ഇതിലേ വന്നു പോയവര്‍

Monday, December 20, 2010

തലവര ...???

വര വളഞ്ഞു പോകുന്നത് ആരുടെ കുറ്റമാണ്?
വരയ്ക്കുന്നവന്റെയോ?
അതോ വര വീഴുന്ന പ്രതലത്തിന്റെയോ?
രണ്ടുമാവാം..അല്ലെങ്കില്‍ ഇതില്‍ ഒന്നാവാതെ വഴിയില്ല....
എങ്കില്‍ തലവര വളഞ്ഞു പോയതോ?
വരച്ചത് ഞാനല്ല......
വരയ്ക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടതും ഞാന്‍ കാരണമല്ല....
പിന്നെന്തേ എന്റെ വര മാത്രം നേരെയായില്ല?
വൈദ്യനെ കണ്ടു..
"മാനസികവും ആത്മീകവും കൂട്ടിക്കുഴച്ച്
 ഉരുളയാക്കി കഴിക്കാന്‍ "പറഞ്ഞു.
ഫലിച്ചില്ല .....
പാതിരിയെ കണ്ടു.....
"കണ്ണുനീര്‍ കൊണ്ട് തുടയ്ക്കാന്‍" പറഞ്ഞു
കണ്ണീരില്‍ ചവിട്ടി തെന്നി വീണെന്നു ഭാര്യ ശകാരിച്ചു......
കൂട്ടുകാരോട് ചോദിച്ചു...
"മദ്യം കൊണ്ട് കഴുകാന്‍" പറഞ്ഞു...
മദ്യം 'കഴുകനാവാന്‍' തുടങ്ങിയപ്പോള്‍
അതും ഉപേക്ഷിച്ചു..
ഇനിയെന്ത് ?????????????

Saturday, November 13, 2010

പാറ്റയും ഞാനും...ഒരു സംഭവകഥ.......

പ്രഭാത ഭക്ഷണത്തിന്റെ സമയത്താണ് ആ ജീവി ഒരു ക്ഷണിക്കാത്ത അതിഥിയായി  ഞങ്ങളുടെ തീന്‍ മേശയുടെ സമീപമുള്ള ഭിത്തിയിലൂടെ ,'അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്ന തീവ്രവാദിയെ പോലെ' ഒരു രക്ഷപെടല്‍ ശ്രമം നടത്തിയത്....
പ്രവാസ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞതാണ്  അതെന്നു എന്റെ ഭാര്യയ്ക്ക് അറിയില്ലല്ലോ?
അതെ...അത് തന്നെ....യു.എ.ഇ. യുടെ ദേശീയ പ്രാണിയായ "പാറ്റ ".. അവളുടെ പേടിസ്വപ്നം ആണ് ആ പാവം...
ഉടനെ തന്നെ സിനിമയിലെ കൊട്ടേഷന്‍ സംഘങ്ങള്‍ വിളിച്ചലരുന്ന പോലെ ഭാര്യ അലറാന്‍ തുടങ്ങി.. "കൊല്ലതിനെ.....കൊല്ല് ......കൊല്ലാആആആആന്"
കഴിക്കുന്നിടത്ത് നിന്നും എഴുന്നേല്ക്കാനും ,ഒപ്പം അതിനെ കൊല്ലാനും ഉള്ള മടികൊണ്ട്  ആ കൊടും പാപത്തില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി   ഞാന്‍ 'ശ്രീനി ' സ്റ്റൈലില്‍  ഒരു കാച്ചു കാച്ചി...
"പാടില്ല കുട്ടീ .."
അത് കേട്ടപ്പോള്‍  അവളുടെ മുഖത്ത് ഉണ്ടായ നവരസങ്ങള്‍ക്കും അപ്പുറത്തുള്ള ആ രസത്തിന്റെ തീവ്രത കുറക്കാന്‍ ഞാന്‍ വീണ്ടും സുല്‍ത്താനെ കൂട്ട് പിടിച്ചു....
"എടീ ,അവരും ഭൂമിയുടെ അവകാശികളാണെന്നു ബഷീറിക്ക പറഞ്ഞിട്ടുണ്ട്..
"എങ്കില്‍ അയാളെ ഞാനൊന്ന് കാണട്ടെ" ഭാര്യ കലിതുള്ളി  
ഞാന്‍ തുടര്‍ന്നു ....നമ്മെയും അവരെയും പോലെ ഒരു പാട് ജന്തുക്കളെ ഒടെയതംബുരാന്‍  സൃഷ്ട്ടിച്ചു..പക്ഷെ നമ്മുക്ക് മാത്രം അങ്ങേരു അല്‍പ്പം തലച്ചോറ് വച്ച് തന്നു...അതുകൊണ്ട് നമ്മള്‍ ഇതല്ലാം അടക്കി ഭരിക്കുന്നു....എന്നുവച്ച് അവയ്ക്കും ജീവിക്കണ്ടേ?"
എന്റെ ഫിലോസഫി  ഒരു ചെറിയ കാറ്റ് മാത്രമായി ,അവളുടെ  ചെവിക്കു മുകളില്‍ വീണു കിടന്ന മുടിയിഴകളെ തഴുകി കടന്നു പോയി..
ഉടന്‍ വന്നു അവളുടെ അലര്‍ച്ച..."ഈ നാശം പിടിച്ചതിനെയൊക്കെ എന്തിനു സൃഷ്ട്ടിക്കുന്നോ ..ആവോ"  ....????????
ആ പറഞ്ഞത് എന്നെയാണോ അതോ പാറ്റയെ ആണോ എന്ന് മനസിലാകഞ്ഞതിനാല്‍ ഞാന്‍ ഒരു കഷ്ണം ദോശ കൂടി എന്റെ വായില്‍ തിരുകി....
രണ്ടു വിരുദ്ധ ആശയങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കാണാന്‍ എന്നോണം , അത് ആ അതിര്‍ത്തി വിട്ടു പോകാതെ ഇന്ത്യയും പാകിസ്ഥാനും തമ്മിലടിക്കുന്നത് കണ്ടു രസിക്കുന്ന അമേരിക്കയെ പോലെ അവിടെത്തന്നെ ഓടി നടക്കാന്‍ തുടങ്ങി....
മുഴുവന്‍ വായിക്കുന്നതിനു മുന്‍പ് ഞാന്‍ മടക്കി വച്ച എന്റെ പ്രിയപ്പെട്ട പത്രം ചുരുട്ടികൂട്ടി അവള്‍ ആയുധമാക്കുന്നത് കണ്ട്  അറിയാതെ "അയ്യോ" എന്ന ഒരു ദയനീയ സ്വരം എന്റെ വായില്‍ നിന്നും പുറത്തു വന്നു....
ശബ്ദം കേട്ട ദിക്ക് ലക്ഷ്യമാക്കി വീണ്ടും അവള്‍ വെടിയുതിര്‍ത്തു..
"മറ്റുള്ളവര് ചാകാന്‍ കിടന്നാലും ഇവിടാര്‍ക്കും ഒരു വിഷമവും ഇല്ല .ഒരു പാറ്റയെ കൊല്ലാന്‍ നോക്കിയതിന് കരയുന്നു....പിന്നേ ...ചേട്ടനും അനിയനും അല്ലെ?"
എന്റെ പത്രത്തിന്റെ ദയനീയ സ്ഥിതി കണ്ടിട്ടാണ് ആ ശബ്ദം എന്നില്‍ നിന്നും പുറത്തു വന്നത് എന്ന് അവള്‍ക്കു അറിയില്ലല്ലോ?
അതറിഞ്ഞാലും  ഒരു പുല്ലും ഇല്ലെന്ന മട്ടിലാണ് പത്രവും ചുരുട്ടി പിടിച്ചു അവളുടെ നില്‍പ്പ്.
അവസാനം അവളുടെ ശ്രമം ഫലം കണ്ടു...
പകുതി എന്റെ പത്രത്തിലും (പാത്രത്തില്‍ വീണില്ല)  ,പകുതി ഭിത്തിയിലും പതിഞ്ഞു ,ആ പാവം ജീവിക്ക് അന്ത്യവിശ്രമം ആയി.......
നാലാം തവണ  പത്താം ക്ലാസ് എഴുതി പാസായപ്പോള്‍ ,എന്റെ മുഖത്ത് ഉണ്ടായതിലും അധികം സന്തോഷം അവളുടെ മുഖത്ത് ഞാന്‍ കണ്ടു....
ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട സര്‍വലോക പാറ്റകളെയും ഓര്‍ത്തു വിഷമം വന്നെങ്കിലും ,വോട്ടു ചോദിച്ചു വരുന്ന രാഷ്ട്രീയക്കാരുടെ മുഖത്ത് കാണുന്ന തരം ഒരു ചിരിയില്‍ കൂടി ഞാനും അവളുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നെന്നു വരുത്തി......

സന്ദേശം......."കുടുംബ സമാധാനമാണ് സ്നേഹിതാ , പാറ്റയുടെ ജീവനേക്കാള്‍ വലുത്..."


.

Monday, September 20, 2010

അവാര്‍ഡ്‌

ഞാന്‍ വരച്ച ചിത്രങ്ങള്‍ക്ക് മിഴിവ് പോരെന്നു അവര്‍.
നിറങ്ങളുടെ സംയോജനം കൃത്യമല്ലെന്നു വിധി എഴുതിയപ്പോള്‍ ,
കണ്ണീരിന്റെ ശുദ്ധിയിലാണ് നിറങ്ങള്‍ ചാലിച്ചതെന്നു ഞാന്‍ പറഞ്ഞു.

ചിത്രങ്ങളുടെ ബൌദ്ധിക തലം അവിശ്വസനീയമെന്നും പൊള്ളത്തരം എന്നും അവര്‍....
അനുഭവങ്ങളുടെ പൊള്ളലുകള്‍ ആണ് ആശയങ്ങള്‍ എന്ന ഉത്തരം
അവര്‍ക്ക് മനസിലാകുമായിരുന്നില്ല ...

പശ്ചാത്തലത്തിലെ കടും നിറങ്ങളുടെ ആവശ്യകതയെപ്പറ്റി അടുത്ത ചോദ്യം.
ജീവിതം എന്ന കാന്‍വാസിലെ കീറലുകള്‍ മറയ്ക്കാന്‍ എന്ന മറുപടി-
അവരുടെ പരിഹാസചിരിയില്‍ മുങ്ങിപോയി ...

അവരുടെ മോഡേണ്‍ ആര്‍ട്ടിന്റെ അര്‍ത്ഥതലങ്ങള്‍
എനിക്ക് എന്നും അഗ്രാഹ്യമായിരുന്നു..
ചര്‍ച്ചകളിലും വീഞ്ഞുനുരയുന്ന പാര്‍ട്ടികളിലും "കലാമൂല്യം" വളര്‍ത്താന്‍
അവര്‍ ശ്രമിക്കുന്നതും ഞാന്‍ അറിഞ്ഞില്ലെന്നു നടിച്ചു....
അനാഥമായിപോയ ബാല്യത്തിന്റെ ഏതോ തുരുത്തുകളില്‍ നിന്നും ,
ജീവിതത്തിലേക്ക് പിടിച്ചു കയറുമ്പോള്‍
കാന്‍വാസും ആശയങ്ങളും തേടി മറ്റെങ്ങും പോകേണ്ടി വന്നില്ല...
പൊടിയും വിയര്‍പ്പും കണ്ണീരും കലരുമ്പോള്‍
നിറങ്ങള്‍ ഉണ്ടാവും എന്ന് ഞാന്‍ പഠിച്ചു.
വിശപ്പുകൂടുമ്പോള്‍ അനുഭവങ്ങളുടെ തോട് പൊളിച്ചു
ആശയങ്ങള്‍ പുറത്തുവരുമെന്നും അവര്‍ക്ക് അറിയില്ലായിരുന്നു.

അതുകൊണ്ട് ...

അവസാനം അവരുടെ വിധിനിര്‍ണയത്തില്‍ നിന്നും
എന്റെ ജീവിതചിത്രങ്ങള്‍ നിഷ്കരുണം പുറന്തള്ളപ്പെട്ടു .....

Thursday, July 22, 2010

പ്രവാസി ..
ഇവിടെയുള്ളതോ കേവലം കൊയ്ത്തുകാര്‍ ...
നിലവിളികളില്‍ സ്വയം ചുരുങ്ങുന്നവര്‍ ...
നിലമവര്‍ക്കില്ല ,വിളവവര്‍ക്കല്ല...ബാക്കിയായ്‌ ..
നിലയുറക്കാത്തോരീ ജീവിതം മാത്രം ......

സാക്ഷികള്‍
നക്ഷത്രങ്ങള്‍ പറയുന്നത് മനുഷ്യരെക്കുറിച്ചാണ് .
കാലത്തിന്റെ സൂചിമുന നോവിക്കുന്ന മനുഷ്യരെകുറിച്ച്...
യുദ്ധം,മരണങ്ങള്‍,അനാഥത്വം,ദാരിദ്ര്യം..എല്ലാം,
ദിനരാത്രങ്ങളുടെ നൂലില്‍ കോര്‍ത്ത ആവര്‍ത്തനങ്ങള്‍ മാത്രമാണ്...
എല്ലാം കണ്ടുകൊണ്ട് അവര്‍ കരയുന്നു,കാരണം
അവരും ഒരിക്കലിവിടെ ജീവിച്ചു മരിച്ചവരായിരിക്കാം.

സ്നേഹം
സ്നേഹത്തെ എനിക്ക് ഭയമാണ്
ചിലപ്പോളത് കൂര്‍ത്ത മുള്ളുകളാല്‍ നോവിക്കും...
മറ്റുചിലപ്പോള്‍ പൂക്കളുടെ സുഗന്ധം പരത്തും.
പാതികാഴ്ച മങ്ങിയവനെ പോലെ
വ്യക്തമല്ലാത്ത ജീവിതകാഴ്ചകള്‍ വരക്കും...\
എങ്കിലും കവികള്‍ അതിനെ അണിയിച്ചൊരുക്കുന്നു
കമിതാക്കള്‍ സ്തുതി പാടുന്നു ..
അതിന്റെ യഥാര്‍ത്ഥ രൂപം ആര്‍ക്കും അറിയില്ല.
അതിനുപോലും.

Monday, May 10, 2010

നിഴലുകള്‍....

ഈ പ്രകാശം എന്റേത് മാത്രമാക്കൂ....
ഇനിയുള്ള പകലുകളെ എനിക്ക് സ്വന്തമായ്‌ തരൂ...
ആവില്ലെന്കില്‍
എനിക്കെന്റെ നിഴലിനെ തിരികെ തരൂ....
എനിക്കത് വിലപ്പെട്ടതാണ്...എന്റെ സുഹൃത്താണ്...
ഒറ്റപ്പെട്ടവന്റെ കണ്ണീരായ രാത്രിമഴ പോലെ ...
ചിലപ്പോള്‍ അതിന്റെ നിറം വിരഹത്തിന്റെ കറുപ്പായിരുന്നിരിക്കാം ,
മറ്റുചിലപ്പോള്‍ അത് മൌനത്തിന്റെ മേലാട അണിഞ്ജിരുന്നിരിക്കാം
വെയില്‍ ചായുന്ന സായന്തനങ്ങളില്‍ "പ്രണയം" തേടി കുന്നുകളില്‍ അലഞ്ഞിരിക്കാം ..
എങ്കിലും എനിക്കത് വിലപ്പെട്ടതാണ്..
അതെന്റെ അസ്ഥിത്വത്തിനും സ്വപ്നങ്ങള്‍ക്കും ചുറ്റും സ്ഥാനം പിടിചിരുന്നതാണ്...യുഗങ്ങളോളം..
ഞാന്‍ കരയുമ്പോള്‍ അതും കരയുന്നു..
ഞാന്ചിരിക്കുമ്പോഴും  ഒപ്പം...
പുതിയ മേച്ചില്‍പുറങ്ങള്‍ തേടി ഞാന്‍ അലയുന്ന പകലുകളില്‍ അതിനെ കാണാറില്ല
എങ്കിലും സായന്തനങ്ങളില്‍ അത് തിരികെ വന്നു ഞാനാരാണെന്ന് എന്നെ ഓര്‍മിപ്പിക്കുന്നു...
അതെവിടെ മറയുന്നുവെന്നോ എന്ത് കുടിക്കുന്നുവെന്നോ  എനിക്കറിയില്ല ..
പക്ഷെ ഒന്നുമാത്രം അറിയാം..
എനിക്കതിനെ പിരിയാനാവില്ല ...അതിനു എന്നെയും......

Monday, April 26, 2010

ദുബായ്‌ എഫ്.എം...ഒരു വിയോജനക്കുറിപ്പ്...

ഇതൊരു അഭിപ്രായം മാത്രമാണ്.....
ഗതികേട് കൊണ്ട് മാത്രം ....മഴയും,മഞ്ഞും പച്ചപ്പും ,ഹരിനാമജപവും,പള്ളിമണികളും നിറഞ്ഞ സ്വര്‍ഗം പോലുള്ള ഒരു നാടുവിട്ടു ജീവിക്കേണ്ടിവരുന്ന.....
ഓരോ ശ്വാസത്തിലും നാടും,നാടിന്‍റെ നന്‍മകളും നിറച്ചു ,കുറെ ഓര്‍മകളെ മാത്രം നെഞ്ചോടു ചേര്‍ത്ത് ജീവിക്കുന്ന .....
ലക്ഷക്കണക്കിന് മലയാളികളില്‍ ഒരാളുടെ വിയോജനക്കുറിപ്പ് ......
ഇതിനോട് നിങ്ങള്‍ യോജിക്കാം ...യോജിക്കാതിരിക്കാം....

പറഞ്ഞു വരുന്നത് ,പ്രവാസികളുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിക്കഴിഞ്ഞ എഫ്.എം റേഡിയോയെ പറ്റിയാണ്...
ഇന്നും കമ്പ്യൂട്ടറും ,ബ്ലോഗും,പത്രങ്ങളും,ഇ-ജീവിതവും ഒന്നും അറിയാത്ത ,
വിയര്‍പ്പൊഴുക്കി അദ്വാനിക്കാനും ,പരിമിതം എന്നുപോലും പറയാന്‍ പറ്റാത്ത ജീവിത സാഹചര്യങ്ങളില്‍ ജീവിച്ചു ,കിട്ടുന്ന തുച്ചമായ പ്രതിഫലത്തിന്റെ ഏറിയ പങ്കും നാട്ടിലേക്കയച്ചു സന്തോഷിക്കുന്ന ഒരു നല്ല വിഭാഗം പ്രവാസികളും നെഞ്ചോടു ചേര്‍ക്കുന്ന ഒരു മാധ്യമം റേഡിയോ മാത്രമാണ് ...
ആഷ്-പുഷ്  ഇംഗ്ലീഷില്‍ ,ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന ,മനപൂര്‍വം മലയാളം മറക്കുന്ന ഒരു വിഭാഗത്തെ പറ്റിയല്ല ഞാന്‍ പറയുന്നത്...
തിരക്കിട്ട ജോലിക്കിടെ കിട്ടുന്ന അല്‍പ്പം ഒഴിവു സമയം നാടിനെ പറ്റി അറിയാന്‍ ,നാടിന്‍റെ സ്പന്ദനം അറിയാന്‍ ,ഓര്‍മകളിലെ ആ പൂക്കാലത്ത്തിലേക്ക് തിരികെ പോവാന്‍ എഫ്.എം.റേഡിയോയെ ആശ്രയിക്കുന്നവ‍രെപറ്റി....
ഇപ്പോ മലയാളം കേള്‍ക്കുന്നത് വളരെ അപൂര്‍വമാണ് നമ്മുടെ ദുബായ് എഫ്.എം ലെ മലയാളം ചാനലുകളില്‍ ......
അവതാരകരെല്ലാം ഇവിടെ പേരെടുത്തവരാണ് ....
എന്നാലും അവര്‍ പ്രവാസി മലയാളികള്‍ക്ക് എല്ലാ ദിവസവും "ബ്രേക്ക് ഫാസ്റ്റ്‌ ക്ലബ്‌ "ഒരുക്കുന്നവരാണ് "...
‍ഓരോ വാചകങ്ങള്‍ക്കും ഇടക്ക് ഒരു മലയാളം വാക്കുപറയാന്‍ അവര്‍ പ്രത്യേകം
ശ്രദ്ധ വയ്ക്കുന്നുണ്ട്‌....
അത്രയെങ്കിലും ദയ കാനിക്കുനുണ്ടല്ലോ ഈ പാവങ്ങളോട്...
ഇതു കേള്‍ക്കുന്നവര്‍ എല്ലാം മലയാളികള്‍ ആണെന്ന് മറന്നു പോവുന്നതാണോ അതോ മനപൂര്‍വം മറക്കുന്നതോ?
മലയാളം "മരന്നുപോയി" അല്ലെങ്കില്‍ "അരിയില്ല" എന്ന് പറയാന്‍ ഇഷ്ടപ്പെടുന്ന ഒരുവിഭാഗം ഉണ്ട് .എവിടെയും ...
ആകൂട്ടത്തില്‍ നമ്മുടെ റേഡിയോയും പെടുന്നത് കഷ്ടമാണ്.........
ഈ എതിര്‍പ്പ് ഒരുപക്ഷെ എന്റേത് മാത്രമാവാം....
എന്നാലും...
പറയാതെ വയ്യ.....
ഇതു കഷ്ടമാണ്....
അറിയില്ലെങ്കില്‍ അറിയാവുന്ന ആരെയെങ്കിലും ഈ പണി ഏല്‍പ്പിക്കുക ....
അത്ര തന്നെ ....
മലയാളം അമ്മയാണ് .....
പോറ്റമ്മയല്ല  ......."പെറ്റമ്മ "...
അത് മറക്കരുത്......

Saturday, April 24, 2010

തരൂരിന്..ഒരു തുറന്ന കത്ത് ...

പ്രിയപ്പെട്ട തരൂര്‍....
സുഖമാണോ എന്ന് ചോദിക്കുന്നില്ല....കൈ കുറച്ചു പൊള്ളി എന്ന് അറിഞ്ഞു(അതോ,മുഖമോ )
സാരമില്ല.ആദ്യമല്ലേ..കേരള രാഷ്ട്രീയം ഇതൊക്കെയാണ്... അമ്മ മീന്‍ വറുക്കുന്നപോലെ..
കൊതിച്ചിട്ടു കൈഇട്ടാല്‍ പൊള്ളും.ട്രിക്ക് അറിയാവുന്നവന്‍ അഴിമതിയുടെ കൈക്കോരി കൊണ്ട് കോരും.അങ്ങയെപ്പോലെ എത്രയോ ശുദ്ധാത്മാക്കള്‍ക്ക് പൊള്ളിയിരിക്കുന്നു....ഇതു കേരളമാണ്....മമ്മൂട്ടി പറയുംപോലെ,നാറുന്ന രാഷ്ട്രീയ കളികളുടെ കേരളം,.ആര്  ഭരിച്ചാലും ,ഭരിക്കുന്നവന്റെ വീട്ടുകാര്‍ക്കും ബന്ധുക്കാര്‍ക്കും കൊള്ളാം.ഇവിടെ ഒന്നും നടക്കില്ല .
കമ്പ്യൂട്ടര്‍ വന്നപ്പോള്‍ അയ്യോ എന്ത് കോലാഹലം ആയിരുന്നു?????????വിവരം ഉള്ളവര്‍ കുറച്ചു  ഉണ്ടായിരുന്ന കൊണ്ട് ഒന്നും നടന്നില്ല അല്ലെങ്കില്‍ നടക്കാതിരുന്നില്ല(കമ്പ്യൂട്ടര്‍ ഇല്ലാത്ത ഒരു ലോക്കല്‍ ഏരിയ കമ്മിറ്റി ഓഫീസ് പോലും ഇപ്പോ ഉണ്ടാവില്ലെന്ന് സാക്ഷി..സാക്ഷിക്കെന്താ കൊമ്പുണ്ടോ????...)പിന്നെ വന്നു എക്സ്പ്രസ്സ്‌ ഹൈ വേ ..പിറകെ വന്നു പ്രശസ്തനായ (അടുത്തിടെ 'കു'പ്രശസ്തനായ)ഒരു 'സാംസ്കാരിക (???????സത്യമായും????)നായകന്‍റെ ' വിവരക്കേട് "അത് കേരളത്തെ രണ്ടായി കീറി മുറിക്കും..പിന്നെ അയല്‍ക്കാര്‍ തമ്മില്‍ അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കേണ്ടി വരും""ഈശ്വരാ ഈ എക്സ്പ്രസ്സ്‌ ഹൈവേ ഉള്ള മറ്റു സംസ്ഥാനങ്ങളിലെ പാവം ആള്‍ക്കാരുടെ കാര്യം...എങ്ങനെ സംസാരിക്കുന്നോ ആവോ??
അതും നമ്മള്‍ നശിപ്പിച്ചു കൈയില്‍ കൊടുത്തു.അങ്ങനെ ഒരു പണിയും ഇല്ലാതെ കുട്ടിസഖാക്കള്‍ വിഷമിചിരുന്നപ്പോള്‍ അതാ വരുന്നു 'സ്മാര്‍ട്ട്സിററി'.ആകെ ബോറടിച്ചിരുന്നപ്പോഴാ അമ്മൂമ്മ ചത്തത്.പിന്നെ ആളായി വീഡിയോ ആയി തിരക്കായി എന്ന് പറഞ്ഞപോലെ ..ആകെ  ഒരു ബഹളം....അമ്മൂമ്മയെ ഇപ്പോഴും അടക്കിയിട്ടില്ല...പിന്നെ പാര്‍ട്ടിക്ക് സ്വന്തമായി ഒരു ചാനല്‍ ഉള്ള കൊണ്ട് കുട്ടിസഖാക്കന്മാര്‍ക്ക്  ഇടക്കിടെ ആവശ്യം ഉള്ളതിനും ഇല്ലാത്തതിനും പ്രസ്താവന നടത്തി രസിക്കാം ....പക്ഷെ ഈ ചാനല്‍ എന്ന് പറയുന്ന ഏര്‍പ്പാട് പരിഷ്കൃത സമൂഹത്തിലെ കുത്തക മുതലാളിമാരുടെ  ,ഫ്യുടല്‍ വ്യവസ്ഥിതിയുടെ തേങ്ങാക്കൊല അല്ലേ എന്നാണ്  മഴപ്പക്ഷിയുടെ  സംശയം.അതുപോട്ടെ..തരൂര്‍ സാര്‍...ഇതൊന്നും  നമ്മള്‍ക്ക് പറഞ്ഞിട്ടില്ല പിന്നല്ലേ ക്രിക്കറ്റ്‌..അങ്ങ്  കേരളത്തിന്‌  ഒരു ടീമിനെ കൊണ്ടുവന്നാല്‍,അതെങ്ങാനും ജയിച്ചു പേരെടുത്തുപോയാല്‍ ..പിന്നെ എന്നാളും അത് തരൂരിന്റെയും അതുവഴി കോണ്‍ഗ്രസിന്റെയും വിജയമായി വ്യാഖ്യാനിക്കപ്പെടില്ലേ?സാരമില്ല..ഞങ്ങള്‍ ഇവിടെ ജനിച്ചു എന്നത് ഒരു കുറ്റം അല്ല...
ഞങ്ങള്‍ ഈ കാലഘട്ടത്തില്‍ ജനിച്ചു പോയി എന്നതാണ് കുറ്റം...അനുഭവിക്കുക തന്നെ ...
എന്തായാലും..അങ്ങേക്ക്  നന്ദി കുറെ അഴിമതികള്‍ എങ്കിലും പുറത്തു വന്നല്ലോ....ഇതുപോലെ എന്തെങ്കിലും നാട്ടിലും ചെയ്യണം ..എന്നാലേ എല്ലാം ഒന്ന് ശുദ്ധികലശം നടത്തി വെളുപ്പിചെടുക്കാന്‍ ആവൂ .........

'

Thursday, April 22, 2010

ആരോ....ആര്‍ക്കോവേണ്ടി...

എന്റെ സൗഹൃദങ്ങള്‍ നീലക്കുരിഞ്ഞിപൂക്കള്‍ പോലെയാണ്....
ആത്മാര്‍ഥമായ ഓരോ സമാഗമങ്ങള്‍ക്കും ഇടയ്ക്ക് ,
ഒരു വ്യാഴവട്ടത്തോളം സമയം സൂക്ഷിക്കുന്നു.
'കാറ്റിന്റെ' തോളിലേറി ,ഒരു ഇലക്കീറുപങ്കിട്ട്.......,
പൊടുന്നനവേ വിരിഞ്ഞുല്ലസിച്ചു ,പ്രഭ പരത്തി,സുഗന്ധം പരത്തി,
ചുവപ്പ് മങ്ങിയ സൂര്യനൊപ്പം ,
ഇതളടര്‍ന്നില്ലാതെയാവുന്നു....
ഒടുവില്‍ കാറ്റ് മാത്രം ശേഷിക്കുന്നു...
ഇനി ഒരു വ്യാഴവട്ടത്തേക്കെങ്കിലും ...

Wednesday, April 21, 2010

എന്റെ പ്രിയപ്പെട്ട എല്ലാ കൂട്ടുകാര്‍ക്കും......
എന്റെ ചെറിയ ലോകത്തിലേക്ക്‌ സ്വാഗതം...
ഇതു "ബൂലോഗ"(ബ്ലോഗ്‌ ലോകം)ത്തിലേക്കുള്ള എന്റെ ഒരു ചെറിയ കാല്‍ വയ്പ്പാണ്....
ഇവിടെ എന്നിലെ എന്നെ നിങ്ങള്ക്ക് കാണാം.....
അടുത്തറിയാം....
എന്റെ കണ്ണീരും സ്വപ്നങ്ങളും നിങ്ങളുമായും പങ്കുവയ്ക്കാം.....
കാത്തിരിക്കുക...
ഈ മഴപ്പക്ഷിയുടെ ചെറിയ കുത്തികുറിക്കലുകള്‍ക്കായി...
നിങ്ങളുടെ വിമര്‍ശനങ്ങളും പ്രോത്സാഹനങ്ങളും പോസ്റ്റ്‌ ചെയ്യുക....
തനിച്ചല്ല കൂടെയുണ്ടിരുളും വെളിച്ചവും
തണുപ്പിന്‍ തലോടലും,താന്തമാം വേനലും.
തകര്‍ക്കുന്ന വര്‍ഷവും...
തനിച്ചല്ല കൂടെയുണ്ടുഷസും ഉന്മാദവും
തളര്‍ത്തുന്ന യാത്രയും,തമസ്സിന്റെ യാത്രയും,
കരിഞ്ഞ കണ്പീലിയും,ഞെരിഞ്ഞ കാല്‍ വെള്ളയും,
ചരിച്ചു മോന്തീടുവാന്‍ നിറച്ച വിഷപാത്രവും...
തനിച്ചല്ല കൂടെയുണ്ടോടുക്കാതെ രാക്കിളി
ക്കിളികൂടുമോര്മയില്‍ പനിക്കുന്ന തൂവലും...
തൂവലില് ചാരുന്ന ‍ചോരയും,,ചോരതന്‍ നീറ്റവും
നേരിന്റെ വാക്കുകള്‍ നീരിപ്പിടിക്കുന്ന
തീയില്‍ തിണര്‍ക്കുന്ന കവിതയും കലഹവും....
(സമ്പാദനം:"തനിച്ചല്ല",ഗിരീഷ്‌ പുത്തന്‍ചേരി)

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി