ഇതിലേ വന്നു പോയവര്‍

Wednesday, December 26, 2012

ഒരു ബലാല്‍സംഗം... ഒപ്പം മറക്കപ്പെടുന്ന മനുഷ്യാവകാശങ്ങളും ....

തലക്കെട്ട്‌ കണ്ടു വഴിതെറ്റി വന്നവരോട് :സദയം ക്ഷമിക്കുക ...നിങ്ങള്‍ പ്രതീക്ഷിക്കുന്ന ആ ഒരു 'ഇത്' ഇതില്‍ ഉണ്ടാവില്ല .. കാരണം എന്‍റെ വിഷയം ബലാല്‍സംഗം  അല്ല എന്നത് തന്നെ ..ഇനി എഴുതുന്നത്‌ ഒരിക്കലും  ഡല്‍ഹിയില്‍ നടന്ന ക്രൂരകൃത്യത്തിന്റെ പ്രാധാന്യം കുറച്ചു കാട്ടാന്‍ അല്ല.....മറിച്ചു  ഓരോ ദുരന്തങ്ങളും  ഓരോ പുതിയ ആഘോഷങ്ങളായി  കൊണ്ടാടുന്ന നമ്മുടെ സമൂഹം മറന്നു പോകുന്ന  ചില പേരുകള്‍ ഓര്‍മിപ്പിക്കാനാണ് .. കേള്‍ക്കാതെ പോകുന്ന ചില നിലവിളികള്‍  പ്രതിദ്ധ്വനിപ്പിക്കാനും ......


 ഈയിടെ നമ്മുടെ ഇന്ദ്രപ്രസ്ഥത്തില്‍  നടന്ന ആ 'കശാപ്പിനെ' നമ്മുടെ  മാധ്യമങ്ങള്‍ കടിച്ചുകീറി ആഘോഷിച്ചു തളര്‍ന്നു, മുഖത്ത് പറ്റിയിരിക്കുന്ന  ചോര ,നാവു നീട്ടി നുണഞ്ഞു കൊണ്ട് അടുത്ത ഇരയ്ക്ക് വേണ്ടി കാത്തിരിക്കുന്നു ..അതിനിടെ പറ്റാവുന്ന ഇടത്തുനിന്നും എല്ലാം സമാനമായ വാര്‍ത്തകള്‍ വലിച്ചെടുത്ത് ആദ്യപേജില്‍ കൊടുത്തു നിര്‍വൃതി അടയുകയും ചെയ്യുന്നു .... പക്ഷെ ആ ഡല്‍ഹിക്കാരി പെണ്‍കുട്ടിയെ പോലെ ,അല്ലെങ്കില്‍  അവളെക്കാള്‍ ക്രൂരമായി  മാനഭംഗപ്പെടുത്തപ്പെടുകയും ,ജീവന്‍പോലും  നഷ്ട്ടപ്പെടുകയും ചെയ്ത ഒരുപാട് പെണ്‍കുട്ടികള്‍ നമ്മുടെ ഈ കൊച്ചു കേരളത്തില്‍ ഉണ്ടായിരുന്നു .... 'സൗമ്യ' മുതല്‍ പിറകോട്ടു  ഒരു ഓര്‍മപ്രദക്ഷിണം നടത്തി നോക്കിയാല്‍ ആ നിര വളരെ നീളും .... ഒരു കൊച്ചു കുടുംബത്തിന്‍റെ അത്താണി ആയിരുന്ന ആ പാവം പെണ്‍കുട്ടിയെ ജോലി കഴിഞ്ഞു വരുമ്പോള്‍ ട്രയിനില്‍ നിന്നും വലിച്ചു താഴെ എറിഞ്ഞു പരുക്കേല്‍പ്പിച്ചു ,അവളുടെ മാനം കവരുകയും ,അതിക്രൂരമായി കൊല്ലുകയും ചെയ്ത 'ഗോവിന്ദചാമി ' എന്ന നികൃഷ്ടന്‍  നമ്മുടെ ചിലവില്‍ ബിരിയാണിയും തിന്നു ,കൊഴുത്തു തടിച്ചു സുഖവാസം അനുഭവിക്കുമ്പോള്‍ ,അതൊക്കെ മറന്നു  , മനുഷ്യാവകാശത്തിനു  വേണ്ടി കരയുന്ന നമ്മുടെ മാധ്യമ ധര്‍മം ഒരു കടലാസ് ആയിരുന്നെങ്കില്‍  വിസര്‍ജ്യം തുടയ്ക്കാന്‍ ഉപയോഗിക്കാമായിരുന്നു ... ഡല്‍ഹിയിലെ  പെണ്‍കുട്ടിയെ പോലെ തന്നെ  ഉള്ള എല്ലാ അവകാശങ്ങളും  ,ഒരു പക്ഷെ അവളെക്കാള്‍ കൂടുതലായി  സൌമ്യയ്ക്കും  ഉണ്ടായിരുന്നു എന്ന് നാം ബോധപൂര്‍വം മറക്കുന്നു ....  അവള്‍ കൂട്ടുകാരന് ഒപ്പം  സിനിമയ്ക്ക് പോയതായിരുന്നില്ല ... സ്വന്തം കുടുംബം നോക്കാന്‍ കഷ്ട്ടപ്പെടുകയായിരുന്നു ... എന്നിട്ടും  ആ ജീവനെ ഇത്ര നിസ്സാരമായി കശക്കി എറിഞ്ഞ തമിഴനുവേണ്ടി  ശബ്ദിക്കാന്‍ മുംബൈയില്‍ നിന്നും വരെ പ്രഗല്‍ഭരായ വവ്വാലുകള്‍  മനുഷ്യാവകാശം എന്ന  ബോര്‍ഡുമായി അണിനിരന്നു .. സൗമ്യ ,മറ്റേതൊരു  സംഭവവും പോലെ വെറുമൊരു വാര്‍ത്ത മാത്രമായി  എരിഞ്ഞു അടങ്ങുകയും ചെയ്തു ...   സൌമയുടെയും ,ശാരിയുടെയും ഒക്കെ ചോരയില്‍ ചവുട്ടി നിന്ന് നാം ഡല്‍ഹിയിലെ പെണ്‍കുട്ടിയ്ക്ക് വേണ്ടി വാദിക്കുമ്പോള്‍ ,  നാമൊക്കെ സ്വയം നഗ്നരായി പോകുന്നില്ലേ ? ഗോവിന്ദചാമിയുടെ മുഖത്ത് ഇപ്പോള്‍ വിരിയുന്ന ആത്മവിശ്വാസത്തിന്റെ  ചിരി ,പണവും രാഷ്ട്രീയവും തമ്മിലുള്ള  ഇഴപിരിയാത്ത ബന്ധങ്ങളിലേയ്ക്കും  വിരല്‍ ചൂണ്ടുന്നില്ലേ ?  ചിന്തിക്കുക .. ആകുന്നപോലെ  ഒക്കെ പ്രതികരിക്കുക .... ഇനിയും നമ്മുടെ കാശുകൊണ്ട്  ഒരു ചാമിമാരും തിന്നു കൊഴുക്കണ്ടാ .... അവനു തൂക്കുമരം കിട്ടുന്നതുവരെ .. അവന്‍റെ അവസാന ശ്വാസം നിലയ്ക്കുന്നത് വരെയും  ഈ പാവം പെണ്‍കുട്ടികളുടെ നിലവിളി നമ്മുടെ മനസാക്ഷികളെ  അലോസരപ്പെടുത്തികൊണ്ടേയിരിക്കും....


Tuesday, October 2, 2012

വെറുതെ നിന്‍റെ ഓര്‍മയില്‍ ....ഒരു പ്രവാസിക്കാമുകന്‍

നീയും ഞാനും മഴ നനഞ്ഞു നടന്ന ആ വഴികള്‍ ....
എന്‍റെ തോളുരുമ്മി നടക്കവേ ,നിന്‍റെ ചിതറിയ നാണം ..
പരിഭ്രമിച്ച നോട്ടം....
ഒരു വേള, കുശലം പറഞ്ഞു പാറിപ്പോയ കാറ്റില്‍ ,
പറന്നകന്ന കുടയുടെ കുസൃതി ...
നിന്‍റെ പുരികക്കൊടികള്‍ക്കിടയിലൂടെ ,നാസിക നനച്ച് ,
എന്നെ കൊതിപ്പിച്ച മേല്‍ ചുണ്ടിലെയ്ക്ക്‌ ഒഴുകി ഇറങ്ങുന്ന മഴക്കണത്തിന്‍റെ സുകൃതം.....
പൊടുന്നനവേ ഇടി വെട്ടുമാറു ഒരു ശബ്ദം ...


ഉണര്‍ന്നപ്പോള്‍ ഒന്നും ഉണ്ടായിരുന്നില്ല ...
മേശമേല്‍ പഴയ ടൈംപീസ്‌ ....
തലേന്ന് തേച്ചു വച്ച യൂണിഫോം ..
രാത്രിയില്‍ കഴിച്ചു ബാക്കി വന്ന കുബ്ബൂസിന്‍റെ ബാക്കി ....
മൊബൈലില്‍ പാക്കിസ്ഥാനി ഡ്രൈവറിന്‍റെ മിസ്സ്ഡ് കാള്‍...
സമയം ഒരുപാട് ആയിരിക്കുന്നു .....
സ്വപ്നത്തിലും ,ജീവിതത്തിലും...
ഇനി ഒന്നുകൂടി കാണാന്‍ ആവാതെ ........
---------
ഷിജു--------------- 

Wednesday, June 13, 2012

ഫേസ്ബുക്ക് നഗ്നമാക്കപ്പെടുമ്പോള്‍ ......


 
പ്രണയം........
ആധുനിക പ്രണയം എന്നും പറയാം......
ഫേസ്ബുക്ക് ഉപയോഗിച്ച് അഴിച്ചു മാറ്റപ്പെടുന്ന സാരിക്കഷണങ്ങള്‍ക്കിടയിലേയ്ക്ക്
ഒരു ബബിള്‍ഗം പോലെ ചവച്ചരയ്ക്കപ്പെട്ടു ,
അവസാന സ്വാദും ഊറ്റിക്കുടിച്ചു ,
അവസാനം കയ്പ്പ് മാത്രം അവശേഷിക്കുമ്പോള്‍
എവിടേയ്ക്കോ തുപ്പി എറിയുന്ന പ്രണയം.....

ഒഴുകിത്തീരുംമുമ്പേ നിലച്ചു പോയ ഒരു കണ്ണുനീര്‍ത്തുള്ളിയുടെ
മറുവശത്ത് ഉള്ള നീയും
ആരുടെയോ സഹോദരി ആവാം......മകള്‍ ആവാം ....ഭാര്യ ആവാം....

നീയും ഞാനും എന്നതിനുമപ്പുറം "നീയും നിന്‍റെ മിനുത്ത ശരീരവും'
എന്നിലെ അര്‍ജുനന്‍ ലക്ഷ്യം വയ്ക്കുന്ന പക്ഷി ആവുമ്പോള്‍
നന്മയുടെ മഹാഭാരതം തോറ്റ നിലത്ത്,പെണ്ണിന്‍റെ നിസഹായമായ
കണ്ണീരു വീഴുമ്പോള്‍ ...
ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ ശകുനിമാരുടെ കൌടില്യത്തോടെ
അരങ്ങു വാഴുമ്പോള്‍.....
കവചകുണ്ഡലങ്ങള്‍ അറുത്തു ദാനം ചെയ്തു
എന്നിലെ കര്‍ണന്‍ നിസ്സഹായനാവുന്നു....
നിനക്ക് വേണ്ടി ഇനി ബാക്കിയുള്ളത്
എന്‍റെ തൂലിക മാത്രമാണ് ....
ചിലപ്പോഴൊക്കെ നെഞ്ച് നനച്ചു ഒഴുകുന്ന ചുവന്ന മഷിയില്‍
മുക്കി എഴുതാന്‍.....

പാതിരാ സൂര്യന്‍ ഉദിക്കാതെ ഇരിക്കട്ടെ ....
അഴിച്ചുവച്ച മുഖംമൂടികള്‍ക്ക് പിന്നിലെ പരിചിതമായ മുഖങ്ങളെ
കാണാതിരിക്കാന്‍ വേണ്ടി എങ്കിലും....
 —

Thursday, June 7, 2012

അച്ഛന്‍ .....കാലം മാറ്റി വരച്ച ചിത്രം.....

അച്ഛന്‍.....


എന്നും പരുക്കന്‍ മുഖംമൂടികളില്‍ തളച്ചിടപ്പെട്ട ..അല്ലെങ്കില്‍ തെറ്റിദ്ധരിക്കപ്പെട്ട ഒരു കഥാപാത്രം....

എന്‍റെ ബാല്യത്തിന്‍റെ ഓര്‍മ്മപ്പെയ്ത്തുയ്കളില്‍ ,എന്‍റെ മധ്യവേനല്‍ അവധികളില്‍ മാത്രം 
വിരുന്നു വന്നിരുന്ന ഒരു ട്രങ്ക് പെട്ടിയുടെ ചിലമ്പിച്ച ശബ്ദം ...വൃത്തിയായി മടക്കി വച്ച ഒന്ന് 
രണ്ടു പട്ടാള യൂനിഫോര്‍മുകള്‍ .... ഏതോ ഹെയര്‍ ഓയിലിന്‍റെ കടുത്ത ഗന്ധം,...എന്‍റെ
 ബാല്യം എന്‍റെ കൊച്ചു വീടിന്‍റെ ഏതോ കോണുകളില്‍ മാത്രമായി ചുരുങ്ങിയിരുന്ന ദിനങ്ങള്‍......

അറിയാതെ ഉയര്‍ന്നു പോകുന്ന ശബ്ദം പോലും ,അടക്കി പിടിച്ചു ,ഭയന്ന് ,അമ്മയുടെ 

സാരിത്തുമ്പില്‍ അഭയം കണ്ടെത്തിയിരുന്ന ഒരു മെലിഞ്ഞ കൊച്ചു പയ്യന്‍ ,ഇന്നും മനസിലെങ്കിലും മാറ്റമില്ലാതെ അവശേഷിക്കുന്നു...

കൊമ്പന്‍ മീശയ്ക്കു ഒപ്പം ,പരുക്കന്‍ ഭാവം മറ ചാര്‍ത്തിയ ആ നെഞ്ചില്‍ ..എനിക്കായി ഒളിച്ചു 
വച്ചിരുന്ന ഒരു സ്നേഹക്കടല്‍ പലപ്പോഴും ഞാന്‍ കാണാതെ പോയോ???
മുപ്പതു വര്‍ഷത്തിന്‍റെ പട്ടാള ജീവിതം ആ കൈകാലുകളെ തളര്‍ത്തുമ്പോഴും ,എന്‍റെ കൈ കാലുക
ള്‍ 

വളരുവാന്‍ വേണ്ടി സ്വന്തം ജീവിതത്തിന്‍റെ നല്ല ഭാഗം ഹോമിച്ച ആ മനസ് ഞാന്‍ 
തിരിച്ചറിയുവാന്‍ താമസിച്ചോ......???

മരുന്നും മരണവും മണക്കുന്ന ആശുപത്രി കിടക്കയില്‍, അര്‍ദ്ധരാത്രിയുടെ ഏതോ യാമത്തില്‍ 
എന്‍റെ മുടിയിഴകള്‍ക്ക് ഇടയിലൂടെ ഇഴഞ്ഞു നടന്ന വിരലുകളുടെ പൊരുളറിയാതെ ഞെട്ടി 
ഉണര്‍ന്ന ഞാന്‍ കണ്ടത്, എന്നെ നോക്കി നിറഞ്ഞു ഒഴുകുന്ന കണ്ണുകളുമായി ഉറങ്ങാതിരിക്കുന്ന ആപരുക്കന്‍ പട്ടാളക്കാരനെയാണ്....


നിറഞ്ഞൊഴുകിയ സ്നേഹക്കടലില്‍,മനസ്സില്‍ എങ്ങോ പൊടിപിടിച്ചു കിടന്ന 'അച്ഛന്‍' എന്ന 
ചിത്രം കഴുകി വെടിപ്പാക്കപ്പെടുകയായിരുന്നു....

പ്രവാസ ജീവിതത്തിന്‍റെ വന്നു പോകുന്ന അവധിക്കാലങ്ങളുടെ ഏറ്റവും അവസാനം, യാത്ര
 പറയാന്‍ ചെന്നപ്പോള്‍ ആരും കാണാതെ എന്നെ നെഞ്ചോടു ചേര്‍ത്ത് പിടിച്ച ആ കൈകള്‍ 
വിറയ്ക്കുന്നുണ്ടായിരുന്നു....


നിറഞ്ഞൊഴുകിയ ആ കണ്ണുകള്‍ പറയാതെ ഒരുപാട് പറഞ്ഞു.....ആ തോളിലെ ഭാരം ഇറക്കി 
വയ്കാന്‍ ആവാത്ത ഒരു നിസ്സഹായനായ മകനായി ഞാന്‍ നിന്നു......


ഇതു എന്‍റെ 'പപ്പയ്ക്ക്' വേണ്ടിയാണ്........

അര്‍ദ്ധരാത്രിയിലെ ഈ അക്ഷരപ്പെയ്ത്ത്.....
ഞാന്‍ സ്നേഹിക്കാന്‍ മറന്നു പോയ എന്‍റെ പപ്പയ്ക്ക് വേണ്ടി.....എഴുതി തീര്‍ക്കാന്‍  ഈ 
അക്ഷരക്കൂട്ടുകള്‍  പോരാ...

എന്‍റെ പപ്പയ്ക്ക് ഒരുപാട് സ്നേഹത്തോടെ..........

Sunday, May 6, 2012

ചിതല്‍ പ്രണയങ്ങള്‍......

എന്റെ സ്വപ്നങ്ങളുടെ എഴുതിപ്പഴകിയ താളുകളില്‍ ഒന്നില്‍ നിന്റെ പേര് ഞാന്‍ കണ്ടു....
എന്നിട്ടും ഞാന്‍ അറിഞ്ഞില്ല അത് വരാന്‍ പോകുന്ന - പാഠഭേദങ്ങളുടെ നിറപ്പകര്ച്ചയ്ക്ക് കാരണം ആവുമെന്ന്.....

ഒരു മഴ പെയ്തു തോര്‍ന്ന പോലെ എന്നില്‍ നിറഞ്ഞു പെയ്തു നീ അകന്നു മാറിയപ്പോഴും ഞാന്‍ ഓര്‍ത്തില്ല,

നിന്റെ കണ്ണുകള്‍ നിറയാതിരിക്കാന്‍ ഞാന്‍ ഏറ്റു വാങ്ങിയ കണ്ണുനീര്‍ത്തുള്ളികളെ ഒന്നാകെ ഒരു ജീവിത കാലത്തേയ്ക്ക് നീ എനിക്ക് സമ്മാനിക്കുമെന്നു..

അന്തിസൂര്യന്‍റെ ചുവപ്പിനു മഴയുടെ കരിമ്പടക്കെട്ടു വീണ ഒരു വൈകുന്നേരം, നീ എനിക്ക് നല്‍കിയ നിന്‍റെ പ്രാരാബ്ധങ്ങളുടെ കെട്ടുകള്‍ക്ക് പകരം ഞാന്‍ തന്നത് എന്റെ ജീവിതം തന്നെ ആയിരുന്നില്ലേ?

നിന്‍റ കാലദോഷങ്ങളുടെ ദിനരാത്രങ്ങളെ എന്‍റെ അദ്ധ്വാനത്തിന്റെ വിയര്‍പ്പുകൊണ്ട് ഞാന്‍ കഴുകി മാറ്റിയില്ലേ?

കാറ്റ് തലതല്ലിക്കീറുന്ന വാകമരങ്ങള്‍ക്ക് താഴെ നീ എന്‍റെ നെഞ്ചോടു ചേര്‍ന്നിരുന്നപ്പോള്‍ ഞാന്‍ അഹങ്കരിച്ചു....
അപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല ,ഒരിക്കല്‍ കാറ്റും വാകമരത്തെ പ്രണയിച്ചിരുന്നെന്ന്.



എരിഞ്ഞു തീരുന്ന സൂര്യനെ സാക്ഷിയാക്കി, പാതി കൂമ്പിയ താമരയിതളുകളുടെ സുഗന്ധത്തില്‍ നീ എന്നെ ലയിപ്പിച്ചപ്പോള്‍ ഞാന്‍ ലോകത്തോട് ചിരിച്ചു....
അപ്പോഴും ഒന്ന് ഞാന്‍ അറിഞ്ഞില്ല....
സഫലമാകാത്ത ഒരു പ്രണയത്തിന്‍റെ ബാക്കി പത്രവുമായി ആണ്
സൂര്യന്‍ ഇന്നും താമരയെത്തേടി ഭൂമിയെ ചുറ്റുന്നത് എന്ന്.....



നീ നടന്നകന്ന വഴിത്താരകളില്‍ കൂടി ഒരിക്കല്‍ തിരികെ വന്നാല്‍
ഈ വഴിയരികിലെ ചുവന്ന പൂക്കള്‍ നിന്നെ നോക്കി ചിരിക്കും...
എന്‍റെ ഹൃദയ രക്തം വീണു ചുവന്നതാണ് അവ....

നാം മഴ നനഞ്ഞ തീരങ്ങളില്‍ ,നീ ഒരിക്കല്‍ കൂടി മഴ നനയാന്‍ വന്നാല്‍ , മഴത്തുള്ളികള്‍ നിനെ നോക്കി ചിരിക്കും ....
ഞാന്‍ നെഞ്ചില്‍ ഏറ്റു വാങ്ങിയ നിന്‍റെ കണ്ണുനീര്‍ത്തുള്ളികളാണ് അവ.......

ഇവിടെ
മണല്‍ക്കൂനകള്‍ക്കിടയില്‍ കളഞ്ഞു പോയ എന്‍റെ ജീവിതം ഇനി തിരയാന്‍ ഞാനില്ല....

എഴുതി തീരാതെ ഇനിയും താളുകള്‍ ബാക്കിയാവുമ്പോള്‍,
എഴുതി എഴുതി എന്‍റെ നെഞ്ചിലെ മഷിക്കുപ്പിയിലെ
ചോര വാര്‍ന്നു തീര്‍ന്നിരിക്കുന്നു.......

പാതിഅടഞ്ഞുതുടങ്ങിയ കണ്ണുകള്‍ ,എന്നെ യാത്രയ്ക്കൊരുക്കുമ്പോള്‍  
ഒരു വാചകം എഴുതാനുള്ള മഷി ഞാന്‍ ബാക്കി വയ്ക്കുന്നു....


"ഞാന്‍ സത്യമായും നിന്നെ സ്നേഹിച്ചിരുന്നു "....

Saturday, March 17, 2012

ഒരു മദ്യപാനവും ,കുറെ സ്മാര്‍ത്ത വിചാരികളും

മുന്നറിയിപ്പ്: 


എന്‍റെ മുന്‍കാല പോസ്റ്റുകളില്‍ ഒന്നില്‍ എഴുതിയ പോലെ ഇതു ഒരു 'സംഭവ' കഥ എന്നൊക്കെ പറയാം.....എന്നാല്‍ വായിച്ചുകഴിയുമ്പോള്‍  ഇതില്‍  യാതൊരു വിധ സംഭവങ്ങളും ഉണ്ടായിരുന്നില്ല    എന്ന് മാന്യ വായനക്കാരന് തോന്നിയാല്‍ അദേഹത്തിന് ഉണ്ടായ സമയ നഷ്ടത്തിനും മാനഹാനിക്കും ഒന്നും ഞാന്‍ ഉത്തരവാദി അല്ല എന്ന് സദയം പറഞ്ഞു കൊള്ളട്ടെ....

 ഒപ്പം  ഇതു മദ്യത്തെ കുറിച്ചുള്ള ഒരു പോസ്റ്റ്‌ ആയതിനാല്‍  ഇതു വായിച്ചു  ആരും വഴിതെറ്റിപ്പോകാതെ ഇരിക്കാന്‍ "മദ്യപാനം  ആരോഗ്യത്തിനു ഹാനികരം" എന്നു  ഒരു  അറിയിപ്പും കൂടി കൂടെ ചേര്‍ക്കുന്നു....പരസ്യം   കണ്ടു  " വയ്കിട്ടെന്താ  പരിപാടി എന്ന് ചോദിച്ചു  മക്കള്‍ വഴിപിഴച്ചുപോയി  എന്ന് സദാചാരവാദികള്‍  കരയുകയും,പ്രതിഷേധിക്കുകയും  ചെയ്തപോലെ ,എന്‍റെ പോസ്റ്റ്‌ വായിച്ചു ആരെങ്കിലും  കിറുങ്ങി പോയാല്‍  അതിനും  ഞാന്‍  ഉത്തരവാദിയല്ല.......

ഇനി ഒക്കെ നിങ്ങളുടെ വിധി......


പ്രവാസ ജീവിതത്തിന്‍റെ  സമ്മാനമായ ഈ 'നൊസ്റ്റാള്‍ജിയ"  എന്ന അതിഭീകര  അസുഖത്തിന്‍റെ ഒരു ചെറിയ  വാങ്ങല്‍  ഒക്കെ എനിക്കും ഇല്ലാതില്ല.....പണ്ടേ  പ്രവാസി ആയ  ചില നാട്ടു വൈദ്യന്മാര്‍  ഉപദേശിച്ചതും .അവര്‍ ഉപയോഗിച്ച്  വിജയിപ്പിച്ചതുമായ ഒന്നാണ് ഈ 'ലഹരി' എന്നൊക്കെ  സ്റ്റൈലില്‍  വിളിക്കുന്ന നമ്മുടെ കളള്....അതെ ...സംശയിക്കണ്ട ...ലവന്‍ തന്നെ...'കളര്‍'. എന്നും  'പട്ട'  എന്നും 'വാററ്' എന്നും പലപേരുകളില്‍  ,പല രൂപങ്ങളില്‍ ,പല നാടുകളില്‍ ..എന്തിനേറെ  ഈ ഭൂതലം ഒട്ടാകെ നിറഞ്ഞു നില്‍ക്കുന്ന നമ്മുടെ  "കുപ്പി."......

അപ്പൊ ഈ കഥയിലെ  കഥാനായിക , പതിവുപോലെ  എന്‍റെ ഭാര്യ (വെറുതെ അല്ല ഭാര്യ എന്ന് ഇതു വായിച്ചുകഴിയുമ്പോള്‍ നിങ്ങള്ക്ക് മനസിലാകും) തന്നെ  ആണ്....എല്ലാ മലയാളികളെയും  പോലെ ഞാനും  എന്‍റെ വിശ്രമവേളകള്‍  ആനന്ദകരം ആക്കാന്‍  അല്പസ്വല്പം  (ഭാര്യ ഉള്ളത് കൊണ്ട് ആണ് ഈ അല്പസ്വല്പം )  മരുന്ന്  വാങ്ങി വയ്ക്കുകയും  ,അവധി ദിവസം  ആഘോഷിക്കാന്‍  എന്ന പേരിലാണ് വാങ്ങുന്നതെങ്കിലും , മിക്ക ദിവസവും ഓരോ കാരണങ്ങള്‍ ഉണ്ടാക്കി  അത് അല്പാല്പമായി സേവിക്കുകയും ചെയ്യും...കാരണങ്ങള്‍ പലതുമാവാം....ജോലിയിലെ ടെന്‍ഷന്‍ , കൂട്ടുകാരന്‍റെ  വിഷമം,സച്ചിന്‍ സെഞ്ചുറി അടിച്ചു,ഇന്ത്യ  തോറ്റു, അമ്മ കരഞ്ഞു, അപ്പന്‍ ചിരിച്ചു,അവള്‍ ആണെങ്കില്‍ എത്രയൊക്കെ ഞാന്‍ അഭിനയിച്ചാലും  അവാര്‍ഡു തരില്ല എന്ന വാശിയിലും....ആകെ ഉള്ളത് ഒരു സ്റ്റുഡിയോ ഫ്ലാറ്റ്‌ ആണ്. അപ്പൊ ഇവനെ ഒളിച്ചു വയ്ക്കാന്‍ സ്ഥലമില്ല...തന്നെയുമല്ല എവിടെ  ഒളിച്ചു വച്ചാലും  അവള്‍ സുരേഷ് ഗോപിയെ പോലെയാണ്......"കണ്ടുപിടിച്ചുകളയും"..ഹാ..... 
എന്‍റെ ഈ ഒളിച്ചു വയ്ക്കലും ,അവളുടെ കണ്ടു പിടിക്കലും കളി  ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ലെന്നു  തോന്നിയത് കൊണ്ട് പിന്നെ ഞാന്‍ കണ്ടുപിടിച്ച  വഴിയാണ് ആയുധം  വച്ച് കീഴടങ്ങുകയും, പിന്നെ അഭിനയിച്ചു  സെന്റി വര്‍ക്ക്‌ഔട്ട്‌  ചെയ്യിപ്പിച്ചു കുപ്പി  തിരികെ  വാങ്ങികയും ചെയ്യുക എന്നത്.... അതില്‍  അവള്‍ വീഴുകയും ചെയ്യുമായിരുന്നു.....എന്നെകിലും  ഞാന്‍ ഒരു നടനായാല്‍  (ചുമ്മാ പേടിപ്പിക്കാന്‍ പറഞ്ഞതാ) എന്‍റെ അഭിനയത്തിന്‍റെ  കളരി എന്‍റെ  വീട് തന്നെ ആണെന്ന് പറയേണ്ടി വരും...... അപ്പൊ  പറഞ്ഞു വന്നത്,..ഈ അഭിനയക്കളരി  അങ്ങനെ നീണ്ടു പോകവേ, എന്‍റെ എല്ലാ  പ്രതീക്ഷകളെയും തെറ്റിച്ചു കൊണ്ട് പെട്ടെന്ന്  എന്‍റെ  ഒരു അവധി ദിനത്തിന്‍റെ  തലേന്ന് അവള്‍ക്കു ബോധോദയം  ഉണ്ടായി.....പിറ്റേന്ന്  അവധി ആയതുകൊണ്ടും ,ആഘോഷിക്കാം എന്ന് ഉള്ളത് കൊണ്ടും  ജോലി കഴിഞ്ഞു  ചാടിത്തുള്ളി വീട്ടില്‍ എത്തിയ എന്‍റെ എല്ലാ സ്വപ്നങ്ങളെയും  തകിടം മറിച്ചു കൊണ്ട്,ആ പ്രഖ്യാപനം  ഉണ്ടായി...." രണ്ടു ദിവസം മുന്നേ  നാട്ടിലെ  അമ്മാവന്  നെഞ്ചുവേദന വന്നു ആശുപത്രിയില്‍ ആണെന്ന്  കള്ളം പറഞ്ഞ്  ,അതിന്റെ വിഷമത്തിന് എന്നോട് രണ്ടു പെഗ്ഗ്  വാങ്ങിയില്ലേ...ഇനി തരില്ല...ഈ ആഴ്ച  ഇനി കിട്ടും എന്ന് വിചാരിക്കുകയും വേണ്ടാ......." അത്തവണത്തെ  അവാര്‍ഡു കമ്മിറ്റിയുടെ മുന്നില്‍ എന്‍റെ യാതൊരുവിധ  വേഷങ്ങളും ഫലിച്ചില്ല.....

( ഈ രണ്ടു പെഗ്ഗ് എന്നൊക്കെ ഞാന്‍ പറയുമ്പോള്‍  സര്‍വലോക കുടിയന്മാര്‍ കരുതും ഞാന്‍ അവരുടെ സംഘടനയ്ക്ക്  തന്നെ അപമാനം ആണെന്ന്....എന്നാല്‍ ഞാനും ഒരു മലയാളി അല്ലേ കൂട്ടുകാരാ....നമ്മുക്ക് തന്ന അത്രയും കുരുട്ടു ബുദ്ധി വേറെ ഏതെങ്കിലും നാട്ടുകാര്‍ക്ക് ദൈവം കൊടുത്തിട്ടുണ്ടോ? ഈ മുന്‍പ് പറഞ്ഞ രണ്ടു പെഗ്ഗ് കഴിക്കാന്‍ വേണ്ടി കുപ്പി ഇരിക്കുന്ന സ്ഥലം  അവള്‍ കാണിച്ചു തരും... ഇങ്ങനെ ഉള്ള സാഹചര്യങ്ങളില്‍ നമ്മള്‍ പതറരുത്  എന്നാണു  എനിക്ക് പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍  ആദ്യ  പെഗ്ഗ് ഒഴിച്ചു തന്ന എന്‍റെ  അമ്മാവന്‍ പറഞ്ഞു തന്നത്....വീട്ടിലെ  ഗ്ലാസുകളുടെ  കണക്കില്‍ പെടാത്ത ഒരു ഗ്ലാസ്‌ ,ഞാന്‍ കുളിമുറിയില്‍ ഇരിക്കുന്ന  വാഷിംഗ് മെഷീനിന്റെ  പിറകില്‍  ഒളിച്ചു   വച്ചിട്ടുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് പ്രസ്തുത കുപ്പി ഒളിപ്പിച്ചു കടത്തി ,കുളിമുറിയിലെ ഗ്ലാസ്‌ നിറയ്ക്കുകയും ,അടിക്കുകയും ചെയ്യും. അപ്പൊ ഔദ്യോകികമായ രണ്ടു പെഗ്ഗ്  കഴിയുമ്പോഴേയ്ക്കും  ഞാന്‍ അനൌദ്യോകികമായി  ഒരു മൂന്നെണ്ണം കൂടി അകത്താകിയിട്ടുണ്ടാവും.....ഇനി പറ.....ഞാന്‍ നിങ്ങള്ക്ക് അപമാനം ആണോ സഹയാത്രികാ?????)  

ഇനി പറഞ്ഞു വന്ന ദിവസത്തിലേയ്ക്ക്  തിരിച്ചു പോകാം...അത്തവണത്തെ  എന്‍റെ  ശോകാഭിനയം ഒന്നും ഫലിച്ചില്ല എന്ന് പറഞ്ഞല്ലോ???? നോക്കാവുന്നിടത്തെല്ലാം  ഞാന്‍ നോക്കി..പക്ഷെ അവള്‍ ഒളിപ്പിച്ചു വച്ച കുപ്പി കണ്ടുപിടിക്കാന്‍  ഞാന്‍ അല്ല ,സേതുരാമയ്യര്‍  വന്നാലും നടക്കില്ലെന്ന അഹങ്കാരം മുഖത്ത് എഴുതി ഒട്ടിച്ചു നില്‍ക്കുന്ന അവളോട്‌  അപേക്ഷിക്കാന്‍  എന്‍റെ അഭിമാനം സമ്മതിക്കുന്നുമില്ല......അങ്ങനെ  ആറു മണി ഏഴായി,എട്ടായി, എട്ടര ആയി....ഒരു സ്റ്റുഡിയോ ഫ്ലാറ്റില്‍  ഇതില്‍ ഏറെ  ഇനി എവിടെ തിരയാന്‍?????.ഇപ്പോ ,ഓസ്ട്രേലിയന്‍ പര്യടനം കഴിഞ്ഞു ഹതാശരായി  തിരിച്ചു വന്ന ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീമിനെ പോലെ ഞാനും ,ശ്രീശാന്തിനെ  തല്ലിയ ഹര്‍ഭജനെ പോലെ അവളും.നിലകൊണ്ടു .....അവസാനം ഒരു ഒന്‍പതു മണി ആയപ്പോ അന്നത്തെ എന്‍റെ പ്രയത്നങ്ങള്‍  ഏറെക്കുറെ അവസാനിപ്പിച്ച് കുളിക്കാന്‍ ഞാന്‍ തീരുമാനിച്ചു കുളിമുറിയില്‍ കയറി....കുളിമുറിയിലെ ഒളിപ്പിച്ചു വച്ച  ഗ്ലാസ്സിനെ പറ്റി അറിയാത്തത് കൊണ്ടും , ഗ്ലാസില്ലാതെ  അടിക്കാന്‍ പറ്റില്ല എന്ന് അവള്‍ക്കു അറിയാം എന്നുള്ള അഹങ്കാരം കൊണ്ടും അവള്‍ ഒന്നും പറഞ്ഞില്ല....

കുളി തുടങ്ങിയ ഞാന്‍.....  ഒരു  കര്‍ഷകന്‍,   ചത്തുപോയ  തന്‍റെ  പശുവിനെ  നോക്കി  കരയുന്നത് പോലെ , അവളുടെ  അഹന്തയ്ക്ക് മേല്‍  എന്‍റെ അഭിമാനമായി നിലകൊള്ളുന്ന ആ  ഗ്ലാസ്സെങ്കിലും  കണ്ടു തൃപ്തിയടയാം  എന്ന് കരുതി  വാഷിംഗ്  മെഷീന്‍  പതിയെ നീക്കി ...ഈ  തടികുറയ്ക്കാന്‍  ഉള്ള മരുന്നിന്റെ ഒക്കെ പരസ്യത്തില്‍ പറയും പോലെ ,എനിക്ക് എന്‍റെ കണ്ണുകളെ  വിശ്വസിക്കാന്‍ ആയില്ല.........അതെ .......മുടിയനായ  പുത്രന്‍ തിരിച്ചു വന്ന അപ്പന്റെ സന്തോഷത്തെക്കാള്‍  അപ്പോഴത്തെ നിമിഷത്തില്‍ ഞാന്‍  സന്തോഷിച്ചിട്ടുണ്ടാവും....എന്‍റെ  കാണാതെ പോയെന്നു  അവള്‍ പറയുന്ന  'കളള് കുപ്പി 'അവള്‍ ഒളിപ്പിച്ചു വച്ചതും  അതെ വാഷിംഗ്  മെഷീന്റെ  പിറകില്‍ തന്നെ ആയിരുന്നു....ഈ കള്ളത്തരം  കാണിക്കുമ്പോള്‍  ലൈറ്റ്  ഇടാറില്ല  എന്നത് കൊണ്ട് തന്നെ ആ കുഞ്ഞു ഗ്ലാസ്‌  അവിടെ ഇരിക്കുന്നത്  അവളും  കണ്ടിട്ടുണ്ടാവില്ല .....

അന്ന് കുളിക്കാന്‍ പതിവിലേറെ  സമയം എടുത്തു  എന്നതിന്റെ പേരില്‍  ഒരു പെറ്റികേസ്  എങ്കിലും  ചാര്‍ജു  ചെയ്യും എന്ന് ഞാന്‍ കരുതി  എങ്കിലും , ആഗ്രഹിച്ചപ്പോള്‍  കുടിക്കാന്‍ കഴിയാതിരുന്ന ഒരു പാവം മലയാളിയുടെ  നിസ്സഹായ അവസ്ഥ ഓര്‍ത്തു അവള്‍  എന്നെ നിരുപാധികം വെറുതെ വിട്ടു.....ശേഷം...എന്നെ  തോല്‍പ്പിച്ച  സന്തോഷത്തില്‍  അവളും , അടുത്ത ദിവസം  എന്ത് വേഷം കെട്ടും  എന്നോര്‍ത്ത് ഞാനും   സുഖ നിദ്രയിലേക്ക്.....


ശുഭം...........


Monday, February 20, 2012

കാമുകിയ്ക്ക് ......സ്നേഹ പൂര്‍വം....


പ്രവാസത്തെ ഞാന്‍ വിവാഹം കഴിച്ചു......
അതിനും വളരെ മുന്‍പ് പ്രണയത്തില്‍ ആയിരുന്നു ഞാന്‍ .......
സുന്ദരിയായ എന്‍റെ നാടുമായി....
ഒരു പക്ഷെ എണ്ണപ്പണത്തിന്‍റെ കൊഴുപ്പും, തിളപ്പും ഉണ്ടാവില്ലായിരിക്കാം......
മുഖം മിനുക്കാവുന്ന വഴിത്താരകളും , വിമാനങ്ങളുടെ വഴി തടയുന്ന സൗധങ്ങളും ഇല്ലായിരിക്കാം....
എന്നാലും അവള്‍ സുന്ദരിയായിരുന്നു...
തുലാമഴയില്‍ കുളിച്ചു,നനഞ്ഞ മുടി ഈറന്‍ കാറ്റില്‍ തുവര്‍ത്തി,
എന്‍റെ നെഞ്ചിലെ ഓര്‍മകളുടെ ചുവന്ന വൈകുന്നേരങ്ങളെ 
തൊട്ടു ചന്ദനക്കുറി ചാര്‍ത്തി........
സന്ധ്യാ ദീപങ്ങളും ,മെഴുതിരി വെളിച്ചങ്ങളും ഒരു പോലെ അവള്‍ക്കു അഴകു ചാര്‍ത്തി......
എന്‍റെ കണ്ണീരും ,ചിരികളും ചെന്നലച്ചു വീണ വിദ്യാലയം അവള്‍ക്കു അഴക്‌ ഏറ്റുന്ന ഹാരമായി....
സ്കൂള്‍ മൈതാനത്തിലെ ,കലപിലകള്‍ക്ക് ഇടയില്‍ ,
തനിച്ചിരുന്ന എന്‍റെ ചെവിയില്‍ ഇളംകാറ്റായി അവള്‍ ഇക്കിളി കൂട്ടി.....
എന്‍റെ ബാല്യം,കൌമാരത്തിനും, കൌമാരം യൌവനത്തിനും ,വഴിമാറിയപ്പോഴും, അവള്‍ എന്നെ പ്രണയിച്ചു കൊണ്ടേയിരുന്നു.....
പ്രാരാബ്ദങ്ങളുടെ ഭാണ്ഡം എന്‍റെ തോളില്‍ മുറുകിയപ്പോള്‍ ,
അവള്‍ ദരിദ്രയാണെന്ന് ഞാനും ,ഞാന്‍ ദരിദ്രനാണെന്ന് അവളും തിരിച്ചറിഞ്ഞു....
തുലാസില്‍ എന്നപോലെ ആടിയ ഭാവിക്ക് , ഏഴാംകടലിനു അപ്പുറത്ത് സ്വര്‍ണം പൊതിഞ്ഞ ഒരു കനല്‍പ്പാട് ഉണ്ടെന്നു അവള്‍ പറഞ്ഞു....
സ്വപ്‌നങ്ങള്‍ വാരികൂട്ടിയ ഭാണ്ഡത്തിനു ,കെട്ടു മുറുക്കാന്‍ 
അച്ഛനും അമ്മയും ഒപ്പം കൂടി....
എല്ലാമറിയുന്ന അനുജത്തിയുടെ കണ്ണുനീര്‍ മൂര്‍ധാവില്‍ വീണു ചിതറി....
അവസാനം .....
ഇരുളിന്റെ മറവില്‍ പടിയിറങ്ങുമ്പോള്‍ ,
കാത്തിരിക്കാന്‍ എന്‍റെ പ്രിയയോടു പറഞ്ഞു ..
പിന്നെ ഏഴു കടലിനപ്പുറത്ത് ഞാന്‍ വിവാഹം കഴിച്ചു ....
വരണ്ടുണങ്ങിയ.......വാര്‍ധക്യം ബാധിച്ച ഈ പ്രവാസത്തെ.....
നാലു മഴക്കാലങ്ങള്‍ക്ക് അപ്പുറം ഇന്നും ...
.അന്ന് മൂര്‍ധാവില്‍ വീണ അനുജത്തിയുടെ കണ്ണുനീര്‍ ഉണങ്ങിയിട്ടില്ല.....
പ്രവാസത്തിന്റെ ഭാണ്ഡത്തില്‍ നിന്നും ,അച്ഛന്റെയും അമ്മയുടെയും കൈകള്‍ അയഞ്ഞിട്ടുമില്ല....
കാത്തിരിക്കുന്നത് അവള്‍ മാത്രം.....
എന്‍റെ നാട്....

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി