാനം : അമ്മയ്ക്ക് ..

നേരം വെളുത്തു വരുന്നതെ ഉള്ളൂ.
ഇന്ന് ക്രിസ്തുമസാണ്.മനുഷ്യരാശിയുടെ വേദനയും പാപങ്ങളും അകറ്റാന്‍ ദൈവപുത്രന്‍ പിറന്ന നാള്‍.. അതുകൊണ്ടായിരിക്കണം വഴിമോടിപിടിപ്പിക്കാന്‍ പാകിയ കൂര്‍ത്ത കല്ലുകള്‍ക്ക് മുകളിലൂടെ  അതിവേഗം നടന്നിട്ടും അല്പവും വേദന തോന്നാത്തത്. അടച്ചിട്ട റെയില്‍വേ ഗേറ്റിനരികില്‍ കാത്തുനില്‍ക്കുമ്പോള്‍ മാറത്തടുക്കിപ്പിടിച്ച പൊതിക്കെട്ട് അവര്‍ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു.ഇതുപോലെ അദൃശ്യമായ ഏതോ ഒരു ഗേറ്റിലാണ് തന്‍റെ ജീവിതവും എത്തിപ്പെട്ടു വഴിമുട്ടി നില്‍ക്കുന്നതെന്ന് അവര്‍ക്ക് തോന്നി.
                         തുറന്ന ഗേറ്റിനുള്ളിലൂടെ കടന്നുപോകാന്‍ ഇരുവശത്തും വാഹനങ്ങളും മനുഷ്യരും ആരവം മുഴക്കി  മത്സരിക്കുമ്പോള്‍, അതൊന്നുമറിയാതെ തികച്ചും യാന്ത്രികമേന്നോണം  അവര്‍ മുന്നോട്ടു നടന്നു.തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിക്കുരിശിന്‍റെ തലപ്പ് അല്പം കാണാമെന്നായപ്പോള്‍ വീണ്ടും നെഞ്ച് പെരുമ്പറ കൊട്ടാന്‍ തുടങ്ങി .പാതിരാകുര്‍ബാനയുടെ അവസാന ശീലുകള്‍ ചെവിയില്‍ വന്നലയ്ക്കുന്നു.പക്ഷേ തന്‍റെ ലക്‌ഷ്യം പള്ളിയല്ല,പള്ളിക്കവല കഴിഞ്ഞുള്ള പോലീസ് സ്റ്റേഷനാണ്.ഉറക്കം കനംതൂങ്ങിയ കണ്‍പോളകളും, പിഞ്ഞിയ സാരിയുടെ വശങ്ങളിലും ,മുടിയിഴകളിലും ഒക്കെ പറ്റി ഉണങ്ങിപ്പിടിച്ച മാവും എല്ലാം ചേര്‍ന്ന് അവര്‍ക്ക് ഒരു പരാജിതയുടെ രൂപം നല്‍കി.

                       "ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ എത്ര കടുംചുവപ്പായിരുന്നാലും ഹിമം പോലെ വെളുപ്പിക്കാം എന്ന് അവന്‍ നല്‍കിയ വാക്ക്,മനുഷ്യാവതാരത്തിലൂടെ സാധൂകരിക്കപ്പെട്ടിരിക്കുന്നു".മൈക്കിലൂടെ പള്ളിയിലെ ക്രിസ്തുമസ് സന്ദേശം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം.ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ എന്നോണം പള്ളിക്ക് മുന്നിലൂടെ അവര്‍ വേഗം നടന്നു.ഇല്ലെങ്കില്‍ ചിലപ്പോള്‍ പച്ച ജീവനോടെ പോസ്റ്റ്മോര്‍ട്ടം തന്നെ നടത്തിയെന്നും വരാം. പള്ളിക്കവല കഴിഞ്ഞു ഇടത്തോട്ടുള്ള ഇടവഴി തിരിഞ്ഞു ചെല്ലുന്ന ഗേറ്റിനു മുന്നില്‍ അവര്‍ ഒരുനിമിഷം ശങ്കിച്ചു നിന്നു.കയ്യിലെ പൊതി ഭദ്രമാണെന്ന് ഉറപ്പുവരുത്തി.സാരിത്തലപ്പുയര്‍ത്തി മുഖം ഒന്ന് അമര്‍ത്തിത്തുടച്ചു. പോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡിനു കീഴിലൂടെ അകത്തേയ്ക്ക് ചുവടു വച്ചു.ഉള്ളിലെ സങ്കടക്കടലിനൊപ്പം ഭയാശങ്കകളുടെ തിരമാലകളും പതഞ്ഞു തുടങ്ങി.ഇന്നലെയും അവര്‍ വന്നിരുന്നു.പക്ഷേ നിര്‍ദയം തിരിച്ചയയ്ക്കപ്പെട്ടു.

വാതിലിനടുത്ത് ഉറക്കം തൂങ്ങി നിന്ന പോലീസുകാരന്‍ തെല്ല് പുച്ഛഭാവത്തില്‍ വാച്ചിലെയ്ക്ക് നോക്കി.വീഴാതിരിക്കാനെന്നോണം അടുത്ത തൂണില്‍ തെരുപ്പിടിച്ചു കൊണ്ട് അവര്‍ അയാളെ ദയനീയമായി നോക്കി. പോലീസ് ശബ്ദം അല്പം ഈര്‍ഷ്യയില്‍ പുറത്തുവന്നു.
"ആരാ? എന്തു വേണം?"
"അത് ...മോന്‍..".. "
"മോനോ? ആരുടെ മോന്‍?ഞങ്ങളെല്ലാം ഓരോരുത്തരുടെ മക്കളാ " പരിഹാസം കലര്‍ന്ന ശബ്ദം.
"സാര്‍,എന്‍റെ മോനെ ഇന്നലെ വൈകിട്ട് ഇവിടെ പിടിച്ചുകൊണ്ടു വന്നിരുന്നു.അവനെ എനിക്കൊന്നു കണ്ടാല്‍മതി സാറേ.അവര്‍ കരയാതെ കരഞ്ഞു.കണ്ണീരു തുടയ്ക്കാനെന്നോണം ഒരു തണുത്ത കാറ്റ് വന്നു മുഖത്തലച്ചു വീണു.
"ആഹാ.ആ സ്പിരിറ്റ് കടത്തിയ കേസല്ലേ? കാണാനൊന്നും ഇപ്പൊ പറ്റില്ല. പന്ത്രണ്ടു കഴിഞ്ഞു വാ"
"അയ്യോ സാറേ അങ്ങനെ പറയല്ലേ.എനിക്കവനെ ഒന്ന് കണ്ടാല്‍ മാത്രം മതി.ഇന്ന് ക്രിസ്തുമസ് അല്ലേ?അവന്‍റെ പെറന്നാളും ഇന്ന് തന്നാ."
"ആണോ.എന്നിട്ട് ചാരായം കടത്താന്‍ നടന്ന നിങ്ങളുടെ മോന്‍ അതൊന്നും ഓര്‍ത്തില്ലല്ലോ?"
അവരുടെ നെഞ്ചിലൊരു കടലിരമ്പി.കണ്ണുകള്‍ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി.
"സാര്‍ അങ്ങനെ പറയല്ലേ എനിക്കവനല്ലാതെ വേറാരുമില്ല. സാറിതുകണ്ടോ?
കയ്യിലിരുന്ന പൊതി അവര്‍ അയാള്‍ക്ക്‌ നേരെ നീട്ടി."എന്‍റെ മോന് കൊടുക്കാനാ സാറേ.അപ്പമാ....ക്രിസ്തുമസിന്റെ...ഇതൊന്നു കൊടുത്തിട്ട് ഞാന്‍ പൊക്കോളാം "
"ഈ നശിച്ചവനെയൊക്കെ തീറ്റിപ്പോറ്റുന്ന സമയത്ത് ഒരു പശൂനെ വാങ്ങി വളര്‍ത്തിക്കൂടെയ്‌?പോത്തുപോലെ വളര്‍ന്നല്ലോ?തള്ളയ്ക്കു അന്വേഷിച്ചു തരേണ്ടതിനുപകരം തള്ള എച്ചില് വാരി മുടിയനായ പുത്രനെ തീറ്റുന്നു.കൊള്ളാം"

ആ വാചകങ്ങള്‍ സത്യമല്ലെന്നോര്‍ത്ത് അവരുടെ ഉള്ളു നൊന്തു.ഭര്‍ത്താവ് ഓര്‍മയാകുമ്പോള്‍ മകന് മൂന്നു വയസ്സ്.അവനെ വളര്‍ത്താന്‍ വേണ്ടി അവര്‍ ഒരുപാട് സഹിച്ചു.സ്നേഹിച്ചവനൊപ്പം ഇറങ്ങിപ്പോന്ന അവര്‍ക്ക് ആരും തുണ ഉണ്ടായിരുന്നില്ല.അര്‍ദ്ധരാത്രികളില്‍ വാതിലിലെ മുട്ട് ഒഴിവാക്കാന്‍ വേണ്ടി എടുത്തു വച്ച കത്തിയല്ലാതെ.മകന്‍ നന്നായിത്തന്നെ പഠിച്ചു.അമ്മയുടെ നിഴല്‍ പറ്റി വളര്‍ന്നു.പത്താംതരം കഴിഞ്ഞു  തുടര്‍ന്ന് പഠിക്കാന്‍ വഴിയില്ലാതെ അലഞ്ഞു.പിന്നെ പിന്നെ ചെറിയ ജോലികള്‍ ചെയ്തു അമ്മയെ നോക്കാന്‍ തുടങ്ങി.സന്ധ്യാപ്രാര്‍ഥനകളില്‍ അമ്മയ്ക്കൊപ്പം കൂടി.ഞായറാഴ്ചകളില്‍ അമ്മയ്ക്കും മുന്‍പേ പള്ളിയിലേയ്ക്ക് നടന്നു.എവിടെയാണ് അവനു പിഴയ്ച്ചത്? "ഈ ക്രിസ്മസിന് ഞാന്‍ അമ്മയ്ക്ക് ഒരു സമ്മാനം തരുമെന്നു" ആവര്‍ത്തിച്ചു പറയുന്നുമുണ്ടായിരുന്നു.പക്ഷേ ക്രിസ്മസ് അടുക്കുന്തോറും അവന്‍ മൌനിയായി കാണപ്പെട്ടു.രാത്രികളില്‍ എന്തൊക്കെയോ കണക്കുകൂട്ടലില്‍ മുഴുകിയിരുന്നു.എന്താണെന്ന് ചോദിച്ചപ്പോഴൊക്കെ സമ്മാനത്തിന്റെ കാര്യം ഓര്‍മിപ്പിച്ചു ഒരു കനംതൂങ്ങിയ ചിരിയില്‍ കൂടി അവന്‍ ഒഴിഞ്ഞു മാറി.ഇന്നലെ ജോലിതീര്‍ത്ത് വൈകുന്നേരം വീട്ടിലേയ്ക്ക് വരുമ്പോള്‍ തന്‍റെ മുന്നിലൂടെയാണ് പോലീസുകാര്‍ പിടിച്ചിറക്കി ജീപ്പില്‍ കയറ്റിക്കൊണ്ടു പോയത്.ചുറ്റും കൂടിനിന്നവരുടെ അടക്കംപറച്ചില്‍ കാതുകളില്‍ കനല്‍പോലെ വന്നു വീണു."എങ്ങനെ നടന്ന ചെക്കനാ? ..ഈ പാവം പോലെ നടക്കുന്നവന്റെയൊക്കെ ഉള്ളിലിരുപ്പ് ഇതൊക്കെ തന്നെയാ.ഇനീപ്പം എന്നിറങ്ങാനാ? അതല്ലേ കേസ്!. മറുപടി പറയാനോ എന്തെങ്കിലും ചോദിക്കാനോ നാവുപൊന്തുന്നുണ്ടായിരുന്നില്ല. സ്റ്റേഷന്‍റെ വാതിലില്‍ തടഞ്ഞ പോലീസുകാരാണ് പറഞ്ഞത് സ്പിരിറ്റ്‌ കടത്തിയ വണ്ടിയില്‍ അവനും ഉണ്ടായിരുന്നെന്നു.

"നിന്നു മോങ്ങാതെ വേണമെങ്കില്‍ വേഗം ഒന്ന് കണ്ടിട്ട് പൊയ്ക്കോണം.എന്‍റെ തൊപ്പി തെറിക്കുന്ന പണിയാ.ആരെയും കാണിക്കരുതെന്നാ ഓര്‍ഡര്‍."."
പോലീസുകാരന്‍റെ ശബ്ദം അവരെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.അകത്തേയ്ക്ക് നടന്ന അയാള്‍ക്ക്‌ പിന്നാലെ അവരും നടന്നു.ഒരു ചെറിയ ഇടനാഴി ആരംഭിക്കുന്ന മുറിക്കു മുന്നില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു."നിങ്ങള്‍ ഇവിടെ നിന്നാല്‍ മതി.ഇവിടെ വരും"അതുംപറഞ്ഞു അയാള്‍ നടന്നകന്നു.

കാത്തിരുപ്പിന്‍റെ കുറെ നിമിഷങ്ങള്‍ക്കൂടി ഇഴഞ്ഞകന്നു.ഒരു കാലൊച്ച അടുത്ത് വരുന്തോറും അവരുടെ നെഞ്ച് വിങ്ങാന്‍ തുടങ്ങി.നീര്‍നിറഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായ ഒരു രൂപം അടുത്തുവന്നു നിന്നത് അവര്‍ അറിഞ്ഞു.ഒരു തണുത്ത കൈത്തലം അവരുടെ കവിളില്‍  അരുമയായി ചേര്‍ന്നു.ഒപ്പം "അമ്മേ" എന്ന് ആര്‍ദ്രമായ ഒരു വിളിയും. അതുവരെ അടക്കിനിര്‍ത്തിയ സങ്കടക്കടല്‍ ഒന്നായി പൊട്ടിയൊഴുകി.സാക്ഷിനിന്ന പോലീസുകാരന്‍ സ്വന്തം മൊബൈലിലെ കുടുംബചിത്രം ഒന്ന് പാളിനോക്കി പുറത്തേയ്ക്ക് നടന്നു.കരച്ചിലൊന്നടങ്ങിയപ്പോള്‍ ചോദ്യങ്ങള്‍ വാക്കുകള്‍ മാത്രമായി ചിതറി."എന്തിനായിരുന്നു മോനേ? ആര്‍ക്കുവേണ്ടി? എല്ലാം വെറുതെയായില്ലേ?.

നിസ്സഹായത വരിഞ്ഞു മുറുകിയ അവന്‍റെ മുഖത്ത് നിന്നും വാക്കുകള്‍ മെല്ലെ അടര്‍ന്നു വീണു."എല്ലാം നമ്മുക്കുവേണ്ടിതന്നെ ആയിരുന്നമ്മേ. ഈ ഒരു ക്രിസ്മസ് എങ്കിലും കടങ്ങളും ബാധ്യതകളും ഇല്ലാത്ത നമ്മുടെ വീട്ടില്‍ എന്‍റെ അമ്മയ്ക്ക് ഒപ്പം ഒരുങ്ങാന്‍...ഈ ക്രിസ്മസിന് എങ്കിലും, കടപ്പെട്ടുപോയ നമ്മുടെ വീട് തിരിച്ചു പിടിച്ചു അമ്മയ്ക്ക് സമ്മാനമായി തരണമെന്നായിരുന്നു  എന്‍റെ ആഗ്രഹം.അതിനു ഞാന്‍ സ്വരുക്കൂട്ടിയ പണത്തിനൊപ്പം, കടം തരാമെന്നു പലരും ഏല്‍ക്കുക കൂടി ചെയ്തപ്പോള്‍ ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടു. പക്ഷേ അവസാനനിമിഷം എല്ലാരും വാക്കുമാറിയപ്പോള്‍ , എളുപ്പവഴി പറഞ്ഞു തന്നത് കൂട്ടുകാരനാണ്. "ഒരുതവണത്തെയ്ക്ക് അല്ലേടാ.കുഴപ്പമൊന്നുമില്ല" എന്ന് ധൈര്യപ്പെടുത്തി.ഒപ്പം അവന്‍ ഓടിക്കുന്ന വണ്ടിയിലാനെന്നു പറഞ്ഞപ്പോള്‍ രണ്ടും കല്പ്പിച്ചിറങ്ങി.പക്ഷേ പിടിക്കപ്പെട്ടു.അവന്‍ ഇറങ്ങി ഓടി...ഇനി....ഇനിയെന്തെന്നു എനിക്കും അറിയില്ലമ്മേ....ഇപ്പൊ ഞാനറിയാത്ത ഒരുപാട് കേസുകള്‍ എന്‍റെ പേരില്‍ ആക്കി..ഈ കേസില്‍ നിന്നൊക്കെ രക്ഷപെടണമെങ്കില്‍ ഒരുപാട് കാശ് വേണ്ടിവരും എന്ന് ഇവരൊക്കെ പറയുന്നമ്മേ....

  മകനെ ചേര്‍ത്തുപിടിച്ച് അവര്‍ വാവിട്ടു കരഞ്ഞു.എപ്പോഴോ കൈകളില്‍നിന്നും ഊര്‍ന്നുവീണ പൊതിക്കെട്ട് തുറന്നുഒരപ്പം എടുത്തു മുറിച്ചു മകന്‍റെ വായിലെയ്ക്ക് വച്ചു.ഒരിക്കല്‍ക്കൂടി മകനെ ചേര്‍ത്ത് പിടിച്ചു നിന്നു. 
 എന്നിട്ട് അതിവേഗം ഇറങ്ങി പുറത്തേയ്ക്ക് നടന്നു.എന്തൊക്കെയോ തീരുമാനിച്ചുറച്ചപോലെ.അത്യുന്നതന്‍റെ ജനനമാഘോഷിച്ചു പള്ളിപിരിഞ്ഞു വരുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ അവരും അലിഞ്ഞു ചേര്‍ന്നു.പള്ളിയിലെ മൈക്കിലൂടെ അപ്പോഴും ഒരു ഗാനശകലം ഒഴുകി വരുന്നുണ്ടായിരുന്നു.

"ഭൂമിയില്‍ ദൈവമക്കള്‍ നേടും സമാധാനം,
ഉന്നതിയില്‍ അത്യുന്നതിയില്‍ ദൈവത്തിനു മഹത്വം"



20 comments:

  1. ഹൃദയസ്പര്‍ശിയായ കഥ

    വിക്റ്റര്‍ യൂഗോയുടെ പാവങ്ങളെ ഓര്‍മ്മ വന്നു

    ReplyDelete
  2. ജീവിതം ആഗ്രഹിച്ചു പോയതിന്റെ വീഴ്ചകള്‍......

    മാഷേ, ഒരു പുതിയ പോസ്റ്റ്‌ ഞാനും ഇട്ടിട്ടുണ്ട്.. വന്നു കണ്ടു അഭിപ്രായം പറയണേ....

    ReplyDelete
  3. നന്ദി അജിത്‌ ഭായ്.ഇത് ഞാന്‍ ആദ്യമായി എഴുതുന്ന ഒരു 'കഥ' എന്ന് വേണമെങ്കില്‍ പറയാം.ഒന്ന് ശ്രമിച്ചു നോക്കിയതാണ്.താങ്കളെപ്പോലെ ഉള്ളവരുടെ അഭിപ്രായങ്ങള്‍ മുന്നോട്ടു പോകാന്‍ ഉള്ള ധൈര്യം തരുന്നു .


    നന്ദി ഇലഞ്ഞിപ്പൂക്കള്‍



    വിനീത് വാവ : - തീര്‍ച്ചയായും .. ഇത് ഒരു ശ്രമം മാത്രമായിരുന്നു ..നന്ദി സുഹൃത്തേ

    ReplyDelete
  4. ടച്ചിങ്ങ്!

    നന്നായി എഴുതി.

    പുതുവത്സരാശംസകള്‍!

    ReplyDelete
  5. ശ്രീ ...വളരെ നന്ദി ...ഒരു നല്ല വര്ഷം ആശംസിക്കുന്നു .... വളരെയായി ഇതുവഴി കണ്ടിട്ട് ...

    ഷാജു അത്താണിക്കല്‍::,: നന്ദി സുഹൃത്തേ

    ലിജോ :- സ്ഥിരം ഈ വഴി വരുക .... :)

    ReplyDelete
  6. ഹൃദയസ്പർശിയായ കഥ. എവിടെല്ലാമോ നന്നാക്കാമായിരുന്നു എന്ന് തോന്നി.

    ReplyDelete
  7. ഹൃദയത്തില്‍ തട്ടുന്ന എഴുത്ത്.... മനോഹരം... ആശംസകള്‍.

    ReplyDelete
  8. ചീരാമുളക് :- ഈ വഴികളില്‍ കൂടെ നടന്നതിനു നന്ദി . തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടെങ്കിലെ അടുത്ത തവണ എഴുതുമ്പോള്‍ അത് ഒഴിവാക്കാന്‍ കഴിയൂ ...

    അമ്പിളി : പ്രോത്സാഹനത്തിനു നന്ദി ... ഇനിയും ഈ വഴി വരുക .."അക്ഷരപ്പകര്ച്ചകള് " കണ്ടു .... വിശദമായി വായിച്ചിട്ട് കമന്റാം

    ReplyDelete
  9. ഹൃദയസ്പര്‍ശിയായ കഥ... നന്നായി അവതരിപ്പിച്ചു. ആശംസകള്‍

    ReplyDelete
  10. കൂടുതല്‍ എഴുതുക ,,,,,,,,വാകുകലുണ്ടാകട്ടെ ഇന്നും

    ReplyDelete
  11. @അബ്സര്‍ ഭായ് & രാഗേഷ്‌ഭായ് : നന്ദി .....

    ReplyDelete
  12. അജിത്തെട്ടന്‍ പറഞ്ഞ പോലെ ലെ മിസെരബിള്‍ ആണ് ആദ്യം ഓര്‍മ്മയില്‍ വന്നത്. നല്ലൊരു കഥ. നന്നായി തന്നെ അവതരിപ്പിച്ചു

    ReplyDelete
  13. നന്നായി ,ആശംസകൾ

    ReplyDelete
  14. പ്രിയപ്പെട്ട ഷൈജു ,

    ഹൃദയസ്പർശിയായി എഴുതിയ കഥ !

    വളരെ ഇഷ്ടമായി !

    ഹാര്ദമായ അഭിനന്ദനങ്ങൾ !

    സസ്നേഹം,

    അനു

    ReplyDelete
  15. അഭിപ്രായമെഴുതിയ എല്ലാ പ്രിയപ്പെട്ടവര്‍ക്കും നന്ദി .........ഒപ്പം ഈ വഴി വന്ന എല്ലാ നല്ല മനസ്സുകള്‍ക്കും .....

    ReplyDelete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി