ഇതിലേ വന്നു പോയവര്‍

Monday, February 20, 2012

കാമുകിയ്ക്ക് ......സ്നേഹ പൂര്‍വം....


പ്രവാസത്തെ ഞാന്‍ വിവാഹം കഴിച്ചു......
അതിനും വളരെ മുന്‍പ് പ്രണയത്തില്‍ ആയിരുന്നു ഞാന്‍ .......
സുന്ദരിയായ എന്‍റെ നാടുമായി....
ഒരു പക്ഷെ എണ്ണപ്പണത്തിന്‍റെ കൊഴുപ്പും, തിളപ്പും ഉണ്ടാവില്ലായിരിക്കാം......
മുഖം മിനുക്കാവുന്ന വഴിത്താരകളും , വിമാനങ്ങളുടെ വഴി തടയുന്ന സൗധങ്ങളും ഇല്ലായിരിക്കാം....
എന്നാലും അവള്‍ സുന്ദരിയായിരുന്നു...
തുലാമഴയില്‍ കുളിച്ചു,നനഞ്ഞ മുടി ഈറന്‍ കാറ്റില്‍ തുവര്‍ത്തി,
എന്‍റെ നെഞ്ചിലെ ഓര്‍മകളുടെ ചുവന്ന വൈകുന്നേരങ്ങളെ 
തൊട്ടു ചന്ദനക്കുറി ചാര്‍ത്തി........
സന്ധ്യാ ദീപങ്ങളും ,മെഴുതിരി വെളിച്ചങ്ങളും ഒരു പോലെ അവള്‍ക്കു അഴകു ചാര്‍ത്തി......
എന്‍റെ കണ്ണീരും ,ചിരികളും ചെന്നലച്ചു വീണ വിദ്യാലയം അവള്‍ക്കു അഴക്‌ ഏറ്റുന്ന ഹാരമായി....
സ്കൂള്‍ മൈതാനത്തിലെ ,കലപിലകള്‍ക്ക് ഇടയില്‍ ,
തനിച്ചിരുന്ന എന്‍റെ ചെവിയില്‍ ഇളംകാറ്റായി അവള്‍ ഇക്കിളി കൂട്ടി.....
എന്‍റെ ബാല്യം,കൌമാരത്തിനും, കൌമാരം യൌവനത്തിനും ,വഴിമാറിയപ്പോഴും, അവള്‍ എന്നെ പ്രണയിച്ചു കൊണ്ടേയിരുന്നു.....
പ്രാരാബ്ദങ്ങളുടെ ഭാണ്ഡം എന്‍റെ തോളില്‍ മുറുകിയപ്പോള്‍ ,
അവള്‍ ദരിദ്രയാണെന്ന് ഞാനും ,ഞാന്‍ ദരിദ്രനാണെന്ന് അവളും തിരിച്ചറിഞ്ഞു....
തുലാസില്‍ എന്നപോലെ ആടിയ ഭാവിക്ക് , ഏഴാംകടലിനു അപ്പുറത്ത് സ്വര്‍ണം പൊതിഞ്ഞ ഒരു കനല്‍പ്പാട് ഉണ്ടെന്നു അവള്‍ പറഞ്ഞു....
സ്വപ്‌നങ്ങള്‍ വാരികൂട്ടിയ ഭാണ്ഡത്തിനു ,കെട്ടു മുറുക്കാന്‍ 
അച്ഛനും അമ്മയും ഒപ്പം കൂടി....
എല്ലാമറിയുന്ന അനുജത്തിയുടെ കണ്ണുനീര്‍ മൂര്‍ധാവില്‍ വീണു ചിതറി....
അവസാനം .....
ഇരുളിന്റെ മറവില്‍ പടിയിറങ്ങുമ്പോള്‍ ,
കാത്തിരിക്കാന്‍ എന്‍റെ പ്രിയയോടു പറഞ്ഞു ..
പിന്നെ ഏഴു കടലിനപ്പുറത്ത് ഞാന്‍ വിവാഹം കഴിച്ചു ....
വരണ്ടുണങ്ങിയ.......വാര്‍ധക്യം ബാധിച്ച ഈ പ്രവാസത്തെ.....
നാലു മഴക്കാലങ്ങള്‍ക്ക് അപ്പുറം ഇന്നും ...
.അന്ന് മൂര്‍ധാവില്‍ വീണ അനുജത്തിയുടെ കണ്ണുനീര്‍ ഉണങ്ങിയിട്ടില്ല.....
പ്രവാസത്തിന്റെ ഭാണ്ഡത്തില്‍ നിന്നും ,അച്ഛന്റെയും അമ്മയുടെയും കൈകള്‍ അയഞ്ഞിട്ടുമില്ല....
കാത്തിരിക്കുന്നത് അവള്‍ മാത്രം.....
എന്‍റെ നാട്....

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി