ഇതിലേ വന്നു പോയവര്‍

Sunday, May 6, 2012

ചിതല്‍ പ്രണയങ്ങള്‍......

എന്റെ സ്വപ്നങ്ങളുടെ എഴുതിപ്പഴകിയ താളുകളില്‍ ഒന്നില്‍ നിന്റെ പേര് ഞാന്‍ കണ്ടു....
എന്നിട്ടും ഞാന്‍ അറിഞ്ഞില്ല അത് വരാന്‍ പോകുന്ന - പാഠഭേദങ്ങളുടെ നിറപ്പകര്ച്ചയ്ക്ക് കാരണം ആവുമെന്ന്.....

ഒരു മഴ പെയ്തു തോര്‍ന്ന പോലെ എന്നില്‍ നിറഞ്ഞു പെയ്തു നീ അകന്നു മാറിയപ്പോഴും ഞാന്‍ ഓര്‍ത്തില്ല,

നിന്റെ കണ്ണുകള്‍ നിറയാതിരിക്കാന്‍ ഞാന്‍ ഏറ്റു വാങ്ങിയ കണ്ണുനീര്‍ത്തുള്ളികളെ ഒന്നാകെ ഒരു ജീവിത കാലത്തേയ്ക്ക് നീ എനിക്ക് സമ്മാനിക്കുമെന്നു..

അന്തിസൂര്യന്‍റെ ചുവപ്പിനു മഴയുടെ കരിമ്പടക്കെട്ടു വീണ ഒരു വൈകുന്നേരം, നീ എനിക്ക് നല്‍കിയ നിന്‍റെ പ്രാരാബ്ധങ്ങളുടെ കെട്ടുകള്‍ക്ക് പകരം ഞാന്‍ തന്നത് എന്റെ ജീവിതം തന്നെ ആയിരുന്നില്ലേ?

നിന്‍റ കാലദോഷങ്ങളുടെ ദിനരാത്രങ്ങളെ എന്‍റെ അദ്ധ്വാനത്തിന്റെ വിയര്‍പ്പുകൊണ്ട് ഞാന്‍ കഴുകി മാറ്റിയില്ലേ?

കാറ്റ് തലതല്ലിക്കീറുന്ന വാകമരങ്ങള്‍ക്ക് താഴെ നീ എന്‍റെ നെഞ്ചോടു ചേര്‍ന്നിരുന്നപ്പോള്‍ ഞാന്‍ അഹങ്കരിച്ചു....
അപ്പോഴും ഞാന്‍ അറിഞ്ഞിരുന്നില്ല ,ഒരിക്കല്‍ കാറ്റും വാകമരത്തെ പ്രണയിച്ചിരുന്നെന്ന്.എരിഞ്ഞു തീരുന്ന സൂര്യനെ സാക്ഷിയാക്കി, പാതി കൂമ്പിയ താമരയിതളുകളുടെ സുഗന്ധത്തില്‍ നീ എന്നെ ലയിപ്പിച്ചപ്പോള്‍ ഞാന്‍ ലോകത്തോട് ചിരിച്ചു....
അപ്പോഴും ഒന്ന് ഞാന്‍ അറിഞ്ഞില്ല....
സഫലമാകാത്ത ഒരു പ്രണയത്തിന്‍റെ ബാക്കി പത്രവുമായി ആണ്
സൂര്യന്‍ ഇന്നും താമരയെത്തേടി ഭൂമിയെ ചുറ്റുന്നത് എന്ന്.....നീ നടന്നകന്ന വഴിത്താരകളില്‍ കൂടി ഒരിക്കല്‍ തിരികെ വന്നാല്‍
ഈ വഴിയരികിലെ ചുവന്ന പൂക്കള്‍ നിന്നെ നോക്കി ചിരിക്കും...
എന്‍റെ ഹൃദയ രക്തം വീണു ചുവന്നതാണ് അവ....

നാം മഴ നനഞ്ഞ തീരങ്ങളില്‍ ,നീ ഒരിക്കല്‍ കൂടി മഴ നനയാന്‍ വന്നാല്‍ , മഴത്തുള്ളികള്‍ നിനെ നോക്കി ചിരിക്കും ....
ഞാന്‍ നെഞ്ചില്‍ ഏറ്റു വാങ്ങിയ നിന്‍റെ കണ്ണുനീര്‍ത്തുള്ളികളാണ് അവ.......

ഇവിടെ
മണല്‍ക്കൂനകള്‍ക്കിടയില്‍ കളഞ്ഞു പോയ എന്‍റെ ജീവിതം ഇനി തിരയാന്‍ ഞാനില്ല....

എഴുതി തീരാതെ ഇനിയും താളുകള്‍ ബാക്കിയാവുമ്പോള്‍,
എഴുതി എഴുതി എന്‍റെ നെഞ്ചിലെ മഷിക്കുപ്പിയിലെ
ചോര വാര്‍ന്നു തീര്‍ന്നിരിക്കുന്നു.......

പാതിഅടഞ്ഞുതുടങ്ങിയ കണ്ണുകള്‍ ,എന്നെ യാത്രയ്ക്കൊരുക്കുമ്പോള്‍  
ഒരു വാചകം എഴുതാനുള്ള മഷി ഞാന്‍ ബാക്കി വയ്ക്കുന്നു....


"ഞാന്‍ സത്യമായും നിന്നെ സ്നേഹിച്ചിരുന്നു "....

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി