ജോലി കഴിഞ്ഞു വന്നിറങ്ങിയതേ ഉള്ളൂ...സമയം രാത്രി 01:30. ഇവിടെ റോളയില്‍ രാത്രി അതിന്‍റെ വിശപ്പ് തീരെ എല്ലാം തിന്നു തീര്‍ത്തിരിക്കുന്നു .. കടകളും മനുഷ്യരും ഒന്നുപോലും ബാക്കി വയ്ക്കാതെ .. "ഭായ്, നാളെ സെക്കന്റ് ഷിഫ്റ്റ് " .. അടഞ്ഞു പോയ പാതി കണ്‍പോളകള്‍ തുറന്നു ഡ്രൈവറോട് പറഞ്ഞു തീര്‍ത്തു ... കൂടെ ഇറങ്ങിയ ജയേഷ് ഒരു കൈ ഉയര്‍ത്തി ബൈ പറഞ്ഞു നടന്നു നീങ്ങി .. ഞാന്‍ അല്പം കൌതുകത്തോടെ നോക്കി ... ആ കൈ അങ്ങനെ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു ... ഇറങ്ങിയ സ്റ്റോപ്പില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന അത്ര ദൂരമേ ഉള്ളൂ റൂമിനു ... ചെവിയിലെ പാട്ട്കുന്ത്രാണ്ടം വലിച്ചൂരി , ഫുല്സ്ലീവ് ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്തു കയറ്റി ഞാന്‍ ഒരു തനി മലയാളിയായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മുറിയിലേയ്ക്ക് നടന്നു ..... പ്രവാസത്തിന്‍റെ നോവ് തൊട്ടാവാടി മുള്ള് പോലെ ഇരുവശവും ഉള്ള കുടുസ്സു മുറികളില്‍ നിന്നും പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്നു എന്ന് എനിക്ക് തോന്നി .... ഒരു വേള അവയുടെ കുത്തേല്‍ക്കാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴും , എന്‍റെ തലയിലെ മുള്ള് ഞാന്‍ മറന്നു .....
ഇനി കഥയുടെ ട്വിസ്റ്റ് ..
പെട്ടെന്ന് പിറകില്‍ നിന്നും ഒരു ശബ്ദം :"അസലാമു അലൈക്കും "
ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു ....
പാന്റ്സും ബനിയനും ധരിച്ച ഒരാള്‍ എന്‍റെ നേര്‍ക്ക് നടന്നടുക്കുന്നത് ഒട്ടൊന്നു ഞെട്ടലോടെ ഞാന്‍ കണ്ടു ... ദിവസവും മോഷണവും പിടിച്ചുപറിയും നടക്കുന്ന ഷാര്‍ജയുടെ കഥകള്‍ ഓരോ പത്രവാര്‍ത്തകള്‍ എന്നപോലെ മനസ്സിലൂടെ ഒഴുകി ... നല്ല ആകാര സൌഷ്ട്ടവം ... കാഴ്ചയില്‍ ഒരു ഈജിപ്ഷ്യന്‍ .... ഇടകലര്‍ന്നു നരച്ച കുറ്റിത്താടി .... അല്‍പ്പം കുറുകിയ കണ്ണുകളില്‍ തെളിയുന്ന ക്രൌര്യം ..തോള്‍ സഞ്ചി ...... അടുത്തേയ്ക്ക് വന്നു നിന്നു ... ഞാന്‍ കയ്യിലെ ബാഗില്‍ മുറുകെ പിടിച്ചു ... മൊബൈല്‍ പോക്കെറ്റില്‍ ഇട്ടു ഭദ്രമാക്കി .... അയാള്‍ എന്തൊക്കെയോ ആദ്യം അറബിയില്‍ പറഞ്ഞു .. ഞാന്‍ എനിക്ക് അറബി അറിയില്ലെന്ന് ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു .... പെട്ടെന്ന് അയാള്‍ ബാഗില്‍ നിന്നും കുറെ പേപ്പറുകള്‍ പുറത്തെടുത്തു .. വാക്കുകള്‍ തലയറ്റു എന്‍റെ മുന്‍പില്‍ പിടഞ്ഞു വീണു .. "ദിസ് മെഡിസിന്‍ ഫോര്‍ മൈ സണ്‍ ... ഐ ഡോണ്ട് ഹാവ് മണി ... ഹി ഈസ് സീരിയസ് ....." ഞാന്‍ അല്പം ഒന്ന് പകച്ചെങ്കിലും മനസ്സിലൂടെ കടന്നു പോയ ചിന്തകളില്‍ ഒരു തനി മലയാളിയായി ... എന്‍റെ ചിന്തകളില്‍ അയാള്‍ ഒരു കള്ളനും ...... ഇവന് കാശ് കൊടുക്കാന്‍ ഞാന്‍ പേഴ്സ് എടുത്താല്‍ ഇവന്‍ എന്‍റെ തലയ്ക്കു അടിച്ചിട്ട് അതും കൊണ്ട് കടന്നു കളയും ...അപ്പൊ ഇല്ലെന്നു പറയാം ... ഞാന്‍ ജോലി കഴിഞു വരികയാണെന്നും, എന്‍റെ കയ്യില്‍ ഒന്നും ഇല്ലെന്നും ഒരു വിധം പറഞ്ഞൊപ്പിച്ചു.... പെട്ടെന്ന് അയാള്‍ ആ പേപ്പറുകള്‍ തിരികെ വച്ച് , എന്നോട് പറഞ്ഞു ... " മണി .. ഫുഡ് ... നോ ഫുഡ് .... നോ മണി " ..... പ്ലീസ് " .. ആ വാക്കുകള്‍ എന്നെ തളര്‍ത്തി എങ്കിലും എനിക്ക് പേഴ്സ് എടുക്കാന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല .... ഞാന്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു .. അയാള്‍ എനിക്ക് "ശുക്രാന്‍" പറഞ്ഞു നടന്നു നീങ്ങി .. ഒപ്പം രണ്ടു മൂന്നു സോറിയും.....
*****************************************************************
തിരികെ നടക്കവേ എന്‍റെ മനസ്സ് പതറാന്‍ തുടങ്ങി. ഇനി ശരിക്കും അയാള്‍ പറഞ്ഞത് സത്യം ആണെങ്കിലോ ? അമ്മ പറഞ്ഞുതന്നതൊക്കെ മെല്ലെ ഓര്‍മ്മ വന്നു ....ഞാന്‍ പേഴ്സ് എടുത്തു നോക്കി ... ഒരു പതിനഞ്ചു ദിര്‍ഹം .... ഞാന്‍ പത്തില്‍ കയറിപ്പിടിച്ചു ... കയ്യില്‍ ഒതുക്കി .. തിരികെ ഓടി ചെന്നപ്പോള്‍ തെരുവ് വിളക്കുകളുടെ ഓരം ചേര്‍ന്ന് ഒരു വിളിപ്പാട് അകലെ നടന്നു നീങ്ങുന്ന അയാളെ കണ്ടു കൈകൊട്ടി വിളിച്ചു .. അയാള്‍ തിരിഞ്ഞു നിന്നു .... ഞാന്‍ ആ നോട്ട് അയാളുടെ കയ്യില്‍ തിരുകി ... എന്നിട്ട് പറഞ്ഞു " എന്‍റെ ബാഗില്‍ ഇതേ ഉള്ളൂ .... അയാള്‍ അതുമായി ഒന്നും പറയാതെ നോക്കി നിന്നു ... ഞാന്‍ ഒട്ടൊരു സന്തോഷത്തോടെ തിരിഞ്ഞു നടന്നു ... നാല് ചുവടുകള്‍ക്ക് അപ്പുറം പെട്ടെന്ന് എന്‍റെ തോളില്‍ ഒരു പിടി വീണു .... ഞാന്‍ ഭയന്ന് തിരിഞ്ഞു നോക്കി .. തോള്‍ നന്നേ വേദനിക്കുന്നുണ്ടായിരുന്നു .. അതാ അയാള്‍ ..... അടി എനിക്ക് കിട്ടും എന്ന് ഞാന്‍ ഉറപ്പിച്ചു .... ഒന്നും പറയാതെ ,എന്‍റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അയാള്‍ കയ്യിലെ കീറിയ പേഴ്സില്‍ നിധി പോലെ വച്ച ഒരു കുരുന്നിന്റെ ഫോട്ടോ കാണിച്ചു എന്നെ ..... ഞാന്‍ ആകെ തകര്‍ന്നു .... എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു തരിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തിരികെ നടന്നു തുടങ്ങിയിരുന്നു ..... ഒന്നും പറയാനാവാതെ നാവിറങ്ങിപ്പോയ ഞാന്‍ നോക്കി നിന്നു ..... ആ മനുഷ്യനും തോള്‍ സഞ്ചിയും കാഴ്ചയില്‍ നിന്നും മറയും വരെ ..............................
എത്രയെത്ര ജീവിതങ്ങള്‍
ReplyDeleteകാഴ്ച്ചപ്രകാരം ഒന്നും വിധിയ്ക്കുക സാദ്ധ്യമല്ല
സത്യം അജിത്ത്ഭായ്...... നമ്മള്‍ സ്ഥിരം കാണുന്നവരില്‍ പോലും ഉണ്ട് മനസിലാകാതെ പോകുന്ന കുറെ ജീവിതങ്ങള്‍ ....... നന്ദി ....
ReplyDeleteപലപ്പോഴും സത്യമേതാണ് കള്ളമേതാണ് എന്ന് മനസ്സിലാവാതെ നമ്മള്‍ ഉഴറിപ്പോകാറുണ്ട്, ഇത്തരം സാഹചര്യങ്ങളില്‍... സമാനമായ ഒന്നിലേറെ അനുഭവങ്ങള്‍ എനിയ്ക്കും ഉണ്ടായിട്ടുണ്ട്.
ReplyDeleteഅവര്‍ പറയുന്നത് നേരാണോ എന്നറിയില്ലെങ്കിലും (ചിലതെല്ലാം തട്ടിപ്പായിരിരുന്നെന്ന് പിന്നീടറിയാറുണ്ട്) മനസ്സാക്ഷിക്കുത്ത് തോന്നാതിരിയ്ക്കാനെങ്കിലും പലപ്പോഴും ചെറിയ സഹായമെന്തെങ്കിലും ചെയ്ത് സമാധാനപ്പെടുകയാണ് പതിവ്.
നന്ദി ശ്രീ ..... അതേ .ചിലതൊക്കെ തട്ടിപ്പുകളുമാണ്. ഇന്നത്തെ കാലത്ത് ഏറെക്കുറെ എല്ലാം സംശയത്തോടെ തന്നെ നോക്കെണ്ടിയും വരുന്നു എന്നതാണ് കഷ്ടം.....
Deleteകള്ളം പറയുന്നതാണെന്ന് മനസ്സില്‍ ഉറപ്പിച്ച് അവരുടെ വാക്കുകള്‍ക്കു നേരെ കണ്ണും കാതും മനസ്സും കൊട്ടിയടച്ച് പിന്തിരിഞ്ഞു നില്‍ക്കുമ്പോഴും പലപ്പോഴും സങ്കടം തോന്നാറുണ്ട്, അവര്‍ പറയുന്നത് സത്യമാണെങ്കിലോ എന്നോര്‍ത്ത്!! അതുപോലെ ഒരുപാട് അനുഭവങ്ങളും ഉണ്ട്!
ReplyDeleteരണ്ടു വര്‍ഷം മുന്‍പ് ഒരിക്കല്‍ കോട്ടയത്തുനിന്ന് ബസില്‍ കയറിയപ്പോള്‍ ഇപ്പുറത്തിരുന്നത് ഒരു പ്രായമായ സ്ത്രീയാണ്. കുറച്ചു കഴിഞ്ഞപ്പോള്‍ അവര്‍ വെള്ളം ചോദിച്ചു പിന്നെ സംസാരിച്ചു തുടങ്ങി. തിരുവനന്തപുരത്ത് 5 വര്‍ഷമായി തളര്‍ന്നു കിടക്കുന്ന മകന്‍റെ അടുത്തുപോയാതാണെന്നും വീട് മൂവാറ്റുപുഴയാണെന്നുമൊക്കെ പറഞ്ഞ് ഒരുപാട് സങ്കടങ്ങള്‍ പറഞ്ഞു കരയാന്‍ തുടങ്ങി... അവരുടെ കയ്യില്‍ പൈസയില്ലെന്നും മൂവാറ്റുപുഴവരെ അതുവരെ കൂടെയിരുന്ന ആരോ ടിക്കറ്റ് എടുത്തുകൊടുത്തെന്നും അവിടുന്ന് കുറച്ചുള്ളിലേക്ക് പോകണം, രാത്രിയില്‍ ബസില്ല, പൈസയുമില്ലാതെ പോകേണ്ടതെങ്ങനെ എന്നറിയില്ല എന്നുംപറഞ്ഞ് അവര്‍ കരഞ്ഞു. ആദ്യമൊക്കെ അവരെ വിശ്വസിക്കാന്‍ തോന്നിയില്ലെങ്കിലും, ആ കരച്ചില്‍ കണ്ടാല്‍ വിശ്വസിക്കാതിരിക്കാന്‍ പറ്റുമായിരുന്നില്ല. കോളജില്‍നിന്നു വരുന്ന വഴിയാ, കയ്യില്‍ പൈസയില്ല എന്നു പറഞ്ഞശേഷം ഒരു 10 രൂപ എടുത്തു കൊടുത്തു. പിന്നെയൊരു 10-15kms അവരൊന്നും മിണ്ടിയില്ല, വെറുതെ പുറത്തേയ്ക്കു നോക്കിയിരുന്നു. അപ്പോഴെന്‍റെ മനസ്സും ഹൃദയവുംതമ്മില്‍ വലിയൊരു യുദ്ധം നടക്കുകയായിരുന്നു... ഒടുവില്‍ ഇറങ്ങാന്‍ എണീക്കുമ്പോള്‍ ബാഗില്‍ ഉണ്ടായിരുന്ന 71 രൂപയില്‍ എഴുപതുംഎടുത്ത് ആ കയ്യില്‍ ചുരുട്ടിവച്ചു കൊടുത്തു. ആ സ്ത്രീയുടെ കണ്ണില്‍ അപ്പോ കണ്ട ഭാവം ഇപ്പോഴും എന്‍റെ മനസിലുണ്ട്... കയ്യില്‍ മുറുകെപ്പിടിച്ച് "ദൈവം അനുഗ്രഹിക്കട്ടെ" എന്നു പറയാനുള്ള സമയമേ അവര്‍ക്കു കിട്ടിയുള്ളൂ... വേറെന്തോക്കയോ പറയാനുണ്ടായിരുന്നു എന്നു തോന്നി... ഇന്നും മൂവാറ്റുപുഴയ്ക്കുള്ള ബസുകളില്‍ ഞാനാ അമ്മയെ തിരയാറുണ്ട്! :(
പുനര്‍ജനി : ചില അനുഭവങ്ങള്‍ മനസ്സില്‍ ആഴമേറിയ ഓര്‍മകളായി പതിയാറുണ്ട്. അങ്ങിനെ ഒന്ന് അല്ലേ..... നന്ദി .. മറുപടി താമസിച്ചതില്‍ ക്ഷമിക്കുക.....
ReplyDeleteനോവിക്കുന്ന കഥ.
ReplyDeleteനമ്മൾ പലപ്പോഴും നിസ്സഹായരാണു്. എങ്ങനെയാണു സഹായിക്കുക?
എങ്ങനെയാണു സഹായിക്കാതിരിക്കുക?
എങ്ങനെയാണു വിശ്വസിക്കുക?
എങ്ങനെയാണു വിശ്വസിക്കാതിരിക്കുക?