ഇതിലേ വന്നു പോയവര്‍

Wednesday, October 23, 2013

സമര്‍പ്പണം .... തുടയ്ക്കാന്‍ കഴിയാതെ പോയ ചില കണ്ണീര്‍ക്കണങ്ങള്‍ക്ക് ...ജോലി കഴിഞ്ഞു വന്നിറങ്ങിയതേ ഉള്ളൂ...സമയം രാത്രി 01:30. ഇവിടെ റോളയില്‍ രാത്രി അതിന്‍റെ വിശപ്പ്‌ തീരെ എല്ലാം തിന്നു തീര്‍ത്തിരിക്കുന്നു .. കടകളും മനുഷ്യരും ഒന്നുപോലും ബാക്കി വയ്ക്കാതെ .. "ഭായ്, നാളെ സെക്കന്റ്‌ ഷിഫ്റ്റ്‌ " .. അടഞ്ഞു പോയ പാതി കണ്‍പോളകള്‍ തുറന്നു ഡ്രൈവറോട് പറഞ്ഞു തീര്‍ത്തു ... കൂടെ ഇറങ്ങിയ ജയേഷ് ഒരു കൈ ഉയര്‍ത്തി ബൈ പറഞ്ഞു നടന്നു നീങ്ങി .. ഞാന്‍ അല്പം കൌതുകത്തോടെ നോക്കി ... ആ കൈ അങ്ങനെ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു ... ഇറങ്ങിയ സ്റ്റോപ്പില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന അത്ര ദൂരമേ ഉള്ളൂ റൂമിനു ... ചെവിയിലെ പാട്ട്കുന്ത്രാണ്ടം വലിച്ചൂരി , ഫുല്സ്ലീവ് ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്തു കയറ്റി ഞാന്‍ ഒരു തനി മലയാളിയായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മുറിയിലേയ്ക്ക് നടന്നു ..... പ്രവാസത്തിന്‍റെ നോവ്‌ തൊട്ടാവാടി മുള്ള് പോലെ ഇരുവശവും ഉള്ള കുടുസ്സു മുറികളില്‍ നിന്നും പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്നു എന്ന് എനിക്ക് തോന്നി .... ഒരു വേള അവയുടെ കുത്തേല്‍ക്കാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴും , എന്‍റെ തലയിലെ മുള്ള് ഞാന്‍ മറന്നു .....

ഇനി കഥയുടെ ട്വിസ്റ്റ്‌ ..

പെട്ടെന്ന് പിറകില്‍ നിന്നും ഒരു ശബ്ദം :"അസലാമു അലൈക്കും "
ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു ....
പാന്റ്സും ബനിയനും ധരിച്ച ഒരാള്‍ എന്‍റെ നേര്‍ക്ക്‌ നടന്നടുക്കുന്നത് ഒട്ടൊന്നു ഞെട്ടലോടെ ഞാന്‍ കണ്ടു ... ദിവസവും മോഷണവും പിടിച്ചുപറിയും നടക്കുന്ന ഷാര്‍ജയുടെ കഥകള്‍ ഓരോ പത്രവാര്‍ത്തകള്‍ എന്നപോലെ മനസ്സിലൂടെ ഒഴുകി ... നല്ല ആകാര സൌഷ്ട്ടവം ... കാഴ്ചയില്‍ ഒരു ഈജിപ്ഷ്യന്‍ .... ഇടകലര്‍ന്നു നരച്ച കുറ്റിത്താടി .... അല്‍പ്പം കുറുകിയ കണ്ണുകളില്‍ തെളിയുന്ന ക്രൌര്യം ..തോള്‍ സഞ്ചി ...... അടുത്തേയ്ക്ക് വന്നു നിന്നു ... ഞാന്‍ കയ്യിലെ ബാഗില്‍ മുറുകെ പിടിച്ചു ... മൊബൈല്‍ പോക്കെറ്റില്‍ ഇട്ടു ഭദ്രമാക്കി .... അയാള്‍ എന്തൊക്കെയോ ആദ്യം അറബിയില്‍ പറഞ്ഞു .. ഞാന്‍ എനിക്ക് അറബി അറിയില്ലെന്ന് ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു .... പെട്ടെന്ന് അയാള്‍ ബാഗില്‍ നിന്നും കുറെ പേപ്പറുകള്‍ പുറത്തെടുത്തു .. വാക്കുകള്‍ തലയറ്റു എന്‍റെ മുന്‍പില്‍ പിടഞ്ഞു വീണു .. "ദിസ്‌ മെഡിസിന്‍ ഫോര്‍ മൈ സണ്‍ ... ഐ ഡോണ്ട് ഹാവ് മണി ... ഹി ഈസ്‌ സീരിയസ് ....." ഞാന്‍ അല്പം ഒന്ന് പകച്ചെങ്കിലും മനസ്സിലൂടെ കടന്നു പോയ ചിന്തകളില്‍ ഒരു തനി മലയാളിയായി ... എന്‍റെ ചിന്തകളില്‍ അയാള്‍ ഒരു കള്ളനും ...... ഇവന് കാശ് കൊടുക്കാന്‍ ഞാന്‍ പേഴ്സ് എടുത്താല്‍ ഇവന്‍ എന്‍റെ തലയ്ക്കു അടിച്ചിട്ട് അതും കൊണ്ട് കടന്നു കളയും ...അപ്പൊ ഇല്ലെന്നു പറയാം ... ഞാന്‍ ജോലി കഴിഞു വരികയാണെന്നും, എന്‍റെ കയ്യില്‍ ഒന്നും ഇല്ലെന്നും ഒരു വിധം പറഞ്ഞൊപ്പിച്ചു.... പെട്ടെന്ന് അയാള്‍ ആ പേപ്പറുകള്‍ തിരികെ വച്ച് , എന്നോട് പറഞ്ഞു ... " മണി .. ഫുഡ്‌ ... നോ ഫുഡ്‌ .... നോ മണി " ..... പ്ലീസ് " .. ആ വാക്കുകള്‍ എന്നെ തളര്‍ത്തി എങ്കിലും എനിക്ക് പേഴ്സ് എടുക്കാന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല .... ഞാന്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു .. അയാള്‍ എനിക്ക് "ശുക്രാന്‍" പറഞ്ഞു നടന്നു നീങ്ങി .. ഒപ്പം രണ്ടു മൂന്നു സോറിയും.....

   *****************************************************************

തിരികെ നടക്കവേ എന്‍റെ മനസ്സ് പതറാന്‍ തുടങ്ങി. ഇനി ശരിക്കും അയാള്‍ പറഞ്ഞത് സത്യം ആണെങ്കിലോ ? അമ്മ പറഞ്ഞുതന്നതൊക്കെ മെല്ലെ ഓര്‍മ്മ വന്നു ....ഞാന്‍ പേഴ്സ് എടുത്തു നോക്കി ... ഒരു പതിനഞ്ചു ദിര്‍ഹം .... ഞാന്‍ പത്തില്‍ കയറിപ്പിടിച്ചു ... കയ്യില്‍ ഒതുക്കി .. തിരികെ ഓടി ചെന്നപ്പോള്‍ തെരുവ് വിളക്കുകളുടെ ഓരം ചേര്‍ന്ന് ഒരു വിളിപ്പാട് അകലെ നടന്നു നീങ്ങുന്ന അയാളെ കണ്ടു കൈകൊട്ടി വിളിച്ചു .. അയാള്‍ തിരിഞ്ഞു നിന്നു .... ഞാന്‍ ആ നോട്ട് അയാളുടെ കയ്യില്‍ തിരുകി ... എന്നിട്ട് പറഞ്ഞു " എന്‍റെ ബാഗില്‍ ഇതേ ഉള്ളൂ .... അയാള്‍ അതുമായി ഒന്നും പറയാതെ നോക്കി നിന്നു ... ഞാന്‍ ഒട്ടൊരു സന്തോഷത്തോടെ തിരിഞ്ഞു നടന്നു ... നാല് ചുവടുകള്‍ക്ക് അപ്പുറം പെട്ടെന്ന് എന്‍റെ തോളില്‍ ഒരു പിടി വീണു .... ഞാന്‍ ഭയന്ന് തിരിഞ്ഞു നോക്കി .. തോള്‍ നന്നേ വേദനിക്കുന്നുണ്ടായിരുന്നു .. അതാ അയാള്‍ ..... അടി എനിക്ക് കിട്ടും എന്ന് ഞാന്‍ ഉറപ്പിച്ചു .... ഒന്നും പറയാതെ ,എന്‍റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അയാള്‍ കയ്യിലെ കീറിയ പേഴ്സില്‍ നിധി പോലെ വച്ച ഒരു കുരുന്നിന്റെ ഫോട്ടോ കാണിച്ചു എന്നെ ..... ഞാന്‍ ആകെ തകര്‍ന്നു .... എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു തരിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തിരികെ നടന്നു തുടങ്ങിയിരുന്നു ..... ഒന്നും പറയാനാവാതെ നാവിറങ്ങിപ്പോയ ഞാന്‍ നോക്കി നിന്നു ..... ആ മനുഷ്യനും തോള്‍ സഞ്ചിയും കാഴ്ചയില്‍ നിന്നും മറയും വരെ .............................. ആരാണെന്നോ എന്താണെന്നോ അറിയാത്ത ആ മനുഷ്യന് വേണ്ടി , ആ കുരുന്നിന് വേണ്ടി ഈ അക്ഷരക്കൂട്ടുകള്‍ എങ്കിലും.......


ജോലി കഴിഞ്ഞു വന്നിറങ്ങിയതേ ഉള്ളൂ...സമയം രാത്രി 01:30. ഇവിടെ റോളയില്‍ രാത്രി അതിന്‍റെ വിശപ്പ്‌ തീരെ എല്ലാം തിന്നു തീര്‍ത്തിരിക്കുന്നു .. കടകളും മനുഷ്യരും ഒന്നുപോലും ബാക്കി വയ്ക്കാതെ .. "ഭായ്, നാളെ സെക്കന്റ്‌ ഷിഫ്റ്റ്‌ " .. അടഞ്ഞു പോയ പാതി കണ്‍പോളകള്‍ തുറന്നു ഡ്രൈവറോട് പറഞ്ഞു തീര്‍ത്തു ... കൂടെ ഇറങ്ങിയ ജയേഷ് ഒരു കൈ ഉയര്‍ത്തി ബൈ പറഞ്ഞു നടന്നു നീങ്ങി .. ഞാന്‍ അല്പം കൌതുകത്തോടെ നോക്കി ... ആ കൈ അങ്ങനെ ഉയര്‍ന്നു തന്നെ നില്‍ക്കുന്നു ... ഇറങ്ങിയ സ്റ്റോപ്പില്‍ നിന്ന് നോക്കിയാല്‍ കാണാവുന്ന അത്ര ദൂരമേ ഉള്ളൂ റൂമിനു ... ചെവിയിലെ പാട്ട്കുന്ത്രാണ്ടം വലിച്ചൂരി , ഫുല്സ്ലീവ് ഷര്‍ട്ടിന്‍റെ കൈകള്‍ തെറുത്തു കയറ്റി ഞാന്‍ ഒരു തനി മലയാളിയായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു മുറിയിലേയ്ക്ക് നടന്നു ..... പ്രവാസത്തിന്‍റെ നോവ്‌ തൊട്ടാവാടി മുള്ള് പോലെ ഇരുവശവും ഉള്ള കുടുസ്സു മുറികളില്‍ നിന്നും പുറത്തേയ്ക്ക് നീണ്ടു നില്‍ക്കുന്നു എന്ന് എനിക്ക് തോന്നി .... ഒരു വേള അവയുടെ കുത്തേല്‍ക്കാതെ ഒഴിഞ്ഞു മാറി നടക്കുമ്പോഴും , എന്‍റെ തലയിലെ മുള്ള് ഞാന്‍ മറന്നു .....

ഇനി കഥയുടെ ട്വിസ്റ്റ്‌ ..

പെട്ടെന്ന് പിറകില്‍ നിന്നും ഒരു ശബ്ദം :"അസലാമു അലൈക്കും "
ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു ....
പാന്റ്സും ബനിയനും ധരിച്ച ഒരാള്‍ എന്‍റെ നേര്‍ക്ക്‌ നടന്നടുക്കുന്നത് ഒട്ടൊന്നു ഞെട്ടലോടെ ഞാന്‍ കണ്ടു ... ദിവസവും മോഷണവും പിടിച്ചുപറിയും നടക്കുന്ന ഷാര്‍ജയുടെ കഥകള്‍ ഓരോ പത്രവാര്‍ത്തകള്‍ എന്നപോലെ മനസ്സിലൂടെ ഒഴുകി ... നല്ല ആകാര സൌഷ്ട്ടവം ... കാഴ്ചയില്‍ ഒരു ഈജിപ്ഷ്യന്‍ .... ഇടകലര്‍ന്നു നരച്ച കുറ്റിത്താടി .... അല്‍പ്പം കുറുകിയ കണ്ണുകളില്‍ തെളിയുന്ന ക്രൌര്യം ..തോള്‍ സഞ്ചി ...... അടുത്തേയ്ക്ക് വന്നു നിന്നു ... ഞാന്‍ കയ്യിലെ ബാഗില്‍ മുറുകെ പിടിച്ചു ... മൊബൈല്‍ പോക്കെറ്റില്‍ ഇട്ടു ഭദ്രമാക്കി .... അയാള്‍ എന്തൊക്കെയോ ആദ്യം അറബിയില്‍ പറഞ്ഞു .. ഞാന്‍ എനിക്ക് അറബി അറിയില്ലെന്ന് ഇംഗ്ലീഷില്‍ പറഞ്ഞൊപ്പിച്ചു .... പെട്ടെന്ന് അയാള്‍ ബാഗില്‍ നിന്നും കുറെ പേപ്പറുകള്‍ പുറത്തെടുത്തു .. വാക്കുകള്‍ തലയറ്റു എന്‍റെ മുന്‍പില്‍ പിടഞ്ഞു വീണു .. "ദിസ്‌ മെഡിസിന്‍ ഫോര്‍ മൈ സണ്‍ ... ഐ ഡോണ്ട് ഹാവ് മണി ... ഹി ഈസ്‌ സീരിയസ് ....." ഞാന്‍ അല്പം ഒന്ന് പകച്ചെങ്കിലും മനസ്സിലൂടെ കടന്നു പോയ ചിന്തകളില്‍ ഒരു തനി മലയാളിയായി ... എന്‍റെ ചിന്തകളില്‍ അയാള്‍ ഒരു കള്ളനും ...... ഇവന് കാശ് കൊടുക്കാന്‍ ഞാന്‍ പേഴ്സ് എടുത്താല്‍ ഇവന്‍ എന്‍റെ തലയ്ക്കു അടിച്ചിട്ട് അതും കൊണ്ട് കടന്നു കളയും ...അപ്പൊ ഇല്ലെന്നു പറയാം ... ഞാന്‍ ജോലി കഴിഞു വരികയാണെന്നും, എന്‍റെ കയ്യില്‍ ഒന്നും ഇല്ലെന്നും ഒരു വിധം പറഞ്ഞൊപ്പിച്ചു.... പെട്ടെന്ന് അയാള്‍ ആ പേപ്പറുകള്‍ തിരികെ വച്ച് , എന്നോട് പറഞ്ഞു ... " മണി .. ഫുഡ്‌ ... നോ ഫുഡ്‌ .... നോ മണി " ..... പ്ലീസ് " .. ആ വാക്കുകള്‍ എന്നെ തളര്‍ത്തി എങ്കിലും എനിക്ക് പേഴ്സ് എടുക്കാന്‍ ഉള്ള ധൈര്യം ഉണ്ടായിരുന്നില്ല .... ഞാന്‍ വീണ്ടും പഴയ പല്ലവി ആവര്‍ത്തിച്ചു .. അയാള്‍ എനിക്ക് "ശുക്രാന്‍" പറഞ്ഞു നടന്നു നീങ്ങി .. ഒപ്പം രണ്ടു മൂന്നു സോറിയും.....തിരികെ നടക്കവേ എന്‍റെ മനസ്സ് പതറാന്‍ തുടങ്ങി. ഇനി ശരിക്കും അയാള്‍ പറഞ്ഞത് സത്യം ആണെങ്കിലോ ? അമ്മ പറഞ്ഞുതന്നതൊക്കെ മെല്ലെ ഓര്‍മ്മ വന്നു ....ഞാന്‍ പേഴ്സ് എടുത്തു നോക്കി ... ഒരു പതിനഞ്ചു ദിര്‍ഹം .... ഞാന്‍ പത്തില്‍ കയറിപ്പിടിച്ചു ... കയ്യില്‍ ഒതുക്കി .. തിരികെ ഓടി ചെന്നപ്പോള്‍ തെരുവ് വിളക്കുകളുടെ ഓരം ചേര്‍ന്ന് ഒരു വിളിപ്പാട് അകലെ നടന്നു നീങ്ങുന്ന അയാളെ കണ്ടു കൈകൊട്ടി വിളിച്ചു .. അയാള്‍ തിരിഞ്ഞു നിന്നു .... ഞാന്‍ ആ നോട്ട് അയാളുടെ കയ്യില്‍ തിരുകി ... എന്നിട്ട് പറഞ്ഞു " എന്‍റെ ബാഗില്‍ ഇതേ ഉള്ളൂ .... അയാള്‍ അതുമായി ഒന്നും പറയാതെ നോക്കി നിന്നു ... ഞാന്‍ ഒട്ടൊരു സന്തോഷത്തോടെ തിരിഞ്ഞു നടന്നു ... നാല് ചുവടുകള്‍ക്ക് അപ്പുറം പെട്ടെന്ന് എന്‍റെ തോളില്‍ ഒരു പിടി വീണു .... ഞാന്‍ ഭയന്ന് തിരിഞ്ഞു നോക്കി .. തോള്‍ നന്നേ വേദനിക്കുന്നുണ്ടായിരുന്നു .. അതാ അയാള്‍ ..... അടി എനിക്ക് കിട്ടും എന്ന് ഞാന്‍ ഉറപ്പിച്ചു .... ഒന്നും പറയാതെ ,എന്‍റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് അയാള്‍ കയ്യിലെ കീറിയ പേഴ്സില്‍ നിധി പോലെ വച്ച ഒരു കുരുന്നിന്റെ ഫോട്ടോ കാണിച്ചു എന്നെ ..... ഞാന്‍ ആകെ തകര്‍ന്നു .... എന്നിലെ സംശയങ്ങളും അഹങ്കാരവും ഇടിഞ്ഞു വീണു തരിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തിരികെ നടന്നു തുടങ്ങിയിരുന്നു ..... ഒന്നും പറയാനാവാതെ നാവിറങ്ങിപ്പോയ ഞാന്‍ നോക്കി നിന്നു ..... ആ മനുഷ്യനും തോള്‍ സഞ്ചിയും കാഴ്ചയില്‍ നിന്നും മറയും വരെ .............................. ആരാണെന്നോ എന്താണെന്നോ അറിയാത്ത ആ മനുഷ്യന് വേണ്ടി , ആ കുരുന്നിന് വേണ്ടി ഈ അക്ഷരക്കൂട്ടുകള്‍ എങ്കിലും.......

ഒരു സ്നേഹക്കടം ...... വീട്ടാന്‍ ആവാത്തത് ....ഇന്ന് എഴുതാനുള്ളത് ഒരു ടീച്ചറെക്കുറിച്ചാണ് ......

 വര്‍ഷങ്ങള്‍ക്കും മുന്‍പ് , ഒരു ശരാശരി വിദ്യാര്‍ത്ഥിയായ ഒരു അഞ്ചാം ക്ലാസ്സുകാരന്‍റെ ഏതോ കുത്തിക്കുറിപ്പിനെ ,ചേര്‍ത്ത് പിടിച്ചു പ്രോത്സാഹിപ്പിച്ച ആ ടീച്ചറെക്കുറിച്ച് ......

 പീറ്റ്‌ മെമ്മോറിയല്‍ ട്രെയിനിംഗ് സ്കൂളില്‍ നിന്നും മൂന്നു മാസത്തെ ട്രെയിനിങ്ങിനു സ്കൂളില്‍ വന്ന കുറെപ്പേരില്‍ ഒരു അധ്യാപിക ... ചെറു പ്രായം എങ്കിലും എന്നും ഒരേ സ്വരം കേട്ട്മടുത്ത , ഗവണ്മെന്‍റ് സ്കൂളിന്‍റെ ഒരേ നിറങ്ങള്‍ മടുത്തു തുടങ്ങിയ കുറെ പൈതങ്ങള്‍ക്ക് അവരുടെ വരവ് ഒരു ആശ്വാസമായിരുന്നു .... പാട്ടും ചിരിയും കളിയുമായി കുറെ ദിവസങ്ങള്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും ആഘോഷങ്ങളുടെതായി ..... അങ്ങനെ അങ്ങനെ ആ ട്രെയിനിംഗ് ടീച്ചര്‍മാരുടെ വരവുകള്‍ക്കായി ക്ലാസ്മുറികള്‍ കാത്തു നിന്നു ... സന്തോഷങ്ങളുടെതായ ഏതോ ഒരു ദിവസം " നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഏതെങ്കിലും ഒരു വിഷയത്തെ പറ്റി ഒരു നാലഞ്ചു വാചകം എഴുതാന്‍ ഒരു ടീച്ചര്‍ പറഞ്ഞു ..... എല്ലാവരും അവരവരുടെ അറിവുകള്‍ക്ക് അനുസരിച്ച് എഴുതിത്തുടങ്ങി ...... മെല്ലെ .. ഇലകള്‍ വീഴുംപോലെ കൊഴിഞ്ഞു വീണ കുറെ നിമിഷങ്ങല്‍ക്കുമപ്പുറം, എല്ലാവരുടെയും എഴുത്തുകള്‍ വച്ചു അവര്‍ മെല്ലെ വായിച്ചു തുടങ്ങി

 ......നെഞ്ചു പടപടാന്നു മിടിക്കുന്നുണ്ടായിരുന്നു ...... അവസാനം അവനു പരിചിതമായ ആ കടലാസുകഷണം അവര്‍ കയ്യിലെടുത്തു വായിച്ചു തുടങ്ങി ....തീര്‍ന്നപ്പോഴെയ്ക്കും ഒന്നും മിണ്ടാതെ അവര്‍ അത് മടക്കി വച്ചു...... നാഴികമണി സമയം അറിയിച്ചു മുഴങ്ങിയപ്പോള്‍ ,എല്ലാവരും സ്വാതന്ത്ര്യം ശ്വസിച്ചു പുറത്തേയ്ക്ക് ഓടി .... അന്നും ഇന്നും ..ഒറ്റയ്ക്ക് മാത്രം നടന്നു ശീലിച്ച ,മെലിഞ്ഞ ആ അഞ്ചാംക്ലാസ്സുകാരന്‍റെ അടുത്തേയ്ക്ക് ആ ടീച്ചര്‍ മെല്ല വന്നു ... എഴുതി കൊടുത്ത പേപ്പര്‍ ഒന്നുകൂടി നിവര്‍ത്തി വായിച്ചു..... ഇത്തവണ ആ കണ്ണുകള്‍ നന്നേ നനഞ്ഞിരുന്നു ..... മെല്ലെ വലതു കൈ ഉയര്‍ത്തി തലയില്‍ വച്ച് ചേര്‍ത്ത് പിടിച്ചു ..... വാക്കുകള്‍ പറയാതെ പതഞ്ഞു അവന്‍റെ തലയ്ക്കു മീതെ ഒരു അനുഗ്രഹമായി ഒഴുകി .....പിന്നെ അവര്‍ കൂട്ടുകാരായി .... ഉച്ച ഊണും കഴിഞ്ഞു വിശ്രമ വേളകളില്‍ , സ്കൂള്‍ മൈതാനത്ത് ഓടിപ്പായുന്ന കൂട്ടുകാരില്‍ കണ്ണും നട്ടു മാറി ഇരുന്ന ആ ചെക്കന് അവര്‍ ഒരു കൂട്ടായി ... പുസ്തങ്ങള്‍ തന്നു ... വായിക്കാന്‍ പ്രേരിപ്പിച്ചു ..നന്മകള്‍ പറഞ്ഞു തന്നു ....... ഒരുപാട് കഥകള്‍ പറഞ്ഞു ..... നാളുകള്‍ക്കു ശേഷം ,യാത്ര പറയേണ്ടി വന്നപ്പോള്‍ ,അവന്‍റെ കണ്ണ് നിറഞ്ഞു തുളുമ്പി .... ഒരു അധ്യാപികയും, വിദ്യാര്‍ഥിയും എന്നതിനും അപ്പുറം അവര്‍ ഒരു വയറു പെറ്റ മക്കളായി ... രണ്ടു പേരും കരഞ്ഞു .... പിന്നെ കുറെ സ്നേഹം നിറഞ്ഞ കത്തുകള്‍ .... കാലത്തിന്‍റെ പാച്ചിലില്‍ അതും നിലച്ചു ....അവനിന്നും അരികു പൊടിഞ്ഞു താറുമാറായ ആ കത്തുകള്‍ നിധി പോലെ കാക്കുന്നു ..... എഴുതിയ അക്ഷരങ്ങള്‍ക്ക് ജീവിതത്തില്‍ ആദ്യം കിട്ടിയ അനുഗ്രഹം .................


 പിന്നീട് ഒരുപാട് തിരഞ്ഞു .. താമരക്കുളത്തു നിന്നും വന്ന ജയശ്രീ എന്നാ ആ അധ്യാപികയെ .. ഇന്നും തിരയുന്നു ... എന്നെങ്കിലും ഒരിക്കല്‍ കണ്ടാല്‍ ഒരിക്കല്‍ ഞാന്‍ മറന്നുപോയ ഒരു പാദനമസ്കാരത്തിനു ...... എന്‍റെ നെറുകയില്‍ ചേര്‍ത്തുവച്ച ആ കണ്ണുനീര്‍ത്തുള്ളികളുടെ അനുഗ്രഹപ്പെയ്ത്തിനു .................

വാര്‍ധക്യപ്പറവകള്‍........ഈ കഴിഞ്ഞ അവധിക്കാലത്ത് , ചെങ്ങന്നുരിലുള്ള "തണല്‍" എന്ന, കാന്‍സര്‍ ബാധിതരായ ആള്‍ക്കാര്‍ക്ക് വേണ്ടിയുള്ള ആവാസ കേന്ദ്രം ,യാദൃശ്ചികമായി സന്ദര്‍ശിക്കാന്‍ ഇടയായി .... ഒരു വയസ്സ് തികയാത്ത എന്‍റെ മോനും ,ഭാര്യയും ,എന്‍റെ കൂടെ ഉണ്ടായിരുന്നു .കാന്‍സര്‍ എന്ന മാരക രോഗം ബാധിച്ചവര്‍ മാത്രമല്ല അവിടെ ഉള്ളത്. ലോകത്തിന്‍റെ ആരവങ്ങളില്‍ ഒന്നും പെടാതെ ഏതോ നിശബ്ദതയില്‍ ജീവിക്കുന്ന കുറേപ്പേര്‍....അതില്‍ മാനസിക രോഗികള്‍, ഉപേക്ഷിക്കപ്പെട്ട വാര്‍ധക്യങ്ങള്‍ ......അങ്ങനെ ഒരുപാട് കാരണങ്ങളാല്‍ അവിടെ എത്തിചേര്‍ന്നവര്‍ ....ഒട്ടു മിക്കതും സ്ത്രീകളാണ് .ചിലര്‍ ജീവിതം തീര്‍ന്നു എന്ന് അറിഞ്ഞിട്ടും ചുണ്ടില്‍ ഒരു വരണ്ട പുഞ്ചിരി കാത്തു സൂക്ഷിക്കുന്നവര്‍. എന്‍റെ മകന്‍ കൈകളില്‍ നിന്നും കൈകളിലേയ്ക്ക് മാറിക്കൊണ്ടേയിരുന്നു .... ചിലപ്പോ അവന്‍ ചിരിച്ചു ... ചിലപ്പോള്‍ കരഞ്ഞു ... അതിനനുസരിച്ച് അവരുടെ മുഖവും മങ്ങിയും തെളിഞ്ഞും നിന്നു.


      *********************************************************


"എന്‍റെ മോന്‍റെ വീട് എവിടാ ?" ഒരു ചോദ്യം ....
ഞാന്‍ മെല്ലെ പറഞ്ഞു 'മാവേലിക്കര'.
"അയ്യോ എന്‍റെ വീട് ചാരുംമൂട്ടിലാ .... അവരുടെ മുഖത്ത് ഒരു നിമിഷം കൊണ്ട് ഒരായിരം ചിരിയോര്‍മ്മകള്‍ മിന്നി മറഞ്ഞു. ആ ഓര്‍മകളില്‍ ഇന്നും ഒരുപക്ഷേ മാഞ്ഞു പോയ ഒരു അച്ഛന്റെയും അമ്മയുടെയും കനിവിനുള്ള ദാഹം ഉണ്ടാവാം ....ചോദ്യങ്ങള്‍ പല ഭാഗത്തുനിന്നും വന്നുകൊണ്ടേയിരുന്നു .... പൊടുന്നനെ നന്നേ നരച്ച ഒരു സുന്ദരി അമ്മച്ചി ഓടി വന്നു കയ്യില്‍ പിടിച്ചു ...
"എന്‍റെ മോന്‍റെ ആ കുഞ്ഞുമോന്റെ പേരെന്താ ?"
ഞാന്‍ മറുപടി പറഞ്ഞു ....
"എന്‍റെ കൊച്ചുമോനും ഇപ്പൊ ഇത് പോലെ ആയിരിക്കും .... ഇതേ ചിരിയാ അവന്‍റെയും" അമ്മച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു ....

പിന്നീട് ചോദ്യങ്ങളുടെ ഒരു കേട്ട് തന്നെ അഴിച്ചു. കുഞ്ഞിനെ എടുത്തു ശരിയാകാത്തതിനു എന്നെ അധികാരത്തോടെ അവര്‍ ശകാരിച്ചു. അവനും ഞങ്ങളും പൊടുന്നനെ അവര്‍ക്ക് ആരൊക്കെയോ ആയി ....

എന്‍റെ അമ്മ ചെങ്ങന്നുര്‍ക്കാരിയാണെന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ വീട്ടു പേര് ചോദിച്ചു .
അടുത്ത ചോദ്യം "ഏതാ പള്ളി ?"
മറുപടി അവരെ ഒരുമാത്ര നിശബ്ദരാക്കിയെന്നു തോന്നി ...
പിന്നെ വാക്കുകള്‍ അടര്‍ന്നു വീണു ..."ഞാനും ആ പള്ളിയിലായിരുന്നു .",പക്ഷെ മോന്‍ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല .
വീട്ടുപേര് പറഞ്ഞാല്‍ ഒരുപക്ഷേ അമ്മയ്ക്ക് അറിയുമായിരിക്കും
പിന്നീട് കുറെ കഥകള്‍ .......

യാത്ര പറഞ്ഞു പിരിയുമ്പോള്‍ ആ അമ്മച്ചിയുടെ കൈ എന്‍റെ കയ്യില്‍ നന്നേ മുറുക്കെ പിടിച്ചിരുന്നു .....
ഞാന്‍ സങ്കടത്തോടെ മെല്ലെ പറഞ്ഞു " അമ്മച്ചി വിഷമിക്കേണ്ട .. ഞാന്‍ പ്രാര്‍ഥിക്കാം അസുഖം മാറാന്‍ " (കാന്‍സര്‍ ആണെന്നാണ്‌ ഞാന്‍ കരുതിയത് )

അമ്മച്ചി ഒന്ന് ചിരിച്ചു .... കണ്ണ് ഒന്ന് നന്നായി ചിമ്മി ,ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു ....
"അമ്മച്ചിയ്ക്ക് ഒന്നുമില്ലെടാ ചെക്കാ ..... ഒരു അസുഖവും ഇല്ല ... പക്ഷെ എന്‍റെ മക്കള്‍ക്ക്‌ സമയമില്ല ... ഒരാള്‍ കുടുംബസമേതം അമേരിക്കയില്‍ . നാട്ടിലുള്ളവന്‍ വേറെ വീട് വച്ച് മാറി ഭാര്യയും കുട്ടികളുമായി താമസം.അങ്ങേരു അങ്ങ് നേരത്തേ പോയി എന്നെ കൂട്ടാതെ ... മക്കള്‍ക്ക്‌ അമ്മ തനിച്ചു താമസിക്കുന്നത് ഭയം .. അമ്മയെ രാത്രി ആരെങ്കിലും കൊന്നിട്ടാലോ? ചാകുന്നതില്‍ അല്ല വിഷമം .അവര്‍ക്ക് കേസ് പറയാന്‍ സമയമില്ലെന്ന് മരുമകള്‍ ...... അപ്പൊ ഞാന്‍ ഇങ്ങു പോന്നു ...... അത്ര തന്നെ .... ആ ചിരി മാഞ്ഞിരുന്നില്ല ... നനഞ്ഞ കണ്ണുകള്‍ എന്‍റെ കാഴ്ച മറച്ചു ...........

എന്‍റെ നെഞ്ച് പതിവിലും അതീതമായി മിടിക്കുന്നുണ്ടായിരുന്നു .. വാക്കുകള്‍ എനിക്ക് നഷ്ടമായി .... തിരിഞ്ഞു നോക്കാതെ നടന്നിറങ്ങി .
അതുവരെ താഴെ വയ്ക്കാതെ ഞാന്‍ കൊണ്ട് നടന്ന എന്‍റെ കുഞ്ഞിന്‍റെ കൈകളെ മുറുക്കെ പിടിച്ചു .......

"ഒട്ടൊരു ഭയത്തോടെ അവനോടു എന്‍റെ ഹൃദയം ചോദിച്ചു

"നാളെ നീയും " ???????????

Monday, June 3, 2013

രൂപേഷ്‌ ...... ഉത്തരം കിട്ടാനുള്ള കുറേ ചോദ്യങ്ങള്‍ .....

2012 May 7. 
അവധിയുടെ ആലസ്യത്തിലേയ്ക്ക്  ഒരു ഗ്ലാസ്‌ കട്ടന്‍കാപ്പിയുമായി  തുടങ്ങുന്ന എന്‍റെ  ,ഒരു വരണ്ട  ദുബായ് പ്രഭാതം.  പത്രങ്ങളില്‍ തുടങ്ങി ,ബ്ലോഗുകള്‍ വഴി ,ഫേസ്ബുക്കില്‍  അവസാനിക്കുന്ന ഒരു തിരക്കിട്ട യാത്ര ....അത് തീരുമ്പോഴേക്കും  രണ്ടു മൂന്നു ഗ്ലാസ് കാപ്പി എങ്കിലും അകത്തായിട്ടുണ്ടാവും .
പത്രം ആദ്യം വായിക്കുന്നത് തന്നെ ,അവസാനം ഫേസ്ബുക്ക് സ്റ്റാറ്റസില്‍  എഴുതാന്‍ എന്തെങ്കിലും കിട്ടും  എന്ന് കരുതിയാണ് .... പിന്നെ ഇപ്പൊ പത്രവാര്‍ത്തകള്‍  എന്നത് എല്ലാ മാലിന്യങ്ങളും ഒഴുകുന്ന ഓവുചാല്‍ ആയതുകൊണ്ട് സ്വതവേ പെട്ടെന്ന് മടുക്കും.ബ്ലോഗുകള്‍ വായിക്കാന്‍ കുറച്ചു കൂടുതല്‍ സമയവും കിട്ടും.എല്ലാം കഴിഞ്ഞു ഫേസ്ബുക്ക് ഒന്ന് തുറന്നു ..സ്ഥിരം കുറച്ചു ലൈക്കുകള്‍ ,ഷെയര്‍ ചെയ്ത വീഡിയോകള്‍ , ഒരു കൂട്ടുകാരന്‍റെ  മെസ്സേജ് ("എടാ......."), തലേന്ന് അപ് ലോഡ്‌  ചെയ്ത ഫോട്ടോയില്‍ നാല് കമന്റുകള്‍ . കഴിഞ്ഞു അത്ര തന്നെ ....വെറുതെ അങ്ങനെ താഴേയ്ക്ക് സ്ക്രോള്‍  ചെയ്യുമ്പോള്‍ പൊടുന്നനെ ഒരു നിമിഷം  എനിക്കുചുറ്റും  ലോകം നിശബ്ദമായി . തലയ്ക്കുള്ളിലൂടെ  ഒരു മിന്നല്‍ പാഞ്ഞു , വിശ്വാസം വരാതെ വീണ്ടും വായിച്ചു നോക്കി. 'Sajin CA wrote on Kanoor Roopesh's wall ," May your soul rest in peace my dear friend....". ഞാന്‍ രൂപേഷിന്റെ  പ്രൊഫൈലില്‍ കയറി നോക്കി.ശരിയാണ്.അതെ പോലെ വേറെയും കുറേ കമന്റുകള്‍ . എല്ലാം ഒരേ സ്വഭാവം ഉള്ളവ.

 ഒരാഴ്ചയ്ക്ക് മുന്‍പ് വന്ന ഒരു ഫോണ്‍ കാള്‍  എന്‍റെ മനസ്സിലേയ്ക്ക് ഓടിയെത്തി .വിളിച്ചത് അവനാണ്.രൂപേഷ്‌... .,അംഗോളയില്‍ നിന്നും. ഇടയ്ക്കവന്‍ വിളിക്കാറുണ്ട്.എത്ര തിരക്കിലും മാസത്തില്‍  ഒന്ന് രണ്ടുതവണ എങ്കിലും അവന്‍റെ ഫോണ്‍ കാളുകള്‍  എന്നെ തേടി വരും. തുടങ്ങിയാല്‍ പിന്നെ ഓര്‍മകളുടെ ,സ്വപ്നങ്ങളുടെ അണമുറിയാത്ത ഒഴുക്കാണ്.എല്ലാവരെയും  തിരക്കും.എന്നെപറ്റി  അവനറിയാവുന്ന  എല്ലാ കാര്യങ്ങളും ചോദിക്കും.അവന്‍ മാത്രം എപ്പോഴും വിളിക്കുന്നതില്‍ ഒരു കുറ്റബോധം തോന്നിയത് കൊണ്ട് ഒരിക്കല്‍ ഞാന്‍ അവനോടു ഫോണ്‍ നമ്പര്‍ ചോദിച്ചു. മറുപടി ഒരു ചിരിയില്‍ കുഴഞ്ഞു .       
" ഡാ ,ഇവിടുന്നു ദുബായ്ക്ക് വിളിക്കാന്‍ എനിക്ക് എളുപ്പമാണ്. വല്യ പൈസാ ചിലവില്ല. പക്ഷെ വെറുതെ കാശ് കളയണ്ടാ .എപ്പോ നിനക്ക് വിളിക്കണം എന്ന് തോന്നുന്നോ ,അപ്പോ ഞാന്‍ അങ്ങോട്ട്‌ വിളിച്ചിരിക്കും,പോരേ ?." ഒരു ആശ്വസിപ്പിക്കല്‍.
എല്ലാം കഴിഞ്ഞു ഫോണ്‍ വയ്ക്കാന്‍ നേരം ഞങ്ങള്‍ക്കിടയില്‍ ഒരു നിശബ്ദത പൊടുന്നനെ ചിറകടിച്ചുയര്‍ന്നു.അതങ്ങനെയാണ്.ഫോണ്‍ വയ്ക്കുന്നത് ഏതാണ്ട് അവധി കഴിഞ്ഞു യാത്ര പറയുന്നപോലെ അവനും എനിക്കും സങ്കടമാണ്. ഒരു മഴ പെയ്താല്‍ ഒലിച്ചു പോകുന്ന നിറക്കൂട്ടുകളുടെ ഒരുപാട് സൗഹൃദങ്ങള്‍ക്ക്  ഇടയില്‍  ഒരു കറയുമില്ലാതെ നിഷ്കളങ്കമായ ഒരു സ്നേഹം.അതായിരുന്നു അവന്‍..,. അവന്‍റെ എല്ലാ വിളികളും അവസാനിക്കുന്നത് ഒരു ജ്യേഷ്ഠന്‍റെ  അധികാരത്തിലുള്ള ഓര്‍മപ്പെടുത്തലിലാണ്. "ഡാ അധികമൊന്നും  അടിക്കണ്ട കേട്ടോ.നിനക്ക് വയ്യാത്തതല്ലേ .". ഞാന്‍ ശരി എന്ന് പറയും.അപ്പോ ഇനി കാണാം എന്ന് പറഞ്ഞു അവന്‍ ഫോണ്‍ വയ്ക്കും. 

പൊടുന്നനേ ഞാന്‍ ഓര്‍മകളില്‍ നിന്നും ഉണര്‍ന്നു.ആരോടാ അന്വേഷിക്കുക?ആരേ വിളിക്കണം? നിഷാന്ത്‌,സജിന്‍,രാഹുല്‍,ബേസില്‍,ബിജോ എല്ലാം ഞങ്ങളുടെ ബാന്ഗ്ലൂര്‍ സൌഹൃദങ്ങളാണ്. നിഷാന്ത്‌ ഇപ്പൊ മുംബയില്‍. ..,.സജിന്‍ ഭാര്യാ സമേതം ബാന്ഗ്ലൂരില്‍ തന്നെ.രാഹുല്‍ ഒമാനില്‍. ബിജോയെപ്പറ്റി ഒരു വിവരവും ഇല്ല.പക്ഷെ ആകെ ഉള്ളത് സജിന്‍റെ  മൊബൈല്‍ നമ്പര്‍ ആണ്.അവനെ വിളിച്ചു. 
"ഡാ, എന്താ രൂപേഷിന് പറ്റിയത്? "
നെഞ്ഞുരുകി തിളച്ചു പൊങ്ങിയ സങ്കടത്തിന്‍റെ ലാവ ,മറുതലയ്ക്കല്‍ നിന്നും വാക്കുകളായി  എന്‍റെ ചെവിയിലൂടെ നെഞ്ഞിനെ ചുട്ടു പൊള്ളിച്ചു ഒലിച്ചിറങ്ങി .
"ആത്മഹത്യ ആണെന്നാടാ കേട്ടത്.കൂടുതല്‍ ഒന്നും അറിയില്ല.അംഗോളയില്‍  അവന്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ നാലാം നിലയില്‍ നിന്നും ചാടി എന്നാ കേട്ടത്..ബോഡി കൊണ്ടുവന്നത് ബാന്ഗ്ലൂര്‍  വഴിയാ. " പിന്നെയും അവന്‍ എന്തൊക്കെയോ പറഞ്ഞു .ഞാന്‍ എല്ലാം കേട്ടു. പക്ഷെ ഒന്നും മനസ്സിലായില്ല.ഫോണ്‍ കട്ട്‌ ആയി . കുറേ നേരം ഞാന്‍ ഒന്നും അറിഞ്ഞില്ല. പതിയെ  എന്‍റെ  മനസ്സ് തിരികെ പറന്നു. വര്‍ഷങ്ങള്‍ പിന്നിലേയ്ക്ക്. ബാന്ഗ്ലൂരിലെ കൂടലൂ എന്ന ഒരു ഗ്രാമത്തിലേയ്ക്ക്..
*                       *            *                         *                                *                    *                            *

എന്‍റെ ഗുരുവായൂരപ്പാ ,അവസാനം എത്തി ". സുജിത്തിന്‍റെ ആത്മഗതം. 
 പന്നിയും പൂച്ചയും തിമിര്‍ക്കുന്ന ഓടകള്‍ , മണ്ണിളകി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ ഓടുമ്പോള്‍ ഓട്ടോ  ഒരു വശത്തേയ്ക്ക് ഇപ്പൊ മറിയും എന്ന് തോന്നിച്ചു. കുടുങ്ങി കുടുങ്ങി അവസാനം ,കരയില്‍ പിടിച്ചിട്ട മീനിന്‍റെ അവസാന പിടച്ചില്‍ പോലെ അത് ഒരു തുരുമ്പിച്ച ഗേറ്റിനു  മുന്‍പില്‍ വന്നു നിന്നു. സുജിത്ത് ആദ്യം ചാടി ഇറങ്ങി.ഞാനും നിഷാന്തും പിന്നാലെ. ബാക്കിയായ രണ്ടു കവറുകളിലെയ്ക്കും  ഒരു പെട്ടിയിലേക്കും , പിന്നെ ഞങ്ങളുടെ മുഖത്തേയ്ക്കും ഡ്രൈവര്‍ ചോദ്യ ഭാവത്തില്‍ നോക്കി .
നിഷാന്ത്‌ ആരെയോ മൊബൈലില്‍ വിളിച്ചു നോക്കി. എന്നിട്ട് പറഞ്ഞു ,
"പെട്ടി എടുത്തോളൂ"  

അത് കേട്ടു കെണിയില്‍ നിന്നും രക്ഷപെട്ട എലിയെപ്പോലെ  ഡ്രൈവര്‍ ഒന്ന് ആശ്വസിച്ചു .എന്‍റെ  ഈ റൂം മാറലിന്‍റെ പേരില്‍ അയാള്‍ കാത്തു കിടക്കാന്‍ തുടങ്ങിയിട്ട് നേരം ഒരുപാടായിരുന്നു. അയാള്‍ തന്നെ പെട്ടി എടുത്തു പുറത്ത് വച്ചു. സുജിത് അതേ ഓട്ടോയില്‍ തന്നെ തിരിച്ചു പോയി .  ഞാനും നിഷാന്തും സുജിത്തും ഒരുമിച്ചു വര്‍ക്ക്‌ ചെയ്യുന്നു. അതില്‍ നിഷാന്തിന്‍റെ റൂമിലേക്കാണ്  ഞാന്‍ ഇപ്പൊ മാറുന്നത്. സുജിത് അതിനു അടുത്ത് തന്നെ വേറൊരു റൂമില്‍  താമസിക്കുന്നു. ഞാന്‍ ചുറ്റുപാട് ഒന്ന് നോക്കി . ഒരേ മാതിരി പെയിന്റു ചെയ്ത കുറേ കെട്ടിടങ്ങള്‍ . ഞങ്ങളുടെ റൂമിനോട് ചേര്‍ന്ന്  കൂമ്പാരം കൂടി കിടക്കുന്ന ചവറു കൂന. പന്നികള്‍ ചെറുതും വലുതുമായി ഒരുപാട് കിടന്നു മറിയുന്നുണ്ട്. തൊട്ടു വലതു വശത്ത് പിന്നിലായി 'ബാര്‍' എന്ന ബോര്‍ഡ്‌..,.  ഒരു  വീടിനോട് ചേര്‍ന്ന് ഒരു കൊച്ചു കട . ഞാന്‍ പെട്ടിയുമായി അവര്‍ക്കൊപ്പം നടന്നു . മൂന്നാം നിലയിലെ രണ്ടാം മുറിയുടെ കോളിംഗ് ബെല്‍ അമര്‍ന്നു. അകത്തു ഭിത്തിയില്‍ എന്തോ ചിതറി വീണു. നിമിഷങ്ങള്‍ക്ക് ശേഷം ,'തുറക്കാന്‍ കുറച്ചു വൈകി' എന്ന ക്ഷമാപണത്തോടെ,കഷണ്ടി കയറിയ തലയുമായി ഒരു സുമുഖനായ ചെറുപ്പക്കാരന്‍  വാതില്‍ തുറന്നു. ബാച്ചിലേഴ്സ്  റൂമുകളുടെ ഒരു സ്ഥിരം മണം ഒരു പാമ്പിനെ പോലെ പുറത്തേയ്ക്ക് ഇഴഞ്ഞു ഇറങ്ങി.പിന്നെ അടുത്ത ഏതോ പൊത്തിനുള്ളില്‍  ഒളിച്ചു. 
"കയറി വാ ".ചിരിയില്‍ പൊതിഞ്ഞ  പതിഞ്ഞ ശബ്ദം വായുവില്‍ എവിടെയോ അലിഞ്ഞു ചേര്‍ന്നെന്നു തോന്നി...
ഞാന്‍ ഓര്‍ത്തു,ബാന്ഗ്ലൂരില്‍  എത്തിയ രണ്ടു വര്‍ഷത്തിനുള്ളില്‍  അഞ്ചാമത്തെ റൂമാണ്.പ്രവാസിയ്ക്ക്  എല്ലാ വീടുകളും ഇടത്താവളങ്ങള്‍ മാത്രമാണ്. ചിലത് പെട്ടെന്ന് മടുപ്പിക്കും. ചിലത് അതിന്‍റെ തനിമകൊണ്ട് ,നന്മ കൊണ്ട് നമ്മെ അടുപ്പിക്കും. പിന്നെ ഒരിക്കലും പിരിയാനാവാത്ത പോലെ നമ്മെ സ്നേഹിക്കും. പിരിയേണ്ടി വരുമ്പോള്‍ ഒരു കരച്ചില്‍ ഉള്ളില്‍ തങ്ങുന്നുണ്ടാവും. ആരുമറിയാതെ ................
*                           *                               *                                             *                                            *
 സ്വീകരണ മുറി എന്നൊക്കെ പറയാവുന്ന ഒന്നില്‍ പഴയ ഒരു ടെലിവിഷന്‍, ഏതോ ഇംഗ്ലീഷ് പത്രത്തിന്‍റെ  ജോലി ഒഴിവുകളുടെ  കുറേ പേജുകള്‍ , ഒരു കൈ ഒടിഞ്ഞു തൂങ്ങിയ ഒരു വെള്ള  കസേര, പലരും മുഖം നോക്കി നോക്കി , മടുത്തു സ്വയം മങ്ങിയ ഒരു  മങ്ങിയ വലിയ കണ്ണാടി, പാതി തിന്നതും , ഏതോ കാരണത്താല്‍ പകുതി ഉപേക്ഷിച്ചതുമായ  കുറേ അധികം സിഗരറ്റ് കുറ്റികള്‍,ചിതറി കിടക്കുന്ന കുറേ ചീട്ട്. അവിടെ നിന്നാല്‍ കാണാവുന്ന പാതി തുറന്ന അടുക്കളയുടെ  ഷെല്‍ഫില്‍  കുറേ അധികം ഒഴിഞ്ഞ കുപ്പികള്‍ ,അടച്ചിട്ടിരിക്കുന്ന  മറ്റൊരു മുറിയുടെ  വാതിലില്‍  വലിയ ഒരു 'ഓം'.  ഇത്രയുമായാല്‍ ആ വീടിനെ പറ്റി എല്ലാമായി. താഴെ മുഷിഞ്ഞ ,ഒരു വെള്ള ബനിയന്‍കാരന്‍ പത്രത്തില്‍ എന്തോ തിരഞ്ഞു പെറുക്കുന്നു.കുറച്ചു അപ്പുറത്ത് ഒരു തടിച്ച ശരീരം ടിവിയില്‍  മാന്ജ്ജെസ്റ്റര്‍ യുണൈറ്റഡിന്‍റെ  കളി കാണുന്നു. ഹായ് പറഞ്ഞ പോലെ വലത്തേ കൈപ്പത്തി എനിക്ക് നേരെ തിരിഞ്ഞിട്ടുണ്ടെന്നു  മാത്രം.പുതുതായി ഒരാള്‍ വന്നതിന്‍റെ യാതൊരു പരിഗണനയും അവിടെ കണ്ടില്ല .എന്‍റെ മനസ്സില്‍ ഒരായിരം സംശയം ചിറകിട്ടടിച്ചു ...ഇനി ഞാന്‍ വന്നത് ഇഷ്ട്ടപ്പെട്ടു കാണില്ലേ ?

"നാട്ടില്‍ എവിടെയാ? " വാതില്‍ തുറന്ന അതേ ആളിന്‍റെ  ശബ്ദം എന്‍റെ  ചിന്തകളെ ഉണര്‍ത്തി.
"മാവേലിക്കരയില്‍ " . ഞാന്‍ ചുറ്റും പരത്തി നോക്കികൊണ്ട് തന്നെ മറുപടി പറഞ്ഞു .കൂടെ വന്ന നിഷാന്ത്‌ അതിനകം ഡ്രസ്സ്‌ മാറി തിരികെ വന്നു.അവന്‍ ഓരോരുത്തരെയായി പരിചയപ്പെടുത്തി .  പത്രത്തില്‍ മുഖം പൂഴ്ത്തി ഇരിക്കുന്നത് രതീഷ്‌.. അപ്പുറത്ത് കളി കാണുന്നതു സജിന്‍ .പിന്നെ വാതില്‍ തുറന്ന ഇദ്ദേഹം രൂപേഷ്‌... "
"കണ്ണൂരാണ്  വീട്"  രൂപേഷ്‌ കൂട്ടിച്ചേര്‍ത്തു.
"ആയോ അപകടം ആണല്ലോ ഭായ് " ഞാന്‍ ഒരു തമാശ പറഞ്ഞു .
"അത്ര അപകടം ഒന്നും ഇല്ല ഭായ്. ഞങ്ങളൊക്കെ പാവങ്ങളാ. രൂപേഷ്‌ ചിരിച്ചു. സ്ഥലം പഞ്ചായത്ത് പ്രസിഡന്റിന്റെ  മകനും ,തികഞ്ഞ ഒരു ഇടതു വിശ്വാസിയുമാണ് രൂപേഷ്‌ എന്ന് പിന്നീട് ഉള്ള സംസാരത്തില്‍ മനസ്സിലായി. 
അപ്പോഴേയ്ക്കും  ടിവി ഓഫ്‌ ചെയ്തു സജിന്‍ എത്തി .രതീഷ്‌ പത്രം മടക്കി. 
"അപ്പോ  നമ്മുക്ക് തൊടങ്ങിയാലോ ?" നിഷാന്ത്‌ .
"നീ അടിക്കുമോ ? ഒരു പോലീസുകാരന്റെ  ഭാഷയില്‍ , എന്നാല്‍ തികച്ചും നിഷ്കളങ്കമായി സജിന്‍റെ  ചോദ്യം. 
മ്മ് ...ഉണ്ടെന്നോ ഇല്ലെന്നോ പറയാതെ രണ്ടു വള്ളത്തിലും കാലു വച്ചു ഞാന്‍ ഒന്ന് മൂളി. വെള്ള ബനിയന്‍ എന്നെ ഒന്ന് തുറിച്ചു നോക്കി.
കഴിക്കാറുണ്ട് എന്നത് സത്യം .പക്ഷെ പുതിയ മുറി,സാഹചര്യങ്ങള്‍ , ഒരു പരിഭ്രമം  എന്‍റെ  മനസ്സില്‍ ഉരുണ്ടു കൂടി .
"ചേട്ടായിക്ക് ഈ ബാഗോന്നും താഴെ വയ്ക്കാന്‍ ഉദ്ദേശം ഇല്ലേ ? നിഷാന്ത്‌ 
"അകത്തു  ബെഡ്‌റൂമില്‍  എവിടെ എങ്കിലും വയ്ക്കാം . എന്നിട്ട് ഡ്രസ്സ്‌ മാറി പെട്ടെന്ന് വാ ...."
അകത്തേയ്ക്ക് നടന്നു.
അകത്തു കണ്ട ബെഡ് റൂം എന്നില്‍ ചിരിയുണര്‍ത്തി.
നിലത്ത് നിരത്തി വിരിച്ച നാലഞ്ചു കനംകുറഞ്ഞ കീറിയ മെത്ത.പലതിലും പഞ്ഞികള്‍ പുറത്തേയ്ക്ക് നോക്കി ചിരിക്കുന്നു ... നിറം കൊണ്ട് തലയിണകള്‍ എല്ലാം ഭൂമിക്കടിയില്‍ നിന്നും ഇപ്പൊ  കുഴിച്ചെടുത്തതാണെന്നു തോന്നും ....എന്നാല്‍  ഭിത്തിയോടു ചേര്‍ന്ന് ഒന്ന് മാത്രം വ്യത്യസ്ഥം.  വൃത്തിയായി മടക്കിയിട്ട പുതപ്പും വെള്ള തലയിണയും.പിന്നീട് അത് രൂപേഷിന്‍റെ  ആണെന്ന് മനസിലായി. പതിയെ പതിയെ സ്വയമുള്ള പതിഞ്ഞ വ്യക്തിത്വവും ,അളന്നു തൂക്കിയത് എങ്കിലും സ്നേഹമുള്ള വാക്കുകളും ,നിഷ്കളങ്കമായ  ചിരിയും കൊണ്ട് രൂപേഷ്‌ എന്‍റെ മനസ്സില്‍ സ്ഥാനം നേടി . വളരെ പെട്ടെന്ന് ഞങ്ങള്‍ കൂട്ടുകാരായി. ഞങ്ങള്‍ക്കിടയിലെ  സൗഹൃദം ഒരു രക്തബന്ധത്തിനും  അപ്പുറം വളര്‍ന്നു . പലപ്പോഴും ഒരു ജ്യേഷ്ഠന്‍റെ സ്വാതന്ത്ര്യത്തില്‍  അവന്‍ എന്നെ നിയന്ത്രിച്ചു . ജീവിതം വഴിമുട്ടി നിന്ന പല നിമിഷങ്ങളിലും , ലഹരിയുടെ മടിയില്‍ എല്ലാം അവസാനിപ്പിക്കാന്‍ തുനിഞ്ഞ ചില രാത്രികളിലും അവന്‍ എന്നെ തിരികെ കൊണ്ടുവന്നു . എന്‍റെ അമ്മ വിളിക്കുമ്പോള്‍  അവന്‍ എനിക്ക് പകരം ഫോണ്‍ എടുക്കും.ഞാന്‍ എടുത്താലും അമ്മ അവനെപറ്റി അന്വേഷിക്കും. കയ്യിലെ കാശ് എല്ലാം തീര്‍ന്നു ഞാന്‍ എന്നിലേയ്ക്ക് തന്നെ ചുരുങ്ങിക്കൂടുന്ന  ചില ദിവസങ്ങളില്‍ അവന്‍ പതിയെ വരും . തോളില്‍ തട്ടി വിളിക്കും. 
" ഡാ ...എന്താ കിടക്കുന്നത് ?"
"ഹേയ് ..ഒന്നുമില്ല .. വെറുതെ " ഞാന്‍ പറഞ്ഞു ഒഴിയാന്‍ ശ്രമിക്കും''
"നിന്‍റെ കയ്യില്‍ കാശ് വല്ലോം ഉണ്ടോടാ?" 
ഉണ്ടെന്നോ ഇല്ലെന്നോ പറയാന്‍ ആവില്ല . ഉണ്ടെന്നു പറഞ്ഞാല്‍ കാണിക്കാന്‍ പറയും.
ഇല്ലെന്നു പറഞ്ഞാല്‍  അവനോടു ചോദിക്കാഞ്ഞതിനു തെറി വിളിക്കും.

എല്ലാ കാര്യങ്ങളിലും ഒരു മിതത്വം ഉള്ള, ചതിയും കള്ളവും തീരെ അറിയാത്ത ഒരു തനി നാട്ടിന്‍പുറത്തുകാരന്‍...അതായിരുന്നു അവന്‍.....
നാളുകള്‍ക്കു  ശേഷം കൂടി വരുന്ന ആളുകളുടെ എണ്ണം അവന്‍റെ സ്വകാര്യതയെ നശിപ്പിക്കുന്നു എന്ന് തോന്നിയപ്പോള്‍ അവന്‍ ഞങ്ങളുടെ റൂം വിട്ടു മറ്റൊരിടത്തേയ്ക്ക് താമസം മാറ്റി ....
ഒരിക്കലും നല്ല സൌഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുന്നതില്‍ അവന്‍ പിറകിലായിരുന്നില്ല.
റൂം വിട്ടു പോയെങ്കിലും അവന്‍ വീണ്ടും വിളിക്കും.പലപ്പോഴും റൂമില്‍ വരും .
അങ്ങനെ ഒരു നാള്‍ കടല്‍ കടന്നു പ്രവാസത്തിന്‍റെ  വിധിയുമായി എനിക്ക് വിളി വന്നു. എല്ലാറ്റിനും അവന്‍ കൂടെ നിന്നു. പോകുന്നതിന്‍റെ തലേന്ന് റൂമില്‍ വന്നു/.ഒപ്പം ഇരുന്നു രണ്ടു പെഗ്ഗ്...
പോകാന്‍ നേരം പറഞ്ഞു. 
"നാളെ നീ പോകുമ്പോള്‍ ഞാന്‍ വരില്ല ...എനിക്ക് തീരെ സമയമില്ല "
പറഞ്ഞു തീര്‍ന്നതും  എനിക്ക് മുഖം തരാതെ അവന്‍ തിരിച്ചു നടന്നു.പക്ഷെ  വാതില്‍ക്കല്‍ ചെരിപ്പിടാന്‍ തിരിഞ്ഞ അവന്‍റെ മുഖത്ത്  ഒഴുകി ഇറങ്ങുന്ന രണ്ടു നീര്‍ക്കണങ്ങള്‍ ഞാന്‍ കണ്ടു.
ഒരു കരച്ചില്‍ എന്‍റെ തൊണ്ടയില്‍ കുടുങ്ങി പിടഞ്ഞു പിടഞ്ഞു ജീവനില്ലാതെയായി ....

*                                           *                                             *                                            *                                                     *

അവന്‍റെ മരണത്തിന്‍റെ കാരണം ഞാന്‍ ഒരുപാട് അന്വേഷിച്ചു. അവസാനം വിളിക്കുമ്പോഴും അവന്‍ വളരെ ഹാപ്പി ആയിരുന്നു.ഏതെങ്കിലും വിധത്തില്‍ ഒരു ദു:ഖത്തിന്‍റെ  ലാഞ്ചനപോലും അവന്‍റെ സംസാരത്തില്‍ ഉണ്ടായിരുന്നില്ല.ബേസില്‍,സജിന്‍,രാഹുല്‍, എല്ലാവരോടും ചോദിച്ചു....കിട്ടിയത് ഒരേ ഉത്തരം. "ആത്മഹത്യ". അതില്‍ കൂടുതല്‍ ഒന്നും ആര്‍ക്കും അറിയില്ലായിരുന്നു.എങ്കിലും ഒരു ചോദ്യം ഇപ്പോഴും എന്‍റെ മനസ്സിനെ തുളച്ചു പുറത്തേയ്ക്ക് ഉന്തി നില്‍ക്കുന്നു ."എന്തിനു വേണ്ടി "? 
ഞാന്‍ അവന്‍റെ പ്രൊഫൈല്‍ മുഴുവന്‍ പരതി. അവന്‍റെ മരണത്തെ പറ്റി എന്തൊക്കെയോ അറിയാമെന്ന് തോന്നിപ്പിച്ച അവന്‍റെ കൂട്ടുകാരായ രണ്ടു പേര്‍ക്ക് ഞാന്‍ ഫേസ്ബുക്കില്‍  മെസ്സേജ് അയച്ചു.രണ്ടു ദിവസത്തെ കാത്തിരിപ്പിന് ശേഷം അവരില്‍ ഒരാള്‍ മറുപടി അയച്ചു. അതിലും കൂടുതല്‍ ഒന്നും ഉണ്ടായിരുന്നില്ല.ഞാന്‍ ഗൂഗിളില്‍ അതേ തീയതിയില്‍ ,ഒരു വാര്‍ത്തയ്ക്ക് വേണ്ടി തിരഞ്ഞു. അംഗോള പോലെ ഒരു സ്ഥലത്ത് ,കൊലപാതകത്തിനു ഉള്ള സാധ്യത വളരെ കൂടുതലാണ് എന്നല്ലാതെ ഒന്നും കണ്ടെത്തിയില്ല.ഇനി കൊലപാതകം ആണെങ്കില്‍ തന്നെ അതെന്തിന്? ഒരുപിടി ചോദ്യങ്ങളുമായി ഞാന്‍ കാത്തിരിക്കുന്നു. 

കൂട്ടിച്ചേര്‍ക്കല്‍ :

ഞാന്‍ കാത്തിരിക്കുകയാണ്.........
"അവന്‍റെ മരണത്തിനു കാരണക്കാര്‍ ആയവര്‍ക്ക് എതിരെ നമ്മുക്ക് പ്രതികരിക്കണം " എന്ന്  ഫേസ്ബുക്കില്‍  കമന്‍റ്  ചെയ്ത ആ രണ്ടാമത്തെ സുഹൃത്തിന്‍റെ  മറുപടിക്കായി .


Tuesday, January 8, 2013

ഒരു ക്രിസ്തുമസ് സമ്മാനം : അമ്മയ്ക്ക് ..

നേരം വെളുത്തു വരുന്നതെ ഉള്ളൂ.
ഇന്ന് ക്രിസ്തുമസാണ്.മനുഷ്യരാശിയുടെ വേദനയും പാപങ്ങളും അകറ്റാന്‍ ദൈവപുത്രന്‍ പിറന്ന നാള്‍.. അതുകൊണ്ടായിരിക്കണം വഴിമോടിപിടിപ്പിക്കാന്‍ പാകിയ കൂര്‍ത്ത കല്ലുകള്‍ക്ക് മുകളിലൂടെ  അതിവേഗം നടന്നിട്ടും അല്പവും വേദന തോന്നാത്തത്. അടച്ചിട്ട റെയില്‍വേ ഗേറ്റിനരികില്‍ കാത്തുനില്‍ക്കുമ്പോള്‍ മാറത്തടുക്കിപ്പിടിച്ച പൊതിക്കെട്ട് അവര്‍ ഒന്നുകൂടി ചേര്‍ത്ത് പിടിച്ചു.ഇതുപോലെ അദൃശ്യമായ ഏതോ ഒരു ഗേറ്റിലാണ് തന്‍റെ ജീവിതവും എത്തിപ്പെട്ടു വഴിമുട്ടി നില്‍ക്കുന്നതെന്ന് അവര്‍ക്ക് തോന്നി.
                         തുറന്ന ഗേറ്റിനുള്ളിലൂടെ കടന്നുപോകാന്‍ ഇരുവശത്തും വാഹനങ്ങളും മനുഷ്യരും ആരവം മുഴക്കി  മത്സരിക്കുമ്പോള്‍, അതൊന്നുമറിയാതെ തികച്ചും യാന്ത്രികമേന്നോണം  അവര്‍ മുന്നോട്ടു നടന്നു.തലയുയര്‍ത്തി നില്‍ക്കുന്ന പള്ളിക്കുരിശിന്‍റെ തലപ്പ് അല്പം കാണാമെന്നായപ്പോള്‍ വീണ്ടും നെഞ്ച് പെരുമ്പറ കൊട്ടാന്‍ തുടങ്ങി .പാതിരാകുര്‍ബാനയുടെ അവസാന ശീലുകള്‍ ചെവിയില്‍ വന്നലയ്ക്കുന്നു.പക്ഷേ തന്‍റെ ലക്‌ഷ്യം പള്ളിയല്ല,പള്ളിക്കവല കഴിഞ്ഞുള്ള പോലീസ് സ്റ്റേഷനാണ്.ഉറക്കം കനംതൂങ്ങിയ കണ്‍പോളകളും, പിഞ്ഞിയ സാരിയുടെ വശങ്ങളിലും ,മുടിയിഴകളിലും ഒക്കെ പറ്റി ഉണങ്ങിപ്പിടിച്ച മാവും എല്ലാം ചേര്‍ന്ന് അവര്‍ക്ക് ഒരു പരാജിതയുടെ രൂപം നല്‍കി.

                       "ആകയാല്‍ നിങ്ങളുടെ പാപങ്ങള്‍ എത്ര കടുംചുവപ്പായിരുന്നാലും ഹിമം പോലെ വെളുപ്പിക്കാം എന്ന് അവന്‍ നല്‍കിയ വാക്ക്,മനുഷ്യാവതാരത്തിലൂടെ സാധൂകരിക്കപ്പെട്ടിരിക്കുന്നു".മൈക്കിലൂടെ പള്ളിയിലെ ക്രിസ്തുമസ് സന്ദേശം ഇപ്പോള്‍ വ്യക്തമായി കേള്‍ക്കാം.ചോദ്യങ്ങളില്‍ നിന്ന് രക്ഷപെടാന്‍ എന്നോണം പള്ളിക്ക് മുന്നിലൂടെ അവര്‍ വേഗം നടന്നു.ഇല്ലെങ്കില്‍ ചിലപ്പോള്‍ പച്ച ജീവനോടെ പോസ്റ്റ്മോര്‍ട്ടം തന്നെ നടത്തിയെന്നും വരാം. പള്ളിക്കവല കഴിഞ്ഞു ഇടത്തോട്ടുള്ള ഇടവഴി തിരിഞ്ഞു ചെല്ലുന്ന ഗേറ്റിനു മുന്നില്‍ അവര്‍ ഒരുനിമിഷം ശങ്കിച്ചു നിന്നു.കയ്യിലെ പൊതി ഭദ്രമാണെന്ന് ഉറപ്പുവരുത്തി.സാരിത്തലപ്പുയര്‍ത്തി മുഖം ഒന്ന് അമര്‍ത്തിത്തുടച്ചു. പോലീസ് സ്റ്റേഷന്‍ എന്ന ബോര്‍ഡിനു കീഴിലൂടെ അകത്തേയ്ക്ക് ചുവടു വച്ചു.ഉള്ളിലെ സങ്കടക്കടലിനൊപ്പം ഭയാശങ്കകളുടെ തിരമാലകളും പതഞ്ഞു തുടങ്ങി.ഇന്നലെയും അവര്‍ വന്നിരുന്നു.പക്ഷേ നിര്‍ദയം തിരിച്ചയയ്ക്കപ്പെട്ടു.

വാതിലിനടുത്ത് ഉറക്കം തൂങ്ങി നിന്ന പോലീസുകാരന്‍ തെല്ല് പുച്ഛഭാവത്തില്‍ വാച്ചിലെയ്ക്ക് നോക്കി.വീഴാതിരിക്കാനെന്നോണം അടുത്ത തൂണില്‍ തെരുപ്പിടിച്ചു കൊണ്ട് അവര്‍ അയാളെ ദയനീയമായി നോക്കി. പോലീസ് ശബ്ദം അല്പം ഈര്‍ഷ്യയില്‍ പുറത്തുവന്നു.
"ആരാ? എന്തു വേണം?"
"അത് ...മോന്‍..".. "
"മോനോ? ആരുടെ മോന്‍?ഞങ്ങളെല്ലാം ഓരോരുത്തരുടെ മക്കളാ " പരിഹാസം കലര്‍ന്ന ശബ്ദം.
"സാര്‍,എന്‍റെ മോനെ ഇന്നലെ വൈകിട്ട് ഇവിടെ പിടിച്ചുകൊണ്ടു വന്നിരുന്നു.അവനെ എനിക്കൊന്നു കണ്ടാല്‍മതി സാറേ.അവര്‍ കരയാതെ കരഞ്ഞു.കണ്ണീരു തുടയ്ക്കാനെന്നോണം ഒരു തണുത്ത കാറ്റ് വന്നു മുഖത്തലച്ചു വീണു.
"ആഹാ.ആ സ്പിരിറ്റ് കടത്തിയ കേസല്ലേ? കാണാനൊന്നും ഇപ്പൊ പറ്റില്ല. പന്ത്രണ്ടു കഴിഞ്ഞു വാ"
"അയ്യോ സാറേ അങ്ങനെ പറയല്ലേ.എനിക്കവനെ ഒന്ന് കണ്ടാല്‍ മാത്രം മതി.ഇന്ന് ക്രിസ്തുമസ് അല്ലേ?അവന്‍റെ പെറന്നാളും ഇന്ന് തന്നാ."
"ആണോ.എന്നിട്ട് ചാരായം കടത്താന്‍ നടന്ന നിങ്ങളുടെ മോന്‍ അതൊന്നും ഓര്‍ത്തില്ലല്ലോ?"
അവരുടെ നെഞ്ചിലൊരു കടലിരമ്പി.കണ്ണുകള്‍ ആര്‍ത്തലച്ചു പെയ്യാന്‍ തുടങ്ങി.
"സാര്‍ അങ്ങനെ പറയല്ലേ എനിക്കവനല്ലാതെ വേറാരുമില്ല. സാറിതുകണ്ടോ?
കയ്യിലിരുന്ന പൊതി അവര്‍ അയാള്‍ക്ക്‌ നേരെ നീട്ടി."എന്‍റെ മോന് കൊടുക്കാനാ സാറേ.അപ്പമാ....ക്രിസ്തുമസിന്റെ...ഇതൊന്നു കൊടുത്തിട്ട് ഞാന്‍ പൊക്കോളാം "
"ഈ നശിച്ചവനെയൊക്കെ തീറ്റിപ്പോറ്റുന്ന സമയത്ത് ഒരു പശൂനെ വാങ്ങി വളര്‍ത്തിക്കൂടെയ്‌?പോത്തുപോലെ വളര്‍ന്നല്ലോ?തള്ളയ്ക്കു അന്വേഷിച്ചു തരേണ്ടതിനുപകരം തള്ള എച്ചില് വാരി മുടിയനായ പുത്രനെ തീറ്റുന്നു.കൊള്ളാം"

ആ വാചകങ്ങള്‍ സത്യമല്ലെന്നോര്‍ത്ത് അവരുടെ ഉള്ളു നൊന്തു.ഭര്‍ത്താവ് ഓര്‍മയാകുമ്പോള്‍ മകന് മൂന്നു വയസ്സ്.അവനെ വളര്‍ത്താന്‍ വേണ്ടി അവര്‍ ഒരുപാട് സഹിച്ചു.സ്നേഹിച്ചവനൊപ്പം ഇറങ്ങിപ്പോന്ന അവര്‍ക്ക് ആരും തുണ ഉണ്ടായിരുന്നില്ല.അര്‍ദ്ധരാത്രികളില്‍ വാതിലിലെ മുട്ട് ഒഴിവാക്കാന്‍ വേണ്ടി എടുത്തു വച്ച കത്തിയല്ലാതെ.മകന്‍ നന്നായിത്തന്നെ പഠിച്ചു.അമ്മയുടെ നിഴല്‍ പറ്റി വളര്‍ന്നു.പത്താംതരം കഴിഞ്ഞു  തുടര്‍ന്ന് പഠിക്കാന്‍ വഴിയില്ലാതെ അലഞ്ഞു.പിന്നെ പിന്നെ ചെറിയ ജോലികള്‍ ചെയ്തു അമ്മയെ നോക്കാന്‍ തുടങ്ങി.സന്ധ്യാപ്രാര്‍ഥനകളില്‍ അമ്മയ്ക്കൊപ്പം കൂടി.ഞായറാഴ്ചകളില്‍ അമ്മയ്ക്കും മുന്‍പേ പള്ളിയിലേയ്ക്ക് നടന്നു.എവിടെയാണ് അവനു പിഴയ്ച്ചത്? "ഈ ക്രിസ്മസിന് ഞാന്‍ അമ്മയ്ക്ക് ഒരു സമ്മാനം തരുമെന്നു" ആവര്‍ത്തിച്ചു പറയുന്നുമുണ്ടായിരുന്നു.പക്ഷേ ക്രിസ്മസ് അടുക്കുന്തോറും അവന്‍ മൌനിയായി കാണപ്പെട്ടു.രാത്രികളില്‍ എന്തൊക്കെയോ കണക്കുകൂട്ടലില്‍ മുഴുകിയിരുന്നു.എന്താണെന്ന് ചോദിച്ചപ്പോഴൊക്കെ സമ്മാനത്തിന്റെ കാര്യം ഓര്‍മിപ്പിച്ചു ഒരു കനംതൂങ്ങിയ ചിരിയില്‍ കൂടി അവന്‍ ഒഴിഞ്ഞു മാറി.ഇന്നലെ ജോലിതീര്‍ത്ത് വൈകുന്നേരം വീട്ടിലേയ്ക്ക് വരുമ്പോള്‍ തന്‍റെ മുന്നിലൂടെയാണ് പോലീസുകാര്‍ പിടിച്ചിറക്കി ജീപ്പില്‍ കയറ്റിക്കൊണ്ടു പോയത്.ചുറ്റും കൂടിനിന്നവരുടെ അടക്കംപറച്ചില്‍ കാതുകളില്‍ കനല്‍പോലെ വന്നു വീണു."എങ്ങനെ നടന്ന ചെക്കനാ? ..ഈ പാവം പോലെ നടക്കുന്നവന്റെയൊക്കെ ഉള്ളിലിരുപ്പ് ഇതൊക്കെ തന്നെയാ.ഇനീപ്പം എന്നിറങ്ങാനാ? അതല്ലേ കേസ്!. മറുപടി പറയാനോ എന്തെങ്കിലും ചോദിക്കാനോ നാവുപൊന്തുന്നുണ്ടായിരുന്നില്ല. സ്റ്റേഷന്‍റെ വാതിലില്‍ തടഞ്ഞ പോലീസുകാരാണ് പറഞ്ഞത് സ്പിരിറ്റ്‌ കടത്തിയ വണ്ടിയില്‍ അവനും ഉണ്ടായിരുന്നെന്നു.

"നിന്നു മോങ്ങാതെ വേണമെങ്കില്‍ വേഗം ഒന്ന് കണ്ടിട്ട് പൊയ്ക്കോണം.എന്‍റെ തൊപ്പി തെറിക്കുന്ന പണിയാ.ആരെയും കാണിക്കരുതെന്നാ ഓര്‍ഡര്‍."."
പോലീസുകാരന്‍റെ ശബ്ദം അവരെ ചിന്തയില്‍ നിന്നും ഉണര്‍ത്തി.അകത്തേയ്ക്ക് നടന്ന അയാള്‍ക്ക്‌ പിന്നാലെ അവരും നടന്നു.ഒരു ചെറിയ ഇടനാഴി ആരംഭിക്കുന്ന മുറിക്കു മുന്നില്‍ എത്തിയപ്പോള്‍ അയാള്‍ നിന്നു."നിങ്ങള്‍ ഇവിടെ നിന്നാല്‍ മതി.ഇവിടെ വരും"അതുംപറഞ്ഞു അയാള്‍ നടന്നകന്നു.

കാത്തിരുപ്പിന്‍റെ കുറെ നിമിഷങ്ങള്‍ക്കൂടി ഇഴഞ്ഞകന്നു.ഒരു കാലൊച്ച അടുത്ത് വരുന്തോറും അവരുടെ നെഞ്ച് വിങ്ങാന്‍ തുടങ്ങി.നീര്‍നിറഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായ ഒരു രൂപം അടുത്തുവന്നു നിന്നത് അവര്‍ അറിഞ്ഞു.ഒരു തണുത്ത കൈത്തലം അവരുടെ കവിളില്‍  അരുമയായി ചേര്‍ന്നു.ഒപ്പം "അമ്മേ" എന്ന് ആര്‍ദ്രമായ ഒരു വിളിയും. അതുവരെ അടക്കിനിര്‍ത്തിയ സങ്കടക്കടല്‍ ഒന്നായി പൊട്ടിയൊഴുകി.സാക്ഷിനിന്ന പോലീസുകാരന്‍ സ്വന്തം മൊബൈലിലെ കുടുംബചിത്രം ഒന്ന് പാളിനോക്കി പുറത്തേയ്ക്ക് നടന്നു.കരച്ചിലൊന്നടങ്ങിയപ്പോള്‍ ചോദ്യങ്ങള്‍ വാക്കുകള്‍ മാത്രമായി ചിതറി."എന്തിനായിരുന്നു മോനേ? ആര്‍ക്കുവേണ്ടി? എല്ലാം വെറുതെയായില്ലേ?.

നിസ്സഹായത വരിഞ്ഞു മുറുകിയ അവന്‍റെ മുഖത്ത് നിന്നും വാക്കുകള്‍ മെല്ലെ അടര്‍ന്നു വീണു."എല്ലാം നമ്മുക്കുവേണ്ടിതന്നെ ആയിരുന്നമ്മേ. ഈ ഒരു ക്രിസ്മസ് എങ്കിലും കടങ്ങളും ബാധ്യതകളും ഇല്ലാത്ത നമ്മുടെ വീട്ടില്‍ എന്‍റെ അമ്മയ്ക്ക് ഒപ്പം ഒരുങ്ങാന്‍...ഈ ക്രിസ്മസിന് എങ്കിലും, കടപ്പെട്ടുപോയ നമ്മുടെ വീട് തിരിച്ചു പിടിച്ചു അമ്മയ്ക്ക് സമ്മാനമായി തരണമെന്നായിരുന്നു  എന്‍റെ ആഗ്രഹം.അതിനു ഞാന്‍ സ്വരുക്കൂട്ടിയ പണത്തിനൊപ്പം, കടം തരാമെന്നു പലരും ഏല്‍ക്കുക കൂടി ചെയ്തപ്പോള്‍ ഞാന്‍ സ്വപ്‌നങ്ങള്‍ കണ്ടു. പക്ഷേ അവസാനനിമിഷം എല്ലാരും വാക്കുമാറിയപ്പോള്‍ , എളുപ്പവഴി പറഞ്ഞു തന്നത് കൂട്ടുകാരനാണ്. "ഒരുതവണത്തെയ്ക്ക് അല്ലേടാ.കുഴപ്പമൊന്നുമില്ല" എന്ന് ധൈര്യപ്പെടുത്തി.ഒപ്പം അവന്‍ ഓടിക്കുന്ന വണ്ടിയിലാനെന്നു പറഞ്ഞപ്പോള്‍ രണ്ടും കല്പ്പിച്ചിറങ്ങി.പക്ഷേ പിടിക്കപ്പെട്ടു.അവന്‍ ഇറങ്ങി ഓടി...ഇനി....ഇനിയെന്തെന്നു എനിക്കും അറിയില്ലമ്മേ....ഇപ്പൊ ഞാനറിയാത്ത ഒരുപാട് കേസുകള്‍ എന്‍റെ പേരില്‍ ആക്കി..ഈ കേസില്‍ നിന്നൊക്കെ രക്ഷപെടണമെങ്കില്‍ ഒരുപാട് കാശ് വേണ്ടിവരും എന്ന് ഇവരൊക്കെ പറയുന്നമ്മേ....

  മകനെ ചേര്‍ത്തുപിടിച്ച് അവര്‍ വാവിട്ടു കരഞ്ഞു.എപ്പോഴോ കൈകളില്‍നിന്നും ഊര്‍ന്നുവീണ പൊതിക്കെട്ട് തുറന്നുഒരപ്പം എടുത്തു മുറിച്ചു മകന്‍റെ വായിലെയ്ക്ക് വച്ചു.ഒരിക്കല്‍ക്കൂടി മകനെ ചേര്‍ത്ത് പിടിച്ചു നിന്നു. 
 എന്നിട്ട് അതിവേഗം ഇറങ്ങി പുറത്തേയ്ക്ക് നടന്നു.എന്തൊക്കെയോ തീരുമാനിച്ചുറച്ചപോലെ.അത്യുന്നതന്‍റെ ജനനമാഘോഷിച്ചു പള്ളിപിരിഞ്ഞു വരുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ അവരും അലിഞ്ഞു ചേര്‍ന്നു.പള്ളിയിലെ മൈക്കിലൂടെ അപ്പോഴും ഒരു ഗാനശകലം ഒഴുകി വരുന്നുണ്ടായിരുന്നു.

"ഭൂമിയില്‍ ദൈവമക്കള്‍ നേടും സമാധാനം,
ഉന്നതിയില്‍ അത്യുന്നതിയില്‍ ദൈവത്തിനു മഹത്വം"മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി