ഇതിലേ വന്നു പോയവര്‍

Thursday, November 27, 2014

അച്ഛന്റെ (കള്ളന്‍റെ) മകള്‍ .........


ഴ തല്ലിയലച്ചു വീണുറങ്ങിയ അതേ കുന്നിന്‍റെ  അടിവാരത്തേയ്ക്കുള്ള  വഴിയിലൂടെയാണ് അച്ഛന്‍ അവസാനമായി സൈക്കിളുമായി പോയത്. വീണ് മുട്ട് മുറിഞ്ഞതിനു ഏങ്ങിക്കരയുന്ന ഒരു പെറ്റിക്കോട്ടുകാരിയെ പോലെ ,ഏങ്ങിക്കരയുന്ന ഒരു മഴയ്ക്കൊപ്പമാണ് തിരികെ വന്നതും.ഒരു കുറിയ വെള്ളമുണ്ടിന്‍റെ അളവുകള്‍ക്കുള്ളില്‍ ഇനിയൊന്നും അറിയേണ്ടാതെ ,ഒന്നും അലട്ടാതെ മരിച്ചു മരച്ചു കിടക്കുന്ന അച്ഛനെ നോക്കിയിരിക്കവേ, തലയ്ക്കലെ എരിഞ്ഞു തീരാറായ ചന്ദനത്തിരിയുടെ പുക മെനഞ്ഞ ചെറുതും വലുതുമായ നേര്‍ത്ത രൂപങ്ങള്‍ പോലെ കാലവും ഓര്‍മ്മകളും വെളുത്തുമങ്ങിയ രൂപങ്ങളായി മെല്ലെ ഉയര്‍ന്നു വട്ടം ചുറ്റി പുറത്തേയ്ക്ക് മെല്ലെ പറന്നു.ഒടുവിലൊരുപിടി ചാരം മാത്രം മനസ്സില്‍ വീണുകിടന്നിരുന്നു... ഒട്ടും സുഗന്ധമില്ലാതെ ....
മരണം കാണാനെത്തിയവര്‍ക്കൊപ്പം  ഇടമില്ലാഞ്ഞിട്ടാവണം, പുറത്തെ ജനാലയിലൂടെ എത്തിനോക്കാന്‍ ശ്രമിച്ച കാറ്റിന്‍റെ തള്ളലില്‍, ഒരുകുടന്ന മഴപ്പൂക്കള്‍ ജനാലക്കമ്പിയിലിടിച്ചു ചില്ലുകളായി ചിതറി വീണു മുഖം മുറിച്ചു.ഇറ്റു തണുപ്പവശേഷിപ്പിച്ച് അവ ഒഴുകിയിറങ്ങവേ, അല്‍പ്പം അമ്പരപ്പോടെ ഓര്‍ത്തു.തലേന്ന് രാത്രി അച്ഛന്റെ കണ്ണുകളില്‍ നിന്നും ഒഴുകി ഇറങ്ങിയതും ഇതേ ചില്ലുകളായിരുന്നില്ലേ? ചൂടായിരുന്നില്ല അതിന്.. തണുപ്പ്.. വെറും നിര്‍വികാരതയുടെ തണുപ്പ് ...അല്ലെങ്കില്‍ നിസ്സഹായതയുടെ തണുപ്പ്.
തലേന്ന് രാത്രി.... ഉറക്കത്തിന്‍റെ ആധിക്യത്തില്‍ ഭൂമിയുടെ മേലെ നിന്നും രാത്രിയുടെ കരിമ്പടം ഏറെക്കുറെ ഊര്‍ന്നു വീണിരുന്നു. അത്ര വൈകിയ സമയത്തും ഒരു കരച്ചിലിന്‍റെ ചീള് കാതില്‍ വന്നു പതിച്ചതും, ശരീരം ഏങ്ങി വലിക്കുന്നതും അറിഞ്ഞാണ് ഞെട്ടി ഉണര്‍ന്നത്. പാതിയോളമെരിഞ്ഞുകെട്ടുപോയ ഉറക്കത്തിന്‍റെ അമ്പരപ്പിലും അച്ഛന്റെ കൈകള്‍ തന്നെ ചേര്‍ത്ത് പിടിച്ചിരിക്കുന്നതും , ആ ഉടല്‍ വല്ലാതെ ഏങ്ങിവലിക്കുന്നതും അറിഞ്ഞു.മുറിഞ്ഞ നെഞ്ചിന്‍റെ കഷണങ്ങള്‍ എന്നോണം കണ്ണീരൊഴുകിവീണ്കഴുത്തും, മുഖവും നൊന്തു. സഹിക്കാനാവാത്ത വേദനയിലെന്നോണം രണ്ടു കുഞ്ഞരുവികള്‍ ഉരുകിയൊലിച്ചു മുഖത്തേയ്ക്കു വീണ്,അവിടെയത് വേറൊന്നില്‍ ലയിച്ച്  ഒറ്റയരുവിയായി കടലിലേയ്ക്ക് എന്നോണം പാഞ്ഞിറങ്ങി."അച്ഛാ" എന്നൊന്ന് വിളിക്കാന്‍ തുനിഞ്ഞെങ്കിലും ,പുറത്തെ മഴയുടെ ധൃതിപ്പെയ്ത്തിന്‍റെ  മേളപ്പെരുക്കത്തിനൊപ്പം എത്താനാവാതെ എന്‍റെ ഒച്ച തളര്‍ന്നു വീണു വിങ്ങി. ഏങ്ങിയുലഞ്ഞ്,അടര്‍ന്നടര്‍ന്ന്‍,ഒരു കരിങ്കല്ല്  ഉരുകിത്തീരുന്നത്  ഒന്നും മനസ്സിലാവാതെ, തടയാനാവാതെ ഞാന്‍ കണ്ടു കിടന്നു. അവസാനം ,ഉരുകിയുരുകി ഉറഞ്ഞ ലാവയില്‍ ,ചോദിക്കാനാഞ്ഞ ചോദ്യം ഒളിപ്പിച്ച് ഞാനും മെല്ലെ ഒരു മയക്കത്തിലേയ്ക്ക് തെന്നി നടന്നു ..

പിറ്റേന്ന്....
നനവു പൂണ്ട് ഉണരാന്‍ മടിച്ചു നില്‍ക്കുന്ന പുല്‍നാമ്പുകള്‍ക്ക്‌ മേലെ പുലരി നീര്‍ത്തിയ വെയില്‍പ്പുതപ്പിനുള്ളില്‍ ഗ്രാമം ഉണരാന്‍ മടിച്ചു ചുരുണ്ടുകിടന്നു. വെയില്‍ പരന്നു തുടങ്ങുമ്പോഴേയ്ക്കും അച്ഛന്‍ പതിവുപോലെ തയ്യാറായി വന്നു. ദിനചര്യയുടെ ഭാഗമെന്നോണം നന്നേ തുടച്ചു മിനുക്കിയ സൈക്കിളിനു ഒപ്പം ,ഒരു ചെറിയ നൊമ്പരപ്പുഞ്ചിരി സമ്മാനിച്ച്,ഒന്നും പറയാതെ, നോക്കാന്‍ ശക്തിയില്ലാത്തപോലെ  മെല്ലെ നടന്നു പടിയിറങ്ങുന്ന അച്ഛനെ നോക്കി നിന്നപ്പോഴാണ് സൈക്കിളിനു മുന്നില്‍ സഞ്ചി ഇല്ലെന്നു കണ്ടത്.
"അച്ഛാ.... അച്ഛന്‍ ചോറെടുക്കാന്‍ മറന്നു".. വിളിച്ചു പറഞ്ഞത് കേട്ടു എന്ന് തോന്നിയില്ല. എന്നിട്ടും  വീണ്ടും നാലു ചുവടുകള്‍ കൂടി നടന്ന ശേഷം നിന്ന് ,പതിയെ സൈക്കിള്‍ സ്ടാന്റില്‍ വച്ചു അടുത്തേയ്ക്ക് വന്ന് എന്‍റെ മുഖം കൈകളില്‍ കോരി എടുക്കുമ്പോള്‍ കണ്ണുകള്‍ തുളുമ്പുന്നത്  ഞാന്‍ കണ്ടു. നനഞ്ഞ വാക്കുകള്‍ മൌനത്തെ മുറിച്ചു.
             "അച്ഛന് ഇനി ചോറ് കൊണ്ടോവണ്ടാ. അച്ഛന്‍ ഇന്ന് ജോലിക്കും പോണില്ല്യ.ഇനി നിന്നെ തനിച്ചാക്കി പോവേണ്ടിവരുകയുമില്ല.പക്ഷെ നാളെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നീയ്.....നീയ്  ഒന്നറിയണം.അച്ഛന്‍ ഇതുവരെ ആരുടേയും കണ്ണീരിന്‍റെ  വില കൊണ്ട് നെന്നേ ചോറൂട്ടിയിട്ടില്ല്യാ.അച്ഛന്‍ ആരുടേയും ഒന്നും എടുത്തിട്ടുമില്ല്യ. അത്രയും,അത്രയും നീ അറിഞ്ഞാല്‍ മതി. നീയെങ്കിലും അറിഞ്ഞാല്‍ മതി.മറ്റാരും എന്തും പറഞ്ഞോട്ടെ.
മുഖം തുടച്ച കൈത്തലം നെറ്റിയില്‍ ചേര്‍ത്ത്  വാനത്തെ ചൂഴ്ന്നു നോക്കിയെന്നോണം മുകളിലേക്ക് നോക്കി പറഞ്ഞു. "മഴ ഇനീണ്ടാവും. പൊയ്ക്കോ അകത്ത്, നനയണ്ടാ. "

പിന്നെ സൈക്കിള്‍ മെല്ലെയൊന്നു ചരിച്ച്, ഒരു മൃദു സ്പര്‍ശത്തില്‍  ഇടതു കാല്‍ പെഡലില്‍ കുരുക്കി ,പൊടുന്നനെ ഇടത്തേയ്ക്കൊരു പാളലില്‍  ഒരു കുതിരയെ എന്നോണം അതിനെ വരുതിയിലാക്കി ,ആര്‍ത്തലച്ചു താഴ്വാരത്ത് മഴയെ വിളിക്കാന്‍ പോയ ഒരു കാറ്റിനൊപ്പം പോയി.കുന്നിന്‍റെ അടിവാരത്തെയ്ക്കുള്ള വഴിയിലൂടെ .ഇനിയൊരു ചോദ്യത്തിനും ഇടനല്‍കാതെ. എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരമെന്നോണം........................


**************************************************************Friday, May 2, 2014

മദ്യമല്ല..... മനസ്സ് വില്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടികള്‍.തിളച്ചു തൂവിയ ഒരു പകലിന്‍റെ അവശിഷ്ട്ടങ്ങള്‍ പഴുത്ത സൂര്യന് ചുറ്റും തുണ്ടുകളായി അല്‍പ്പം കറുത്ത് ചിതറിക്കിടന്നിരുന്നു... ഒരു നീണ്ട പകലിലെ ജോലിയുടെ തിക്കും തിരക്കും തലച്ചോറിലെവിടെയോ ഒടുങ്ങാത്ത ഒരു മൂളല്‍ തീര്‍ത്തു കീഴടങ്ങാതെ നിന്നു. കത്തിതീരാത്ത ചിന്തകളെ ശമിപ്പിക്കാന്‍ വഴി തിരഞ്ഞു ദുബായ്ദേരയിലെ കൊച്ചു മുറിയുടെ അടുക്കളഭാഗത്തെ ഇടുങ്ങിയ "പുകപ്പുരയില്‍" ദൂരേയ്ക്ക് നോക്കി നില്‍ക്കവേ ആണ് അവന്‍റെ കോള്‍ വരുന്നത്.സതീഷിന്‍റെ.

"അച്ചായോ,ന്താ പരിപാടി?"
ഒന്നൂല്ലെടാ ..വെറുതേ......
ന്നാ മ്മക്ക് അങ്ങോട്ട്‌ ഇറങ്ങിയാലോ?"
പിന്നെന്താ.. പോയേക്കാം....."
പാന്‍റ്ന്‍റെ പിന്‍മുറിയില്‍ പേഴ്സ് ഭദ്രമാണെന്ന് ഉറപ്പുവരുത്തി മെല്ലെ നടന്നു . പുറത്ത് പാര്‍ക്കിങ്ങില്‍ അവന്‍ ഉണ്ടായിരുന്നു കാത്ത്.
"ഹവാന" എന്നത് ദേര ഫിഷ്‌ റൗണ്ട് എബൌട്ടിന് അല്‍പ്പം മാറിയുള്ള ഇടുങ്ങിയതും ,വൃത്തിഹീനവും,എന്നാല്‍ നന്നേ തിരക്കുള്ളതുമായ ഒരു ബാര്‍ ആണ്. എണ്ണി തിട്ടപ്പെടുത്താനും മാത്രം കാശ് കൈവശം ഉള്ളവരായ സാധാരണക്കാരുടെ സ്ഥലം എന്നാണു വയ്പ്പെങ്കിലും ഡാന്‍സ് ബാറുകളുടെ ആധിക്യവും സ്വതവേ ഉള്ള ഒരു ഇരുളിമയും പകല്‍മാന്യന്‍മാരായ അറബികളെ മുഴുവന്‍ അവിടേയ്ക്ക് ആകര്‍ഷിക്കാറുണ്ട്. സന്ധ്യ മയങ്ങി ചെന്നാല്‍ തടിച്ച ചുണ്ടുകളും പാതി അടഞ്ഞ കണ്ണുകളുമുള്ള റഷ്യക്കാരികളുടെ മടിയില്‍ ,അമ്മയുടെ മടിയിലെ കുഞ്ഞ് എന്നപോലെ കൊഞ്ചുന്ന അറബി ക്കിഴവന്മാരെ കാണാം.ഒറ്റഗ്ലാസിന്‍റെ കാശു കനത്തില്‍ കടിച്ച് തൂങ്ങി മണിക്കൂറുകള്‍ ഇരിക്കുന്ന മലയാള ജന്മങ്ങള്‍ കാണാം. പാട്ടുപാടി എല്ലാം മറക്കുന്ന വെളുത്ത കിഴവന്മാരെകാണാം.അറ്റമെരിയുന്ന തീപ്പന്തവും കടിച്ച്, കണ്ണിലെരിയുന്ന, കാമമോ ദാരിദ്ര്യമോ,ആര്‍ത്തിയോ എന്ന് തിരിച്ചറിയാനാവാത്ത മരവിച്ച വികാരങ്ങളുമായി, തടിച്ചു കുറുകിയ മാംസപിണ്ഡങ്ങള്‍ നിറവകഭേദമില്ലാതെ ഇരതേടി അലഞ്ഞുകൊണ്ടേയിരിക്കും.അവരില്‍ റഷ്യക്കാരും, ശ്രീലങ്കരും,ഫിലിപ്പീനോകളുംഒക്കെ ഉണ്ടാവും. എന്നാല്‍ മലയാളികളും,ഹിന്ദിക്കാരും,തമിഴരും അടങ്ങുന്ന ഇന്ത്യക്കാരികള്‍ പ്രത്യക്ഷത്തില്‍ എങ്കിലും "വിളമ്പുകാര്‍" മാത്രമാണ്. സ്ഥിരം ഇരിപ്പിടമായ ഏറ്റവും മൂലയ്ക്കുള്ള ഒരു മൂന്ന് കസേരത്തലത്തില്‍ ഞാനും സതീഷും ഇരിപ്പുറപ്പിച്ചു. അവിടെ ഇരുന്നാല്‍ അറബിക്കിഴവന്മാരുടെ പ്രണയോലുപമായ കേളികള്‍ കാണാം, ഒപ്പം വിളമ്പാന്‍ നില്‍ക്കുന്ന മലയാളിപെണ്‍കിടാങ്ങളുടെ വിളമ്പുമേശ അതിനടുത്തായതുകൊണ്ട് അവരെയും നന്നായി കാണാം. കൂട്ടത്തില്‍ എന്തോ ഒരു പ്രത്യേകത തോന്നിയ, കണ്ണിമയ്ക്കാതെ ഞങ്ങളെ നോക്കി നിന്ന ഒരുവളെ കൈകാട്ടി വിളിച്ചു. വെളുത്തു മെലിഞ്ഞ ആ ചുരുണ്ടമുടിക്കാരി മേശയ്ക്കടുത്ത് വന്നു രോഗവിവരം തിരക്കുന്ന ഡോക്ടറെപ്പോലെ നിന്നു.രോഗവിവരം പറഞ്ഞപ്പോള്‍ മരുന്നുമായി വന്നു. മലയാളിയെന്ന് അറിഞ്ഞു പേരും നാളും ചോദിക്കവേ "ഇത് മലയാളികളുടെ മാത്രം പതിവെന്ന് പറഞ്ഞു ദേഷ്യപ്പെട്ട് അവള്‍ നടന്നകന്നു.പതിയെ പതിയെ ഒന്നും രണ്ടും മൂന്നും തവണ സേവ കഴിഞ്ഞു. എന്നാല്‍ ഓരോ തവണ വിളമ്പുമ്പോഴും അവളുടെ കണ്ണുകള്‍ എന്‍റെ കണ്ണുകളെ കൊരുത്ത് വലിക്കുന്നു എന്ന് അല്പമൊരു സുഖകരമായ അസ്വസ്ഥതയോടെ ഞാന്‍ അറിഞ്ഞു.ചിന്തകളുടെ നേരായ വഴികളെ ഉന്മാദത്തിന്‍റെ ഇരുള് മെല്ലെ മൂടിത്തുടങ്ങിയപ്പോള്‍ ഫണമടക്കി മനസ്സില്‍ കിടന്ന വിഷനാഗങ്ങള്‍ പുളഞ്ഞുചീറ്റി.

"ഇനി എന്തേലും വേണോ?"
പാതി മൂടിയ കണ്ണുകളെ തുറപ്പിച്ചു ഒരു ചോദ്യമെറിഞ്ഞു അവള്‍. എനിക്ക് നേരെ അവളുടെ കണ്ണില്‍ നിന്നും തിരിച്ചറിയാനാവാത്ത ഒരു ജ്വാല ഉണരുന്നത് ഞാന്‍ കണ്ടു .
അടഞ്ഞു തുടങ്ങിയ പ്രജ്ഞയില്‍ ഞാന്‍ അവളെ അടിമുടി നോക്കി. കറുത്ത നാഗങ്ങളുടെ കാമ ശീല്‍ക്കാരം മനസ്സില്‍ പുളഞ്ഞു. എന്‍റെ മനസിലെ ഖജുരാഹോയില്‍ ഞാനും അവളും ശില്പ്പങ്ങളായി. എങ്ങിനെയും വളയുന്ന നാവിന്‍റെ ബലത്തില്‍ ,ബാറിന്‍റെ ഏറ്റവും പിന്നിലെ ഇരുളിന്‍റെ ബലത്തില്‍ ,അവളോട്‌കൂടുതല്‍ അടുക്കവേ തിരുവനന്തപുരംകാരി നിഷ ഒരു തനി നാട്ടിന്‍പുറത്തുകാരിയായി എന്നോട് പലതും പറഞ്ഞുകൊണ്ടേയിരുന്നു. അവളെപ്പറ്റി, നാട്ടിലെ അവളുടെ കൊച്ചു വീടിനെപ്പറ്റി, രണ്ടു അനിയത്തിമാരെപ്പറ്റി, കാന്‍സര്‍ ബാധിച്ചു കിടക്കുന്ന അമ്മയെപ്പറ്റി, അവളുടെ വിവാഹം എന്ന അവരുടെ ഇനിയും നടക്കാത്ത സ്വപ്നത്തെ പറ്റി,....അങ്ങനെ ഒരുപാടൊരുപാട്.......
കറുത്ത തടിയന്‍മാരായ കെനിയന്‍ സെക്യൂരിറ്റികള്‍ കാണാതെ അവളുടെ നമ്പര്‍ എഴുതി വാങ്ങുമ്പോള്‍ കൈ വിറച്ചു.മനസ്സില്‍ രണ്ടു കൊമ്പും, ദംഷ്ട്രകളും,ചോര നാവും നീട്ടി ഒരു പിശാചു ഉണര്‍ന്നു. മെല്ലെ അകമേ ക്രൂരമായി ചിരിച്ചു. തപ്പിത്തടഞ്ഞ് എഴുന്നേല്‍ക്കുമ്പോള്‍ ആരും കാണാതെ രണ്ടു വിരലില്‍ അവള്‍ മെല്ലെ പിടിച്ചു. തിരിഞ്ഞു നോക്കുമ്പോള്‍ അവളുടെ രണ്ടു കണ്ണുകളില്‍ നിന്നായി ഒന്നിന്പിറകേ ഒന്നായി മുത്തുകള്‍ അടര്‍ന്നു വീണുകൊണ്ടിരുന്നു. ഒപ്പം അവളുടെ വിറകൊണ്ട ചുണ്ടുകളില്‍ നിന്നും കനല് പോലെ ആ വാക്കുകള്‍ അടര്‍ന്നു ചിതറി എന്നെ ആസകലം പൊള്ളിച്ചു.

"ഏട്ടന്‍...... എന്‍റെ ഏട്ടനെ കണ്ടാലും ഇതുപോലെയാ...... ഇതേ ചിരി....പാവം ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ... ഞാന്‍ ഇവിടെ വരില്ലായിരുന്നു....."
അകമേ നിന്നും തികട്ടി തള്ളിയ' ഒരു ഏങ്ങലില്‍ അവളുടെ വാക്കുകളെ കണ്ണീര് വിഴുങ്ങി. എന്‍റെ മനസിലെ വീശിയടിച്ച ചുഴലിയില്‍ ഖജുരാഹോ തകര്‍ന്നടിഞ്ഞ് എന്നെ കൊഞ്ഞനം കുത്തി.ഞാന്‍ കനലില്‍ നിന്നാല്‍ എന്നപോലെ പൊള്ളി വിറച്ചു. എന്‍റെ കാഴ്ച കണ്ണീരു വന്നു മറഞ്ഞു. ആര്‍ത്തു ചിരിക്കുന്ന ഒരുപറ്റം ആളുകള്‍ക്കിടയില്‍ ഞാന്‍ പൊടുന്നനെ മനസ്സുകൊണ്ട് നഗ്നനായി... മുറിവേറ്റ മനസ്സുമായി, നാണിച്ചു തലതാഴ്ത്തി വേച്ചു വേച്ചു പുറത്തേയ്ക്ക് നടന്നു.......... വഴിപോലും എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു....

Tuesday, April 22, 2014

ജലപ്പരപ്പിലെ മഴത്തുള്ളികള്‍കാലം എത്ര കഴിഞ്ഞാലും ,നന്നേ ചെറുപ്പത്തില്‍ മനസ്സില്‍ പതിഞ്ഞുപോകുന്ന ചില മുഖങ്ങളുണ്ട്. ഒട്ടും ബോധപൂര്‍വമായ ഒരു 'പതിക്കല്‍' ആവണമെന്നില്ല അത്. സന്ദര്‍ഭങ്ങളുടെ പ്രത്യേകത കൊണ്ടും, പിന്നെ നമ്മളുടെ ഉള്ളിലെ ഇഷ്ടങ്ങളോട് സമരസപ്പെടുത്തുന്ന എന്തോ ഒന്ന് അവരില്‍ നാം കണ്ടെത്തുന്നത് കൊണ്ടും കൂടി ആവാം. ഇപ്പറഞ്ഞുവരുന്നത്‌ പ്രണയത്തെക്കുറിച്ച് ആണെന്നൊന്നും ധരിച്ചുവശാകണ്ടാ ഇഷ്ടാ.... അതൊന്നുമല്ല. പ്രത്യേകിച്ചും ഗ്രാമങ്ങളുടെ നിഷ്കളങ്കതയില്‍ വളരുന്നവര്‍ക്ക് അവരുടെ ദൈനംദിന ജീവിതത്തില്‍ സ്ഥിരം കാണുന്ന ,ഇടപഴകുന്ന ഒരു സത്യന്‍അന്തിക്കാട് സിനിമയിലെപ്പോലെ ഉള്ള ചില സ്ഥിരം കഥാപാത്രങ്ങള്‍ കിട്ടാന്‍ ഭാഗ്യമുണ്ടാവാറുണ്ട്.അത് ചിലപ്പോ പത്രം കൊണ്ടുവരുന്ന ചേട്ടനാവാം, കറുത്ത മോണ കാട്ടി ചിരിക്കുന്ന പാല് കറക്കാന്‍ വരുന്ന തമിഴനാവാം, എപ്പോഴും മുറുക്കി ചുവപ്പിച്ചു നില്‍ക്കുന്ന, കണ്ണ് തുറിച്ചു നോക്കുന്ന ചായക്കടക്കാരന്‍ ആവാം..... അങ്ങിനെയങ്ങിനെ...... അത്തരത്തില്‍ ഒരു ഭാഗ്യം എനിക്ക് തന്ന ഗ്രാമമായിരുന്നു എന്‍റെതും. നാടിന്‍റെ ദൈനംദിന ജീവിതവും, എന്‍റെ രാപ്പകലുകളും തമ്മില്‍ ഇത്രത്തോളം വര്‍ഷങ്ങളുടെ അന്തരം ഉണ്ടായിട്ടും,അവരില്‍ പലരും ലോകത്തോട് തന്നെ യാത്ര പറഞ്ഞു പോയിട്ടും ,ഇപ്പോഴും ചില മുഖങ്ങള്‍ പലപ്പോഴും വിളിക്കാതെ തന്നെ സ്വപ്നങ്ങളില്‍ കൂടി കടന്നുവരാറുണ്ട്. അനുവാദം പോലും ചോദിക്കാതെ.ഒരു പക്ഷെ അവര്‍ക്ക് നമ്മള്‍ പ്രിയപ്പെട്ടവരായിരുന്നിരിക്കാം. നമ്മള്‍ പോലും അറിയാതെ അവര്‍ നമ്മളെ സ്നേഹിച്ചിരുന്നിരിക്കാം.....

അങ്ങിനെ ഒരു മുഖം ഇന്നലെയും എന്‍റെ സ്വപ്നങ്ങളിലെ ക്ഷണിക്കാത്ത അതിഥിയായിരുന്നു . "ഇരുട്ട്" എന്ന് ചെല്ലപ്പേരുള്ള "രാജേഷ്‌.... ഗ്രാമത്തിലെ സ്കൂളിലെ ആറാം ക്ലാസ്സുകാരനായ എന്‍റെ സഹപാഠി. വളരെയധികം പാവപ്പെട്ട ഒരു വീട്ടിലെ ഒരുപാട് സ്നേഹിക്കുന്ന ഒരു അച്ഛന്റെയും അമ്മയുടെയും,ചേച്ചിയുടേയും പ്രാണന്‍.ഒന്നിച്ചു പഠിച്ചു എന്നല്ലാതെ അവന്‍ എന്‍റെ ആത്മമിത്രം ഒന്നുമായിരുന്നില്ല അക്കാലത്ത്. എണ്ണയും വെള്ളവും കൂടിക്കുഴഞ്ഞ നീളന്‍ മുടി ചീകിയൊതുക്കി,തലേന്നത്തെ ഗുസ്തിയില്‍ പൊടിപിടിച്ച അതേ നീളന്‍ നിക്കറും, സാമാന്യത്തിലും വലിയ കണ്ണുകളും, ഉള്ള നീളം കുറഞ്ഞ മെലിഞ്ഞ ഒരു പാവം കൂട്ടുകാരന്‍. ക്ലാസ്സില്‍ ആളു പാവമൊന്നും ആയിരുന്നില്ല. ക്ലാസ്സിലെ എല്ലാ തല്ലുപിടികള്‍ക്കും ഒരുപക്ഷത്ത് എന്നും അവന്‍റെ പേരുണ്ടായിരുന്നു. "

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും അവന്‍ അതിബുദ്ധിമാനായിരുന്നു. ബുദ്ധിയുടെ അളവ് കൂടുതല്‍ പലപ്പോഴും അവന്‍റെ പ്രവര്‍ത്തികളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവനെ അരവട്ടനാക്കി പ്രതിഷ്ഠിച്ചു.നീണ്ട തോള്‍സഞ്ചിയും, മടക്കി വയ്ക്കാതെ അലസമായി കിടക്കുന്ന ഷര്‍ട്ടിന്‍റെ കയ്യും ആ പറച്ചിലിന് ആക്കം കൂട്ടി . ഒന്നും ആവര്‍ത്തിച്ചു പഠിക്കാതെ കേട്ടപാടെ മനപ്പാഠമാക്കാനുള്ള കഴിവ് അവനെ ക്ലാസിലെ മിടുക്കരുടെയും എതിരാളിയാക്കി.സ്കൂളിലെ ആദ്യ ദിനങ്ങളില്‍ ഞങ്ങള്‍ വെറുതെ കണ്ടു ചിരിച്ചു പോകുമായിരുന്നെങ്കിലും പിന്നെപിന്നെ സംസാരിച്ചു അറിഞ്ഞു തുടങ്ങവേ അവനും മനസ്സില്‍ എന്‍റെ പ്രിയപ്പെട്ടവരില്‍ ഒരാളായി. ഗ്രാമത്തിന്‍റെ നിഷ്കളങ്കത അതേപോലെ ആള്‍രൂപം പൂണ്ടതായിരുന്നു അവന്‍ എന്നതുകൊണ്ട് തന്നെ എല്ലാവര്ക്കും ഇഷ്ട്ടവും ആയിരുന്നു അവനെ. ആറിന് അടുത്ത് താമസിക്കുന്ന അവന്‍റെ ആറ്റിലെ കളികളുടെയും കുളികളുടെയും വീരവാദങ്ങള്‍ എന്നില്‍ അല്‍പ്പം അസൂയയും ഉണ്ടാക്കി. അവന്‍ ഒരുപാട് സ്നേഹിച്ചിരുന്ന അതേ നദി തന്നെ അവന്‍റെ ജീവനെടുത്തു എന്നത് വിവക്ഷിക്കാന്‍ ആവാത്ത വിധം ഇന്നും എന്നെ അലട്ടുന്ന ഒരു സമസ്യയാണ്.

പതിവ് പോലെ സ്കൂള്‍ കഴിഞ്ഞ ഒരു വൈകുന്നേരം വീട്ടിലെത്തി സഞ്ചിയും വലിച്ചെറിഞ്ഞു കൂട്ടുകാരുമൊത്ത് ആറ്റിലേയ്ക്ക്.
"ചായ കുടിച്ചിട്ടു പോ മോനേ " എന്ന അമ്മയുടെ പിന്‍വിളിയ്ക്ക് മറുപടി പോലും കൊടുക്കാതെ ഉള്ള ഒരോട്ടം. അച്ചന്‍കോവിലാറിന്‍റെ ഓളങ്ങള്‍ക്ക് അവനെ ഞങ്ങളെക്കാള്‍ കൂടുതല്‍ ഇഷ്ടമായിരുന്നിരിക്കാം.അവരാവാം അവനെ വളര്‍ത്തിയത്. നദിയുടെ കുറുകെ ഉള്ള പാലത്തില്‍ നിന്നും നദിയിലേക്ക് ഒരു മലക്കം മറിയല്‍. ഒരു മീനിനെപ്പോലെ വെള്ളത്തിലേയ്ക്ക് ഊളിയിട്ട അവന്‍ പിന്നെ പൊങ്ങി വന്നില്ല. അവന്‍റെ ഒരുജോഡി ചെരിപ്പുകള്‍ മഴ പെയ്തു നനഞ്ഞ ആ പാലത്തില്‍ അനാഥമായി കിടക്കുന്നുണ്ടായിരുന്നു എന്ന് പിന്നീടാരോ പറഞ്ഞു. മുങ്ങിത്തപ്പിയവര്‍ കണ്ടത് വെള്ളത്തിനടിയില്‍ ചെളിയില്‍ തല തറഞ്ഞു പ്രാണന്‍ വെടിഞ്ഞ അവനെ ..... വെള്ളത്തോട് അലിഞ്ഞു ചേര്‍ന്ന് ...... ഇന്നും എന്‍റെ ഓര്‍മ്മകളിലും സ്വപ്നങ്ങളിലും അവനുണ്ട്. മായാതെ അവന്‍റെ മുഖവും...... ഈ അക്ഷരക്കൂട്ടുകള്‍ എങ്കിലും ഞാന്‍ ആ ഓര്‍മ്മകള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കട്ടെ........

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി