ഇതിലേ വന്നു പോയവര്‍

Wednesday, October 23, 2013

വാര്‍ധക്യപ്പറവകള്‍........ഈ കഴിഞ്ഞ അവധിക്കാലത്ത് , ചെങ്ങന്നുരിലുള്ള "തണല്‍" എന്ന, കാന്‍സര്‍ ബാധിതരായ ആള്‍ക്കാര്‍ക്ക് വേണ്ടിയുള്ള ആവാസ കേന്ദ്രം ,യാദൃശ്ചികമായി സന്ദര്‍ശിക്കാന്‍ ഇടയായി .... ഒരു വയസ്സ് തികയാത്ത എന്‍റെ മോനും ,ഭാര്യയും ,എന്‍റെ കൂടെ ഉണ്ടായിരുന്നു .കാന്‍സര്‍ എന്ന മാരക രോഗം ബാധിച്ചവര്‍ മാത്രമല്ല അവിടെ ഉള്ളത്. ലോകത്തിന്‍റെ ആരവങ്ങളില്‍ ഒന്നും പെടാതെ ഏതോ നിശബ്ദതയില്‍ ജീവിക്കുന്ന കുറേപ്പേര്‍....അതില്‍ മാനസിക രോഗികള്‍, ഉപേക്ഷിക്കപ്പെട്ട വാര്‍ധക്യങ്ങള്‍ ......അങ്ങനെ ഒരുപാട് കാരണങ്ങളാല്‍ അവിടെ എത്തിചേര്‍ന്നവര്‍ ....ഒട്ടു മിക്കതും സ്ത്രീകളാണ് .ചിലര്‍ ജീവിതം തീര്‍ന്നു എന്ന് അറിഞ്ഞിട്ടും ചുണ്ടില്‍ ഒരു വരണ്ട പുഞ്ചിരി കാത്തു സൂക്ഷിക്കുന്നവര്‍. എന്‍റെ മകന്‍ കൈകളില്‍ നിന്നും കൈകളിലേയ്ക്ക് മാറിക്കൊണ്ടേയിരുന്നു .... ചിലപ്പോ അവന്‍ ചിരിച്ചു ... ചിലപ്പോള്‍ കരഞ്ഞു ... അതിനനുസരിച്ച് അവരുടെ മുഖവും മങ്ങിയും തെളിഞ്ഞും നിന്നു.


      *********************************************************


"എന്‍റെ മോന്‍റെ വീട് എവിടാ ?" ഒരു ചോദ്യം ....
ഞാന്‍ മെല്ലെ പറഞ്ഞു 'മാവേലിക്കര'.
"അയ്യോ എന്‍റെ വീട് ചാരുംമൂട്ടിലാ .... അവരുടെ മുഖത്ത് ഒരു നിമിഷം കൊണ്ട് ഒരായിരം ചിരിയോര്‍മ്മകള്‍ മിന്നി മറഞ്ഞു. ആ ഓര്‍മകളില്‍ ഇന്നും ഒരുപക്ഷേ മാഞ്ഞു പോയ ഒരു അച്ഛന്റെയും അമ്മയുടെയും കനിവിനുള്ള ദാഹം ഉണ്ടാവാം ....ചോദ്യങ്ങള്‍ പല ഭാഗത്തുനിന്നും വന്നുകൊണ്ടേയിരുന്നു .... പൊടുന്നനെ നന്നേ നരച്ച ഒരു സുന്ദരി അമ്മച്ചി ഓടി വന്നു കയ്യില്‍ പിടിച്ചു ...
"എന്‍റെ മോന്‍റെ ആ കുഞ്ഞുമോന്റെ പേരെന്താ ?"
ഞാന്‍ മറുപടി പറഞ്ഞു ....
"എന്‍റെ കൊച്ചുമോനും ഇപ്പൊ ഇത് പോലെ ആയിരിക്കും .... ഇതേ ചിരിയാ അവന്‍റെയും" അമ്മച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു ....

പിന്നീട് ചോദ്യങ്ങളുടെ ഒരു കേട്ട് തന്നെ അഴിച്ചു. കുഞ്ഞിനെ എടുത്തു ശരിയാകാത്തതിനു എന്നെ അധികാരത്തോടെ അവര്‍ ശകാരിച്ചു. അവനും ഞങ്ങളും പൊടുന്നനെ അവര്‍ക്ക് ആരൊക്കെയോ ആയി ....

എന്‍റെ അമ്മ ചെങ്ങന്നുര്‍ക്കാരിയാണെന്ന് പറഞ്ഞപ്പോള്‍ അമ്മയുടെ വീട്ടു പേര് ചോദിച്ചു .
അടുത്ത ചോദ്യം "ഏതാ പള്ളി ?"
മറുപടി അവരെ ഒരുമാത്ര നിശബ്ദരാക്കിയെന്നു തോന്നി ...
പിന്നെ വാക്കുകള്‍ അടര്‍ന്നു വീണു ..."ഞാനും ആ പള്ളിയിലായിരുന്നു .",പക്ഷെ മോന്‍ കണ്ടിട്ടുണ്ടോ എന്ന് അറിയില്ല .
വീട്ടുപേര് പറഞ്ഞാല്‍ ഒരുപക്ഷേ അമ്മയ്ക്ക് അറിയുമായിരിക്കും
പിന്നീട് കുറെ കഥകള്‍ .......

യാത്ര പറഞ്ഞു പിരിയുമ്പോള്‍ ആ അമ്മച്ചിയുടെ കൈ എന്‍റെ കയ്യില്‍ നന്നേ മുറുക്കെ പിടിച്ചിരുന്നു .....
ഞാന്‍ സങ്കടത്തോടെ മെല്ലെ പറഞ്ഞു " അമ്മച്ചി വിഷമിക്കേണ്ട .. ഞാന്‍ പ്രാര്‍ഥിക്കാം അസുഖം മാറാന്‍ " (കാന്‍സര്‍ ആണെന്നാണ്‌ ഞാന്‍ കരുതിയത് )

അമ്മച്ചി ഒന്ന് ചിരിച്ചു .... കണ്ണ് ഒന്ന് നന്നായി ചിമ്മി ,ചിരിച്ചു കൊണ്ട് അവര്‍ പറഞ്ഞു ....
"അമ്മച്ചിയ്ക്ക് ഒന്നുമില്ലെടാ ചെക്കാ ..... ഒരു അസുഖവും ഇല്ല ... പക്ഷെ എന്‍റെ മക്കള്‍ക്ക്‌ സമയമില്ല ... ഒരാള്‍ കുടുംബസമേതം അമേരിക്കയില്‍ . നാട്ടിലുള്ളവന്‍ വേറെ വീട് വച്ച് മാറി ഭാര്യയും കുട്ടികളുമായി താമസം.അങ്ങേരു അങ്ങ് നേരത്തേ പോയി എന്നെ കൂട്ടാതെ ... മക്കള്‍ക്ക്‌ അമ്മ തനിച്ചു താമസിക്കുന്നത് ഭയം .. അമ്മയെ രാത്രി ആരെങ്കിലും കൊന്നിട്ടാലോ? ചാകുന്നതില്‍ അല്ല വിഷമം .അവര്‍ക്ക് കേസ് പറയാന്‍ സമയമില്ലെന്ന് മരുമകള്‍ ...... അപ്പൊ ഞാന്‍ ഇങ്ങു പോന്നു ...... അത്ര തന്നെ .... ആ ചിരി മാഞ്ഞിരുന്നില്ല ... നനഞ്ഞ കണ്ണുകള്‍ എന്‍റെ കാഴ്ച മറച്ചു ...........

എന്‍റെ നെഞ്ച് പതിവിലും അതീതമായി മിടിക്കുന്നുണ്ടായിരുന്നു .. വാക്കുകള്‍ എനിക്ക് നഷ്ടമായി .... തിരിഞ്ഞു നോക്കാതെ നടന്നിറങ്ങി .
അതുവരെ താഴെ വയ്ക്കാതെ ഞാന്‍ കൊണ്ട് നടന്ന എന്‍റെ കുഞ്ഞിന്‍റെ കൈകളെ മുറുക്കെ പിടിച്ചു .......

"ഒട്ടൊരു ഭയത്തോടെ അവനോടു എന്‍റെ ഹൃദയം ചോദിച്ചു

"നാളെ നീയും " ???????????

3 comments:

  1. നാളെ അങ്ങനെയാവാതിരിയ്ക്കാന്‍ ഇന്നെന്തുചെയ്യാന്‍ സാധിയ്ക്കും?

    ReplyDelete
  2. ഇന്ന് എന്തൊക്കെ ചെയ്താലും നാളെ അങ്ങനെ ആവുമോ എന്ന് ഭയപ്പെടുന്നു ..... എന്നാലും ചെയ്യാനുള്ള കടമകള്‍ മറക്കാറില്ല ....... നന്ദി

    ReplyDelete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി