ഇതിലേ വന്നു പോയവര്‍

Thursday, December 10, 2015

മഞ്ഞും,കുന്തിരിക്കപ്പുകയും പിന്നെ ഇറ്റു കണ്ണീരും."ഇച്ചായാ സ്വപ്നം കാണുവാന്നോ?,ഇതെന്നാ തനിച്ച്?,കൂട്ടുകാരൊക്കെ അപ്പുറത്ത് തകര്‍ക്കുന്നുണ്ടല്ലോ?".
 ക്രിസ്മസ് കുര്‍ബാന കൂടിയവര്‍ക്കുവേണ്ടി,പള്ളിയങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന ലഘുഭക്ഷണത്തില്‍ നിന്നും,കയ്യില്‍ ഒതുക്കിപ്പിടിച്ച രണ്ടുഗ്ലാസ് കാപ്പിയും, കേക്കുമായി ചോദ്യത്തിനു പിന്നാലെ അവളുമെത്തി. തിരുപ്പിറവിയുടെ കുര്‍ബാന കഴിഞ്ഞതേയുള്ളൂ. നേരം വെളുത്തിട്ടില്ല.ഡിസംബറിന്‍റെ മഞ്ഞ്, ജനലഴികളിലും, കൂട്ടമായി തളര്‍ന്നുറങ്ങുന്ന വാഹനങ്ങളിലുമൊക്കെ ഒട്ടും മറയില്ലാതെ കുസൃതി കാട്ടിയിരിക്കുന്നു. പള്ളിയകം കുന്തിരിക്കപ്പുകയാല്‍ ഒരു സ്വര്‍ഗീയതയില്‍ ലയിച്ചു നില്‍ക്കുന്നു. തണുപ്പിന്‍റെ മറയെ തുളച്ച്, മൊത്തിക്കുടിയ്ക്കുന്ന ചൂട് കാപ്പിയുടെ ശബ്ദത്തിനപ്പുറം പറയാന്‍ ഒന്നുമില്ലാതെ അവര്‍ നിന്നു.വെള്ളച്ചുരീദാറും,തലയിലൂടെ ചുറ്റിയിട്ടിരിക്കുന്ന വെള്ള സ്കാര്‍ഫും,സ്വതവേ ഉള്ള കവിള്‍ചുവപ്പുമൊക്കെചേര്‍ന്ന് അവള്‍ക്കൊരു മാലാഖയുടെ പരിവേഷം കൊടുക്കുന്നുണ്ടായിരുന്നു. പാരിഷ്ഹാളിന്‍റെ വശത്തെ ക്രിസ്മസ് വിളക്ക്, ഇടവിട്ട്‌ ചുവപ്പും മഞ്ഞയും പൂക്കളെ അവളുടെ മുടിയിഴകളിലും , തോളിലും പൊഴിച്ചിട്ടു.ആള്‍ക്കാരൊക്കെയും പരസ്പരം ആശംസകളും,കുശലങ്ങളും കൈമാറുന്ന തിരക്കിലാണ്. 
"ഇന്ന് തിരികെ പോവാണല്ലേ?"
പാതിയടഞ്ഞ ശബ്ദത്തില്‍ "അതെ" എന്ന് അവന്‍പറഞ്ഞപ്പോള്‍, നെഞ്ചിന്‍റെ പിടച്ചില്‍ അവളുടെ കണ്ണുകളില്‍ തിളങ്ങി. പറയാനാവാതെ പോകുന്ന എന്തോ ഒന്ന് രണ്ടു മനസ്സുകളിലും വിങ്ങി. ഇടയ്ക്ക് ആരൊക്കെയോ ആശംസപറയാന്‍ എത്തുമ്പോഴൊക്കെയും മുറിയുന്ന നോട്ടത്തെ, കൂട്ടിമുട്ടിക്കാന്‍ അവര്‍ വല്ലാതെ പാടുപെട്ടു. വിശുദ്ധവും, നിശബ്ദവുമായിരുന്ന ഒരു പ്രണയത്തിന്‍റെ പഴയ താളുകളുടെ ഗന്ധം... പള്ളിയകത്തും,അള്‍ത്താരയിലും പൂത്ത ഒരു മിണ്ടാപ്രാണി പ്രണയം .... പ്രാരാബ്ദങ്ങളുടെ ചിരകേറി,കനകം വിളയുന്ന നാടുനോക്കി പറന്നപ്പോ, മനസ്സില്ലാഞ്ഞിട്ടും ഉപേക്ഷിച്ചു പോന്ന സ്വന്തമെന്നു വിളിക്കാവുന്ന അപൂര്‍വ്വം ചിലതില്‍ ഒന്ന്. അവസാനം കാണുമ്പോള്‍ യാത്ര പറഞ്ഞതും ഇതുപോലൊരു ക്രിസ്മസ് കുര്‍ബാനയുടെ ശേഷമായിരുന്നു.ഇതേ സ്ഥലം. വര്‍ഷങ്ങള്‍ക്കു ശേഷം ആരോ പറഞ്ഞു വച്ചപോലെ ,ആകസ്മികമായൊരു സമാഗമം. മറന്നിട്ട കനലിനെ വീണ്ടും നീറ്റിയെടുക്കല്‍. 
"പറയാനൊന്നും ഇല്ലേ? അവളുടെ ചോദ്യം.
"ഹേയ്...എന്ത് പറയാന്‍ ...ഒന്നൂല്ലെടോ" .
:പറയാനുള്ളതൊക്കെ തുറന്നു പറയാന്‍,ഇച്ചയന് ധൈര്യം ഉണ്ടാരുന്നേല്‍ ഇന്നിങ്ങിനെ പരസ്പരമറിയാത്തവരെപോലെ നില്‍ക്കാന്‍ ഇടയാവുമായിരുന്നില്ലല്ലോ,അല്ലേ"? അവളുടെ ,മുന വച്ച ചോദ്യം നെഞ്ചു തുളച്ചിറങ്ങി.
പറയാന്‍ ഒരുപാടുണ്ടായിരുന്നു.
"മാറ്റിവയ്ക്കാന്‍, എനിക്ക് സ്വന്തമായി നീ മാത്രമേ ഉള്ളായിരുന്നു പെണ്ണേ അന്ന് " എന്ന് ഞാന്‍ പറഞ്ഞില്ല.
ഒന്നും മിണ്ടാതെ നനഞ്ഞ കണ്ണുകളുടെ ആഴങ്ങളിലേക്ക് വെറുതേ നോക്കി നിന്നു.
ഒക്കെയും കഴിഞ്ഞപ്പോഴും, ആര്‍ക്കൊക്കെവേണ്ടി അന്ന്നിന്നെ മാറ്റിവച്ചുവോ, അവരൊന്നും ഇല്ലാതെ,അതെ ഞാന്‍ മാത്രമാണ് ഇന്നും ബാക്കി എന്നും പറഞ്ഞില്ല.
"ദേ അമ്മ വിളിക്കുന്നു....ഞാന്‍ പോവാട്ടോ" എന്നൊരു നോവുകലര്‍ന്ന ചെറുമഴ പെയ്യിച്ച് പള്ളിയുടെ ഗേറ്റ് കടന്നു അവള്‍ മറയുവോളം നോക്കിനിന്നു.
നെഞ്ചിന്‍റെയുള്ളിലെ നക്ഷത്രവിളക്കുകളില്‍ നിന്നും രക്തവര്‍ണ്ണമുള്ള പൂക്കള്‍ തെറിച്ചു വീഴുന്നുണ്ടായിരുന്നു.
കണ്ണിന്‍റെ കാഴ്ചമൂടുവോളം ,മഞ്ഞും,കുന്തിരിക്കപ്പുകയും, പിന്നിറ്റു കണ്ണീരും.......

2 comments:

  1. വായിച്ചു
    ആശംസകൾ

    ReplyDelete
  2. കഥ നന്നായിട്ടുണ്ടു്.

    ReplyDelete

മലയാളത്തില്‍ ഇവിടെ അഭിപ്രായം എഴുതാം

Type in Malayalam (Press Ctrl+g to toggle between English and Malayalam)

Translate

ആദ്യാക്ഷരി