ഇന്ന് എഴുതാനുള്ളത് ഒരു ടീച്ചറെക്കുറിച്ചാണ് ......
വര്‍ഷങ്ങള്‍ക്കും മുന്‍പ് , ഒരു ശരാശരി വിദ്യാര്‍ത്ഥിയായ ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ ഏതോ കുത്തിക്കുറിപ്പിനെ ,ചേര്‍ത്ത് പിടിച്ചു പ്രോത്സാഹിപ്പിച്ച ആ ടീച്ചറെക്കുറിച്ച് ......
പീറ്റ് മെമ്മോറിയല്‍ ട്രെയിനിംഗ് സ്കൂളില്‍ നിന്നും മൂന്നു മാസത്തെ ട്രെയിനിങ്ങിനു സ്കൂളില്‍ വന്ന കുറെപ്പേരില്‍ ഒരു അധ്യാപിക ... ചെറു പ്രായം എങ്കിലും എന്നും ഒരേ സ്വരം കേട്ട്മടുത്ത , ഗവണ്മെന്‍റ് സ്കൂളിന്‍റെ ഒരേ നിറങ്ങള്‍ മടുത്തു തുടങ്ങിയ കുറെ പൈതങ്ങള്‍ക്ക് അവരുടെ വരവ് ഒരു ആശ്വാസമായിരുന്നു .... പാട്ടും ചിരിയും കളിയുമായി കുറെ ദിവസങ്ങള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആഘോഷങ്ങളുടെതായി ..... അങ്ങനെ അങ്ങനെ ആ ട്രെയിനിംഗ് ടീച്ചര്‍മാരുടെ വരവുകള്‍ക്കായി ക്ലാസ്മുറികള്‍ കാത്തു നിന്നു ... സന്തോഷങ്ങളുടെതായ ഏതോ ഒരു ദിവസം " നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു വിഷയത്തെ പറ്റി ഒരു നാലഞ്ചു വാചകം എഴുതാന്‍ ഒരു ടീച്ചര്‍ പറഞ്ഞു ..... എല്ലാവരും അവരവരുടെ അറിവുകള്‍ക്ക് അനുസരിച്ച് എഴുതിത്തുടങ്ങി ...... മെല്ലെ .. ഇലകള്‍ വീഴുംപോലെ കൊഴിഞ്ഞു വീണ കുറെ നിമിഷങ്ങല്‍ക്കുമപ്പുറം, എല്ലാവരുടെയും എഴുത്തുകള്‍ വച്ചു അവര്‍ മെല്ലെ വായിച്ചു തുടങ്ങി
......നെഞ്ചു പടപടാന്നു മിടിക്കുന്നുണ്ടായിരുന്നു ...... അവസാനം അവനു പരിചിതമായ ആ കടലാസുകഷണം അവര്‍ കയ്യിലെടുത്തു വായിച്ചു തുടങ്ങി ....തീര്‍ന്നപ്പോഴെയ്ക്കും ഒന്നും മിണ്ടാതെ അവര്‍ അത് മടക്കി വച്ചു...... നാഴികമണി സമയം അറിയിച്ചു മുഴങ്ങിയപ്പോള്‍ ,എല്ലാവരും സ്വാതന്ത്ര്യം ശ്വസിച്ചു പുറത്തേയ്ക്ക് ഓടി .... അന്നും ഇന്നും ..ഒറ്റയ്ക്ക് മാത്രം നടന്നു ശീലിച്ച ,മെലിഞ്ഞ ആ അഞ്ചാംക്ലാസ്സുകാരന്‍റെ അടുത്തേയ്ക്ക് ആ ടീച്ചര്‍ മെല്ല വന്നു ... എഴുതി കൊടുത്ത പേപ്പര്‍ ഒന്നുകൂടി നിവര്‍ത്തി വായിച്ചു..... ഇത്തവണ ആ കണ്ണുകള്‍ നന്നേ നനഞ്ഞിരുന്നു ..... മെല്ലെ വലതു കൈ ഉയര്‍ത്തി തലയില്‍ വച്ച് ചേര്‍ത്ത് പിടിച്ചു ..... വാക്കുകള്‍ പറയാതെ പതഞ്ഞു അവന്‍റെ തലയ്ക്കു മീതെ ഒരു അനുഗ്രഹമായി ഒഴുകി .....പിന്നെ അവര്‍ കൂട്ടുകാരായി .... ഉച്ച ഊണും കഴിഞ്ഞു വിശ്രമ വേളകളില്‍ , സ്കൂള്‍ മൈതാനത്ത് ഓടിപ്പായുന്ന കൂട്ടുകാരില്‍ കണ്ണും നട്ടു മാറി ഇരുന്ന ആ ചെക്കന് അവര്‍ ഒരു കൂട്ടായി ... പുസ്തങ്ങള്‍ തന്നു ... വായിക്കാന്‍ പ്രേരിപ്പിച്ചു ..നന്മകള്‍ പറഞ്ഞു തന്നു ....... ഒരുപാട് കഥകള്‍ പറഞ്ഞു ..... നാളുകള്‍ക്കു ശേഷം ,യാത്ര പറയേണ്ടി വന്നപ്പോള്‍ ,അവന്‍റെ കണ്ണ് നിറഞ്ഞു തുളുമ്പി .... ഒരു അധ്യാപികയും, വിദ്യാര്‍ഥിയും എന്നതിനും അപ്പുറം അവര്‍ ഒരു വയറു പെറ്റ മക്കളായി ... രണ്ടു പേരും കരഞ്ഞു .... പിന്നെ കുറെ സ്നേഹം നിറഞ്ഞ കത്തുകള്‍ .... കാലത്തിന്‍റെ പാച്ചിലില്‍ അതും നിലച്ചു ....അവനിന്നും അരികു പൊടിഞ്ഞു താറുമാറായ ആ കത്തുകള്‍ നിധി പോലെ കാക്കുന്നു ..... എഴുതിയ അക്ഷരങ്ങള്‍ക്ക് ജീവിതത്തില്‍ ആദ്യം കിട്ടിയ അനുഗ്രഹം .................
പിന്നീട് ഒരുപാട് തിരഞ്ഞു .. താമരക്കുളത്തു നിന്നും വന്ന ജയശ്രീ എന്നാ ആ അധ്യാപികയെ .. ഇന്നും തിരയുന്നു ... എന്നെങ്കിലും ഒരിക്കല്‍ കണ്ടാല്‍ ഒരിക്കല്‍ ഞാന്‍ മറന്നുപോയ ഒരു പാദനമസ്കാരത്തിനു ...... എന്‍റെ നെറുകയില്‍ ചേര്‍ത്തുവച്ച ആ കണ്ണുനീര്‍ത്തുള്ളികളുടെ അനുഗ്രഹപ്പെയ്ത്തിനു .................
ആ നല്ല അദ്ധ്യാപികയെ കണ്ടെത്താന്‍ ആശംസകള്‍
ReplyDeleteനന്ദി ...... വായനയ്ക്കും അഭിപ്രായങ്ങള്‍ക്കും ................................ ഇപ്പോഴും തിരയുന്നു .....
ReplyDelete